അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ഡബ്ല്യൂ എച്ച് ഒ

covid

ജനീവ: കോവിഡ് വൈറസിന്റെ ഡെൽറ്റാ വകഭേദവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

നിരീക്ഷണം ശക്തമാക്കുക, പരിശോധന കർശനമാക്കുക, രോഗബാധിതരെ നേരത്തെ കണ്ടെത്തുക, ഐസൊലേഷനും ചികിത്സയും ഉറപ്പാക്കുക തുടങ്ങിയ മാർഗങ്ങൾ തുടർന്നു പോകുക എന്നതാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാർഗം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നും അദ്ദേഹം വിശദമാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പിടിയിൽ നിന്നും ഒരു രാജ്യവും മുക്തമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

98 രാജ്യങ്ങളിലാണ് ഇതുവരെ ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ഡെൽറ്റയുടെ വ്യാപനം കൂടുതൽ. അതിനാൽ വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാകാനിടയുണ്ട്. അതിവേഗമാണ് ഡെൽറ്റ കോവിഡിൻറെ മുഖ്യ വകഭേദമായി മാറിയതെന്നും അതു വീണ്ടും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.