വാഷിംഗ്ടൺ: ആണവായുധങ്ങൾ സൂക്ഷിക്കാൻ മരുഭൂമിയിൽ ചൈന ഭൂഗർഭ അറകൾ നിർമിച്ചതായി റിപ്പോർട്ട്. നൂറിലധികം ഭൂഗർഭ അറകളാണ് ചൈന മരുഭൂമിയിൽ നിർമ്മിച്ചിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഭൂഗർഭ അറകളുടെ നിർമാണം വ്യക്തമായത്. വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ആണവ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ നിർമാണം വലിയ അപകടത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. ഗൻസു പ്രവിശ്യയിൽ 119 ഭൂഗർഭ അറകളാണ് നിർമിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കാനാണ് ഇവ നിർമ്മിക്കുന്നതെന്നാണ് വിവരം. 700 ചതുരശ്ര കിലോമീറ്ററിലായാണ് നിർമാണം നടക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
അമേരിക്കയുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ചൈന ആണവ ശക്തി വർധിപ്പിക്കുന്നത്. അമേരിക്കയുടെ മിസൈൽ ആക്രമണത്തെ തകർക്കാൻ ഇതിലൂടെ കഴിയും. 350 ആണവ ആയുധ ശേഖരങ്ങളാണ് ചൈനയ്ക്കുള്ളത്. മിസൈൽ ലോഞ്ചിങ് സെന്റർ, കേബിൾ കിടങ്ങുകൾ, റോഡുകൾ, സൈനിക താവളങ്ങൾ എന്നിവയും ചൈന നിർമ്മിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള ബന്ധത്തിന് വിള്ളൽ വീണതിന് പിന്നാലെ ചൈന തങ്ങളുടെ ആയുധശേഖരത്തിന്റെ കരുതൽ വർധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് നേരത്തെ യുഎസ് ആണവായുധ മേധാവി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതേസമയം ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കു മതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈന മറ്റൊരു രാജ്യത്തെയും അടിച്ചമർത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ മറ്റൊരു വിദേശ ശക്തിയെയും രാജ്യത്തേക്ക് കടന്നുകയറാൻ അനുവദിക്കുകയുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു.