പ്രതിരോധ രംഗത്ത് നിർണായക നേട്ടം; അത്യാധുനിക കാമഫ്ളാജ് സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രായേലി പ്രതിരോധ വകുപ്പ്

ഇസ്രായേൽ: പ്രതിരോധ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ഇസ്രായേൽ. നഗ്‌നനേത്രങ്ങൾക്കും തെർമൽ ഇമേജിങ് സാങ്കേതികവിദ്യയ്ക്കും തിരിച്ചറിയാനാകാത്ത വിധം സൈനികരെ മറയ്ക്കുന്ന കാമഫ്ളാജ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രായേലി പ്രതിരോധ വകുപ്പ്. ഇസ്രായേലിലെ പൊളാരിസ് എന്ന ടെക് കമ്പനിയുടെ സഹകരണത്തോടെയാണ് പ്രതിരോധ വകുപ്പ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കിറ്റ് 300 എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ആധുനിക സൈന്യങ്ങളെല്ലാം യുദ്ധ സമയങ്ങളിൽ കാമഫ്ളാജ് യൂണിഫോമുകൾ അണിയാറുണ്ട്. പശ്ചാത്തലവുമായി ഇഴുകിച്ചേരുന്ന രീതിയിൽ സ്വയം മറയ്ക്കപ്പെടാനാണ് ഇത് അണിയുന്നത്. തെർമൽ ഇമേജിങ് ഗോഗിളുകൾക്കു കാമഫ്ളാജ് വേഷങ്ങൾ അണിഞ്ഞ സൈനികരെ കണ്ടെത്താൻ കഴിയും. ഈ കുറവ് പരിഹരിച്ചാണ് ഇസ്രായേൽ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ കിറ്റ് 300 ധരിച്ച സൈനികർ ഏറെകുറെ അദൃശ്യരാണെന്ന് തന്നെ പറയാം. ലോഹങ്ങൾ, മൈക്രോഫൈബർ, പോളിമർ പദാർഥങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് കിറ്റ് 300 ന്റെ നിർമ്മിച്ചിരിക്കുന്നത്. ശരീരത്തിനു ചുറ്റും ഈ കിറ്റ് ആവരണം ചെയ്താൽ എതിർസൈനികർക്ക് ഒരു മരക്കുറ്റിയായോ അല്ലെങ്കിൽ പാറയായോ മാത്രമേ ഇതു ധരിക്കുന്നവരെ കാണാൻ കഴിയൂവെന്നാണ് പോളാരിസ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.

ഈ ഷീറ്റുകൾ കൂട്ടമായി കെട്ടി ടെന്റ് പോലെ സ്ഥാപിച്ച് അതിനകത്ത് സൈനികർക്ക് താമസിക്കുകയും ചെയ്യാം. യുദ്ധത്തിനിടയിൽ പരുക്കേറ്റ് വീഴുന്ന ഈ ഷീറ്റിനുള്ളിൽ പൊതിഞ്ഞു സുരക്ഷിതമായി ആരുമറിയാതെ മേഖലയിൽ നിന്നും മാറ്റാനും കഴിയും. തണുപ്പു കൂടിയ ഘട്ടങ്ങളിൽ സൈനികർക്കു സംരക്ഷണത്തിനായും ഈ ഷീറ്റ് പ്രയോജനപ്പെടുത്താം. കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ സേനകൾക്ക് കിറ്റ് 300 നൽകാനാണ് അധികൃതർ പദ്ധതിയിടുന്നത്.