സാമ്പത്തിക തട്ടിപ്പ്; മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയ്ക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഡർബൻ: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകൾ ആശിഷ് ലത രാംഗോബിന് കോടതി തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ കോടതിയുടേതാണ് വിധി. ഏഴു വർഷമാണ് തടവ് ശിക്ഷ.

വ്യവസായിയായ എസ്.ആർ. മഹാരാജ് എന്നയാളാണ് ആശിഷ് ലത രാംഗോബിനെതിരെ പരാതി നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ഇല്ലാത്ത ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകൾ ക്ലിയർ ചെയ്യുന്നതിനായി പണം തട്ടിച്ചുവെന്നാണ് ആശിഷ് ലത രാംഗോബിനെതിരെയുള്ള പരാതി. ഇയാൾക്ക് ലാഭവിഹിതത്തിന്റെ ഒരു വിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമക്കൽ അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആറ് മില്യൺ റാൻഡിന്റെ ( ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിപ്പാണ് ഇവർ നടത്തിയത്. സൗത്ത് ആഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്‌കെയറിനായി മൂന്ന് കണ്ടെയ്‌നർ ലിനൻ ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞാണ് ഇവർ ന്യൂ ആഫ്രിക്ക അലയൻസ് ഫൂട്ട് വെയർ ഡിസിട്രിബ്യൂട്ടേഴ്‌സ് ഡയറക്ടർ ആയിരുന്ന മഹാരാജിനെ സമീപിച്ചത്. തെളിവിനായി ചില വ്യാജരേഖകളും ഇവർ മഹാരാജിന് നൽകിയിരുന്നു. എന്നാൽ പിന്നീട് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മഹാരാജ് ഇവർക്കെതിരെ പരാതി നൽകിയത്.