International (Page 212)

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നു വീണു. സി-130 എന്ന വിമാനമാണ് തകർന്നു വീണത്. 85 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറൽ സിറിലിറ്റോ സൊബെജാന വ്യക്തമാക്കി.

എത്രപേരാണ് മരണപ്പെട്ടതെന്ന് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയിൽ നിന്ന് സൈനികരെ മാറ്റുന്നതിനിടെയായിരുന്നു വിമാനം തകർന്നു വീണത്.

google

വാഷിംഗ്ടൺ: ഗൂഗിൾ കമ്പനിയ്ക്കുള്ളിൽ വിള്ളൽ വീണ് തുടങ്ങിയതായി റിപ്പോർട്ട്. ജോലിക്കാർ തമ്മിൽ ഭിന്നത രൂക്ഷമാണെന്നാണ് ലഭ്യമാകുന്ന വിവരം. കമ്പനിയ്ക്കുള്ളിൽ വെച്ച് തീർക്കേണ്ട പല പ്രശ്‌നങ്ങളും ഇപ്പോൾ പുറംലോകം അറിയുകയാണ്. ശക്തമായ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കാൻ ഗൂഗിൾ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്.

ഗൂഗിളിന്റെ പല എക്‌സിക്യൂട്ടീവുമാരും സ്ഥാനം രാജിവെയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ഗൂഗിൾ നേരിടുന്ന പല പ്രശനങ്ങളുടെയും കാരണക്കാരൻ സുന്ദർ പിച്ഛെയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

മരവിച്ചു തുടങ്ങിയ ഉദ്യോഗസ്ഥമേധാവിത്വമാണ് കമ്പനിയിൽ നിലനിൽക്കുന്നത്. ഉറച്ച നിലപാടില്ലാത്തതും പൊതുജനം എന്തു കരുതുമെന്ന ഭീതിയും ഗൂഗിളിന്റെ കരുത്തോടെയുള്ള കുതിപ്പിന് തടസമാകുമെന്ന് ഗൂഗിളിൽ നിന്നും സ്ഥാനം രാജിവെച്ച എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ പറയുന്നു.

ആപത്കരമായ ഒരു പ്രതിസന്ധിയിലൂടെയാണ് ഗൂഗിൾ കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ടെക്നോളജി കമ്പനികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. അമേരിക്കയിൽ വലത്-ഇടത് രാഷ്ട്രീയ പ്രവർത്തകർ ഗൂഗിളിനോടുള്ള വിശ്വാസക്കുറവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ നല്ലനാളുകൾ അവസാനിച്ചുവെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം കമ്പനിയ്ക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടെന്നാരോപിച്ച് സുന്ദർ പിച്ഛെയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നവരും ഉണ്ട്.

covid

ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നുമാണ് പഠനത്തിൽ പറയുന്നത്. മുൻപ് കോവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്തിരുന്ന ഗന്ധം നഷ്ടമാകൽ ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ പ്രകടമല്ലാത്ത ലക്ഷണമായി മാറിയെന്നും പഠന റിപ്പോർട്ടിൽ വിശദമാക്കുന്നു. ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാൽ മുൻ കേസുകളിൽ ഇത് ഒരു പ്രധാന ലക്ഷണമായി അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നുമാണ് പഠനത്തിന് നേതൃത്വംനൽകിയ ലാറ ഹെരേറോ പറയുന്നത്. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ്. തീവ്ര വ്യാപന ശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വാഷിംഗ്ടൺ: ആണവായുധങ്ങൾ സൂക്ഷിക്കാൻ മരുഭൂമിയിൽ ചൈന ഭൂഗർഭ അറകൾ നിർമിച്ചതായി റിപ്പോർട്ട്. നൂറിലധികം ഭൂഗർഭ അറകളാണ് ചൈന മരുഭൂമിയിൽ നിർമ്മിച്ചിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഭൂഗർഭ അറകളുടെ നിർമാണം വ്യക്തമായത്. വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ആണവ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ നിർമാണം വലിയ അപകടത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. ഗൻസു പ്രവിശ്യയിൽ 119 ഭൂഗർഭ അറകളാണ് നിർമിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കാനാണ് ഇവ നിർമ്മിക്കുന്നതെന്നാണ് വിവരം. 700 ചതുരശ്ര കിലോമീറ്ററിലായാണ് നിർമാണം നടക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കയുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ചൈന ആണവ ശക്തി വർധിപ്പിക്കുന്നത്. അമേരിക്കയുടെ മിസൈൽ ആക്രമണത്തെ തകർക്കാൻ ഇതിലൂടെ കഴിയും. 350 ആണവ ആയുധ ശേഖരങ്ങളാണ് ചൈനയ്ക്കുള്ളത്. മിസൈൽ ലോഞ്ചിങ് സെന്റർ, കേബിൾ കിടങ്ങുകൾ, റോഡുകൾ, സൈനിക താവളങ്ങൾ എന്നിവയും ചൈന നിർമ്മിക്കുന്നുണ്ട്.

അമേരിക്കയുമായുള്ള ബന്ധത്തിന് വിള്ളൽ വീണതിന് പിന്നാലെ ചൈന തങ്ങളുടെ ആയുധശേഖരത്തിന്റെ കരുതൽ വർധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് നേരത്തെ യുഎസ് ആണവായുധ മേധാവി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതേസമയം ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കു മതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈന മറ്റൊരു രാജ്യത്തെയും അടിച്ചമർത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ മറ്റൊരു വിദേശ ശക്തിയെയും രാജ്യത്തേക്ക് കടന്നുകയറാൻ അനുവദിക്കുകയുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

covid

ജനീവ: കോവിഡ് വൈറസിന്റെ ഡെൽറ്റാ വകഭേദവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

നിരീക്ഷണം ശക്തമാക്കുക, പരിശോധന കർശനമാക്കുക, രോഗബാധിതരെ നേരത്തെ കണ്ടെത്തുക, ഐസൊലേഷനും ചികിത്സയും ഉറപ്പാക്കുക തുടങ്ങിയ മാർഗങ്ങൾ തുടർന്നു പോകുക എന്നതാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാർഗം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നും അദ്ദേഹം വിശദമാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പിടിയിൽ നിന്നും ഒരു രാജ്യവും മുക്തമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

98 രാജ്യങ്ങളിലാണ് ഇതുവരെ ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ഡെൽറ്റയുടെ വ്യാപനം കൂടുതൽ. അതിനാൽ വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാകാനിടയുണ്ട്. അതിവേഗമാണ് ഡെൽറ്റ കോവിഡിൻറെ മുഖ്യ വകഭേദമായി മാറിയതെന്നും അതു വീണ്ടും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ ശാലിന ഡി കുമാര്‍ അമേരിക്കയിലെ ഈസ്റ്റ് മിഷിഗണ്‍ പ്രദേശത്തെ ഫെഡറല്‍ ജഡ്ജി. ഇത് ആദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍ വംശജ മിഷിഗണിലെ ഫെഡറല്‍ ജഡ്ജിയായി നിയമിതയാകുന്നത്. ഇതിന് പുറമേ സിവില്‍ ക്രിമിനല്‍ കേസുകളും ശാലിന കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 2007 മുതല്‍ ഓക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ ചീഫ് ജഡ്ജ് ആയി പ്രവര്‍ത്തിക്കുകയായിരുന്ന ശാലിന, 2018ല്‍ മിഷിഗണ്‍ സുപ്രീം കോടതിക്കു കീഴിലുള്ള സര്‍ക്ക്യൂട്ട് കോടതിയിലെ ചീഫ് ജഡ്ജ് ആയി നിയമിതയായിരുന്നു.ഇതിനു മുമ്പ് അഡള്‍ട്ട് ട്രീറ്റ്‌മെന്റ് കോടതി, ഓക്ക്‌ലാന്‍ഡ് കൗണ്ടി ക്രിമിനല്‍ അസൈന്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍, ഓക്ക്‌ലാന്‍ഡ് ബാര്‍ അസേസിയേഷന്റെ സര്‍ക്ക്യൂട്ട് കോടതി അംഗം, മിഷിഗണ്‍ സ്റ്റേറ്റ് കോടതി അംഗം എന്നീ നിലയിലും ശാലിന പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണതരംഗം. 486 പേരാണ് ബ്രിട്ടീഷ് കൊളംബിയയിൽ ഇതുവരെ ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചത്. എല്ലാവർഷവും ഇവിടെ ആറു ദിവസങ്ങളിൽ താപനില ഉയരാറുണ്ട്. സാധാരണ 165 മരണങ്ങൾ വരെയാണ് എല്ലാവർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇത്തവണ മരണസംഖ്യയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് ജനങ്ങൾ മരണപ്പെടുന്നത്. ലിറ്റണിൽ ചൊവ്വാഴ്ച്ച 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. മേഖലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. കാനഡയിൽ താപനില ഇതുവരെ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയിട്ടില്ല. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ ഉയരങ്ങളിലേക്കെത്തുകയായിരുന്നു. കടുത്ത ചൂടിനെ തുടർന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു. ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സാധാരണ വർഷം മുഴുവൻ തണുത്ത കാലാവസ്ഥ നിലനിൽക്കുന്ന മേഖലയാണ് കാനഡ. അതിനാൽ തന്നെ ഇവിടെ താപനില പെട്ടെന്ന് ഉയരുന്നത് മൂലം പലരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ചൂടിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്‌ക്രീം പാർലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും വലിയ ചൂട് അനുഭവപ്പെടുന്നുണ്ട്. യുഎസിലെ ഒറിഗോൺ സംസ്ഥാനത്തെ പോർട്ലാൻഡിൽ 46.1 ഡിഗ്രി സെൽഷസും വാഷിംഗ്ടണിലെ സീറ്റിൽ 42.2 ഡിഗ്രി സെൽഷസുമാണു തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ താപനില. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയാണ് മേഖലയിൽ അനുഭവപ്പെടുന്നത്. വാഷിംഗ്ടൺ, ഓറിഗോൺ സംസ്ഥാനങ്ങളിൽ ചൂടുമൂലം റോഡകൾ വരണ്ടു പൊട്ടുന്ന കാഴ്ച്ചയും ഉണ്ട്. റോഡുകൾ തകരുന്നതിനാൽ ജനങ്ങൾ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ലിങ്ക്ഡ് ഇന്നില്‍ വന്‍തോതില്‍ വിവരചോര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ എഴുപത് കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും , ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നുമാണ് വിവരം. ഒരു ഹാക്കര്‍ ഫോറത്തില്‍ പരസ്യം വന്നതോടെയാണ് വന്‍ സുരക്ഷാവീഴ്ച സംശയിക്കുന്ന സംഭവം പുറത്ത് വന്നത്.

പരസ്യത്തിനോടൊപ്പം സാമ്പിളായി പത്ത് ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ നല്കിയിട്ടുണ്ടെന്നാണ് റീസ്റ്റോര്‍ പ്രൈവസിയുടെ റിപ്പോര്‍ട്ട് പറയുന്നത്. 2020-21 കാലഘട്ടത്തിലെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍, ഫോണ്‍നമ്പറുകള്‍ മേല്‍വിലാസം, ജിയോ ലൊക്കേഷനുകള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ഒന്നുമില്ലെന്നും ഇത് വിവിധ സൈറ്റുകളില്‍ പബ്ലിക്കായി ലഭിക്കുന്ന സ്‌ക്രാപ്പിംഗ് ഡാറ്റ മാത്രമാണെന്നുമാണ് ലിങ്ക്ഡ് ഇന്നില്‍ നിന്നുള്ള പ്രതികരണം.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെക്കിൽ നിന്ന് രണ്ട് കോടി ഡോസ് കൊവാക്‌സിൻ വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ. എതിർപ്പുയർന്നതോടെ കരാർ നടപടികൾ നിർത്തിവെയ്ക്കാനാണ് ബ്രീസിൽ സർക്കാരിന്റെ തീരുമാനം. 32.4 കോടി ഡോളറിന്റെ ഇടപാടിൽ ക്രമക്കേടുണ്ടെന്നാണ് പ്രസിഡൻറ് ജയിർ ബോൾസൊനാരോയ്‌ക്കെതിരെ ഉയർന്ന ആരോപണം. വാക്‌സിൻ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ വാഗ്‌നർ റൊസാരിയോ അറിയിച്ചു.

2 കോടി ഡോസ് കൊവാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഭാരത് ബയോടെക്കും ബ്രസീലിലെ ഫെഡറൽ സർക്കാരും ഒപ്പുവെച്ചത് ഫെബ്രുവരി മാസത്തിലാണ്. ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ നീഡ് മെഡിസിൻസ് ആയിരുന്നു കരാറിലെ ഇടനിലക്കാർ. എന്നാൽ കരാർ പ്രകാരമുള്ള വാക്‌സിൻ ഇതുവരെ ബ്രസീലിൽ എത്തിയിട്ടില്ല. വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസി അറിയിച്ചരിക്കുന്നത്. തുടർന്നാണ് കരാറിന്റെ അഴിമതി ആരോപണം ഉയർന്നത്.

വാക്‌സിൻ ഇറക്കുമതിയുടെ മറവിൽ അഴിമതി നടന്നെന്നും പ്രസിഡന്റ് ജയിർ ബോൾസൊനോരോ കൂട്ടുനിന്നെന്നും ആരോപിച്ച് മൂന്ന് സെനറ്റർമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇസ്രായേൽ: പ്രതിരോധ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ഇസ്രായേൽ. നഗ്‌നനേത്രങ്ങൾക്കും തെർമൽ ഇമേജിങ് സാങ്കേതികവിദ്യയ്ക്കും തിരിച്ചറിയാനാകാത്ത വിധം സൈനികരെ മറയ്ക്കുന്ന കാമഫ്ളാജ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രായേലി പ്രതിരോധ വകുപ്പ്. ഇസ്രായേലിലെ പൊളാരിസ് എന്ന ടെക് കമ്പനിയുടെ സഹകരണത്തോടെയാണ് പ്രതിരോധ വകുപ്പ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കിറ്റ് 300 എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ആധുനിക സൈന്യങ്ങളെല്ലാം യുദ്ധ സമയങ്ങളിൽ കാമഫ്ളാജ് യൂണിഫോമുകൾ അണിയാറുണ്ട്. പശ്ചാത്തലവുമായി ഇഴുകിച്ചേരുന്ന രീതിയിൽ സ്വയം മറയ്ക്കപ്പെടാനാണ് ഇത് അണിയുന്നത്. തെർമൽ ഇമേജിങ് ഗോഗിളുകൾക്കു കാമഫ്ളാജ് വേഷങ്ങൾ അണിഞ്ഞ സൈനികരെ കണ്ടെത്താൻ കഴിയും. ഈ കുറവ് പരിഹരിച്ചാണ് ഇസ്രായേൽ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ കിറ്റ് 300 ധരിച്ച സൈനികർ ഏറെകുറെ അദൃശ്യരാണെന്ന് തന്നെ പറയാം. ലോഹങ്ങൾ, മൈക്രോഫൈബർ, പോളിമർ പദാർഥങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് കിറ്റ് 300 ന്റെ നിർമ്മിച്ചിരിക്കുന്നത്. ശരീരത്തിനു ചുറ്റും ഈ കിറ്റ് ആവരണം ചെയ്താൽ എതിർസൈനികർക്ക് ഒരു മരക്കുറ്റിയായോ അല്ലെങ്കിൽ പാറയായോ മാത്രമേ ഇതു ധരിക്കുന്നവരെ കാണാൻ കഴിയൂവെന്നാണ് പോളാരിസ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.

ഈ ഷീറ്റുകൾ കൂട്ടമായി കെട്ടി ടെന്റ് പോലെ സ്ഥാപിച്ച് അതിനകത്ത് സൈനികർക്ക് താമസിക്കുകയും ചെയ്യാം. യുദ്ധത്തിനിടയിൽ പരുക്കേറ്റ് വീഴുന്ന ഈ ഷീറ്റിനുള്ളിൽ പൊതിഞ്ഞു സുരക്ഷിതമായി ആരുമറിയാതെ മേഖലയിൽ നിന്നും മാറ്റാനും കഴിയും. തണുപ്പു കൂടിയ ഘട്ടങ്ങളിൽ സൈനികർക്കു സംരക്ഷണത്തിനായും ഈ ഷീറ്റ് പ്രയോജനപ്പെടുത്താം. കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ സേനകൾക്ക് കിറ്റ് 300 നൽകാനാണ് അധികൃതർ പദ്ധതിയിടുന്നത്.