International (Page 211)

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനായി സംഗീത വിഡിയോയുമായി എ.ആര്‍ റഹ്മാനും ഗായിക അനന്യ ബിര്‍ളയും. ഇരുവരും സംയുക്തമായി ഒരുക്കുന്ന ‘ഹിന്ദുസ്ഥാനി വേ’ മോട്ടിവേഷണല്‍ ഗാനമായാണ് പുറത്തിറങ്ങുക.മികവുറ്റ ഗായികയായ അനന്യയ്‌ക്കൊപ്പം ചേര്‍ന്ന് നമ്മുടെ ഒളിമ്പ്യന്‍മാരെ പ്രചോദിപ്പിക്കാനാണ് പാട്ട് പുറത്തിറക്കുന്നതെന്നെന്ന് എ.ആര്‍ റഹ്മാന്‍ പറയുന്നു.

നമ്മുടെ കായിക താരങ്ങള്‍ ടോക്കിയോ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുമ്പോള്‍ നമുക്ക് ആഘോഷിക്കാം, റഹ്മാന്‍ സാറിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കായി ഈ ഗാനം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം’ എന്നാണ് അനന്യയുടെ സമൂഹമാധ്യമ കുറിപ്പ്.
‘ഒരു രാജ്യം മുഴുവന്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന നമ്മുടെ കായികതാരങ്ങള്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് പാട്ടൊരുക്കിയത്. മികച്ച ഗായികയായ അനന്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം’, എ.ആര്‍.റഹ്മാന് പറഞ്ഞു.

covid

ലണ്ടൻ: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. രോഗവ്യാപനവും വൈറസിന് സംഭവിക്കുന്ന ജനിതക വകഭേദങ്ങളുമാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തിലെ വ്യാപനത്തിന് കാരണം ആൽഫാ വകഭേദമായിരുന്നു. പിന്നീട് ആൽഫാ വകഭേദത്തേക്കാൾ രോഗവ്യാപന സാധ്യത കൂടുതലുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദമായിരുന്നു. പിന്നീട് ഡെൽറ്റാ പ്ലസ് എന്ന വകഭേദം കണ്ടെത്തി. എന്നാൽ ഇവയ്‌ക്കെല്ലാം ശേഷം കോവിഡിന്റെ മറ്റൊരു ജനിതക വകഭേദം കൂടി കണ്ടെത്തിയിരിക്കുകയാണ്. ലാംബ്ഡ എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനത്തോടെ പെറുവിലാണ് ലാംബ്ഡ വകഭേദം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിലവിൽ 31 ലധികം രാജ്യങ്ങളിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ഇതുവരെ ‘ലാംബ്ഡ’ വകഭേദമുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തിൽ തന്നെ കോവിഡ് മരണനിരക്ക് കൂടിയ പെറുവിൽ 80 ശതമാനത്തിലധികം കേസുകളും നിലവിൽ ‘ലാംബ്ഡ’ വകഭേദം മൂലമുണ്ടാകുന്നതാണെന്നാണ് സൂചന. യുകെയിലും ‘ലാംബ്ഡ’ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നാണ് വിവരം.

ആദ്യതരംഗത്തിൽ ഉണ്ടായിരുന്ന ‘ആൽഫ’ വകഭേദത്തെക്കാൾ 60 ശതമാനം കൂടുതലായിരുന്നു ‘ഡെൽറ്റ’ വകഭേദത്തിന്റെ രോഗ വ്യാപനസാധ്യത. അതിനേക്കാൾ കൂടുതലായിരുന്നു ഡെൽറ്റ പ്ലസിൽ ഉണ്ടായിരുന്നത്. ഇതിലും കൂടുതലാണ് ‘ലാംബ്ഡ’യിലുള്ളതെന്നാണ് ഗവഷകർ വ്യക്തമാക്കുന്നത്. വാക്സിനെ തോൽപിച്ചുകൊണ്ട് മനുഷ്യശരീരത്തിൽ കയറിപ്പറ്റാനും, രോഗതീവ്രത വർധിപ്പാനും, മരണനിരക്ക് വർധിപ്പിക്കാനുമെല്ലാം ‘ലാംബ്ഡ’ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഒരിക്കൽ വൈറസ് ബാധിതരായവരെ വീണ്ടും രോഗബാധിതരാക്കാനും ലാംബ്ഡ വകഭേദത്തിന് ശേഷിയുണ്ടെന്നും ഗവേഷകർ പറയുന്നു.

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി പദവിയിൽ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി. നേരത്തെ ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവർത്തിച്ചയാളാണ് ആൻഡി ജാസി. ജൂലൈ 5 നാണ് ജാസി ആമസോൺ സിഇഒ ആയി സ്ഥാനമേറ്റത്.

ഏകദേശം 30 വർഷത്തോളം കമ്പനിയെ നയിച്ച ശേഷമാണ് ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. താൻ ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആൻഡി കമ്പനിക്കുള്ളിൽ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏൽപ്പിക്കുന്നതിൽ തനിക്ക് സമ്പൂർണ വിശ്വാസമാണെന്നുമായിരുന്നു ബെസോസിന്റെ പ്രതികരണം.1968 ൽ ന്യൂയോർക്ക് സ്റ്റേറ്റിലെ സ്‌കാർസ്ഡെയിലിലാണ് ആൻഡിയുടെ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൻഡി ഹാർവർഡിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കി. തുടർന്ന് ഹാർവർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടി. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്.

ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയത് ആൻഡിയാണ്. 2003 ൽ ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. എഡബ്ല്യൂഎസ് 2006 ൽ വീണ്ടും ലോഞ്ച് ചെയ്യുകയും, ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടർന്ന് പത്തു വർഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. എഡബ്ല്യൂഎസ് പ്രതിവർഷം 4000 കോടി ഡോളറാണ് വരുമാനം നേടുന്നത്.

377 ദശലക്ഷം ഡോളറാണ് 2020 നവംബറിൽ പുറത്തുവന്ന കണക്കു പ്രകാരം ആൻഡിയുടെ ആസ്തി. കായിക, സിനിമാ, സംഗീത പ്രേമിയായ ആൻഡി സിയാറ്റിൽ ക്രാക്കൻ ഹോക്കി ടീമിൽ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. ജോലിക്കാര്യത്തിൽ ആൻഡി വിട്ടുവീഴ്ച്ചയില്ലാത്തയാളും കർശക്കാരനുമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി അറുപത്തിനാല് ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, മുന്‍പത്തേ അപേക്ഷിച്ച് ഇപ്പോള്‍ വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.2020 ഡിസംബര്‍ 20 നാണ് ഇസ്രായേലില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.

ബെര്‍ലിന്‍: പോര്‍ച്ചുകല്‍, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, റഷ്യ, നേപ്പാള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി ജര്‍മനി. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. എങ്കിലും ഇന്ത്യയില്‍ നിന്നടക്കമുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഡെല്‍റ്റ വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഹൈ ഇന്‍സിഡന്‍സ് എന്ന പട്ടികയിലേക്കാണ് രാജ്യങ്ങളെ മാറ്റിയിരിക്കുന്നത്.

എന്നാല്‍, ഇവിടങ്ങളില്‍ നിന്നുള്ള യാത്രികരില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കും, കൊവിഡ് മുക്തി നേടിയവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കില്ല. ജര്‍മനിയില്‍ എത്തി പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്നും വ്യവ്യസ്ഥയുണ്ട്.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കിറ്റെക്‌സിലെ പരിശോധനയുടെ പേരിൽ ഒരുമാസം ഒരു മൃഗത്തെപ്പോലെ തന്നെ പീഡിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കിറ്റെക്‌സിൽ നടന്ന പരിശോധനയിൽ വിശദീകരണവുമായി മന്ത്രി പി. രാജീവ് രംഗത്തെത്തിയതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം.

ഇപ്പോൾ തന്നെ കുഴപ്പക്കാരനാക്കി ചിത്രീകരിക്കാനാണ് സർക്കാരിന്റെ ശ്രമം. സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാൻ വേണ്ടിയല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണിത്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരു മാസമിട്ട് പീഡിപ്പിച്ചു. തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. തന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നൽകിയതായും അദ്ദേഹം ആരോപിച്ചു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഈ സ്ഥാപനം ഇനി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചതായും മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്വാധീനം വർധിപ്പിക്കാനൊരുങ്ങി ചൈന. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണമാകുന്നതോടെ അഫ്ഗാനിസ്താനിൽ ചുവടുറപ്പിക്കാനാണ് ചൈനയുടെ നീക്കം. രാജ്യത്തെ പുനർ നിർമ്മിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ചൈന അഫ്ഗാനിസ്താനുമായി അടുക്കുന്നത്. അയൽരാജ്യങ്ങളെ ഒന്നൊന്നായി വരുതിയിലാക്കി ഇന്ത്യയ്‌ക്കെതിരെ കരനീക്കം നടത്താമെന്നാണ് ചൈനയുടെ പദ്ധതി.

സാമ്പത്തിക സഹായം നൽകിയാണ് ചൈന രാജ്യങ്ങളെ ചൊൽപ്പടിയ്ക്ക് നിർത്തുന്നത്. അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന പറഞ്ഞ് നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്നതാണ് ചൈനയുടെ രീതി. പാകിസ്ഥാനിൽ ഈ തന്ത്രം പരീക്ഷിച്ച് ചൈന വിജയിച്ചതാണ്.

ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗമായി ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിക്കാൻ നേരത്തേതന്നെ അഫ്ഗാനിസ്ഥാനുമായി ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് പുതിയ ഹൈവേകളും റെയിൽ മാർഗങ്ങളും വാതക, എണ്ണ പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകാനാണ് ചൈനയുടെ തീരുമാനം.

കാബൂളിലെയും ബെയ്ജിംഗിലെയും അധികൃതർ തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. അഫ്ഗാനിസ്ഥാന് സഹായം നൽകാൻ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ചൈന ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമേരിക്കയായിരുന്നു ഇക്കാര്യത്തിന് തടസം നിന്നിരുന്നത്. അമേരിക്കൻ സൈന്യം രാജ്യത്തു നിന്ന് പൂർണമായി പിന്മാറുന്ന ഘട്ടത്തിൽ അഫ്ഗാൻ പദ്ധതിക്ക് സമ്മതം മൂളും എന്നാണ് ചൈനയുടെ വിലയിരുത്തൽ.

വത്തിക്കാന്‍: വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ശസ്ത്രക്രിയയോട് മാര്‍പ്പാപ്പ നന്നായി പ്രതികരിച്ചുവെന്ന് വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. 10 പേരുടെ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.അതിനു ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.

വാഷിംഗ്ടൺ: ട്വിറ്ററിന് പകരമായി സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗെറ്റർ എന്ന പേരിലാണ് ട്രംപിന്റെ ടീം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. ട്രംപിന്റെ മുൻ വക്താവായിരുന്ന ജേസൺ മില്ലറാണ് ഗെറ്ററിനെ നയിക്കുന്നത്. ട്വിറ്ററിന് സമാനമായ രീതിയിൽ തന്നെയാണ് ഗെറ്ററെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജൂലൈ ഒന്നിനായിരുന്നു ഗെറ്ററിന്റെ ലോഞ്ചിംഗ്. ജൂലൈ നാലിന് പ്രാദേശിക സമയം 10 മണിയ്ക്കാണ് ഔദ്യോഗികമായി ഗെറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തമായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

പിന്നീട് ട്രംപിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഗെറ്റർ അക്കൗണ്ട് വഴി ട്രംപ് ഉടൻ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുമെന്നാണ് ട്രംപ് അനുകൂലികൾ പ്രതീക്ഷിക്കുന്നത്.

‘റദ്ദാക്കൽ സംസ്‌കാരത്തെ ചെറുക്കുക, സാമാന്യബുദ്ധിയെ പ്രോത്സാഹിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമൂഹമാധ്യമ കുത്തകകളെ വെല്ലുവിളിക്കുക, ആശയങ്ങളുടെ യഥാർഥ വിപണി സൃഷ്ടിക്കുക’ എന്നിവയാണ് ഗെറ്റർ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറയുന്നത്. അതേസമയം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തുന്നവരും ഉണ്ട്.

വാഷിംഗ്ടൺ: കുട്ടികൾ മാസ്‌ക് ധരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയെന്ന് ഗവേഷകർ. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ധരിക്കുന്നതിന് നിർബന്ധിതരായ കുട്ടികൾ പരിധിയിൽ കവിഞ്ഞ ആറിരട്ടി വിഷലിപ്തമായ കാർബൺ ഡയോക്സയ്ഡ് ശ്വസിക്കുന്നതായാണ് പഠനത്തിൽ പറയുന്നത്. ഡോ.ഹരാൾഡ് വൽച്ചിയുടെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാരാണ് പഠനം നടത്തിയിരിക്കുന്നത്.

ശ്വസിക്കുന്ന കാർബൺ ഡയോക്സയ്ഡിന്റെ പരിധി 0.2 ശതമാനമാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ കഴിയുന്ന കുട്ടികൾ മാസ്‌ക് ധരിക്കുമ്പോൾ അവർ ശ്വസിക്കുന്ന കാർബൺ ഡയോക്സയ്ഡിന്റെ അളവ് 13 ശതമാനമാണെന്ന് പഠനത്തിൽ പറയുന്നു. മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതൽ കാർബൺ ഡയോക്സയ്ഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതെന്നും പഠനം വിശദമാക്കുന്നു. ശുദ്ധവായുവായ ഓക്‌സിജനാണ് നാം ശ്വസിക്കുന്നത്. അശുദ്ധവായുവായ കാർബൺ ഡയോക്‌സൈഡിനെ നാം പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ മാസ്‌ക് ധരിക്കുന്നതോടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും അശുദ്ധവായു പുറത്തേക്ക് വിടുന്നത് മാസ്‌ക് തടയുകയും ചെയ്യുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് വഴിവെയ്ക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

പന്ത്രണ്ട് മണിക്കൂറോളം മാസ്‌ക് ധരിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിന് പോലും ഭീഷണി നേരിടുമെന്നും കോവിഡിൽ നിന്നും മോചിതരായാൽ പോലും അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കുക എന്നതു വലിയൊരു ഭീഷണിയായി നിലനിൽക്കുമെന്നും ഗവേഷകർ പറയുന്നു.