ടൊറന്റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണതരംഗം. 486 പേരാണ് ബ്രിട്ടീഷ് കൊളംബിയയിൽ ഇതുവരെ ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചത്. എല്ലാവർഷവും ഇവിടെ ആറു ദിവസങ്ങളിൽ താപനില ഉയരാറുണ്ട്. സാധാരണ 165 മരണങ്ങൾ വരെയാണ് എല്ലാവർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇത്തവണ മരണസംഖ്യയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് ജനങ്ങൾ മരണപ്പെടുന്നത്. ലിറ്റണിൽ ചൊവ്വാഴ്ച്ച 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. മേഖലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. കാനഡയിൽ താപനില ഇതുവരെ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയിട്ടില്ല. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ ഉയരങ്ങളിലേക്കെത്തുകയായിരുന്നു. കടുത്ത ചൂടിനെ തുടർന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു. ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
സാധാരണ വർഷം മുഴുവൻ തണുത്ത കാലാവസ്ഥ നിലനിൽക്കുന്ന മേഖലയാണ് കാനഡ. അതിനാൽ തന്നെ ഇവിടെ താപനില പെട്ടെന്ന് ഉയരുന്നത് മൂലം പലരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ചൂടിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്‌ക്രീം പാർലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും വലിയ ചൂട് അനുഭവപ്പെടുന്നുണ്ട്. യുഎസിലെ ഒറിഗോൺ സംസ്ഥാനത്തെ പോർട്ലാൻഡിൽ 46.1 ഡിഗ്രി സെൽഷസും വാഷിംഗ്ടണിലെ സീറ്റിൽ 42.2 ഡിഗ്രി സെൽഷസുമാണു തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ താപനില. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയാണ് മേഖലയിൽ അനുഭവപ്പെടുന്നത്. വാഷിംഗ്ടൺ, ഓറിഗോൺ സംസ്ഥാനങ്ങളിൽ ചൂടുമൂലം റോഡകൾ വരണ്ടു പൊട്ടുന്ന കാഴ്ച്ചയും ഉണ്ട്. റോഡുകൾ തകരുന്നതിനാൽ ജനങ്ങൾ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

