ലിങ്ക്ഡ് ഇന്നില്‍ വന്‍ വിവരചോര്‍ച്ച

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ലിങ്ക്ഡ് ഇന്നില്‍ വന്‍തോതില്‍ വിവരചോര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ എഴുപത് കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും , ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നുമാണ് വിവരം. ഒരു ഹാക്കര്‍ ഫോറത്തില്‍ പരസ്യം വന്നതോടെയാണ് വന്‍ സുരക്ഷാവീഴ്ച സംശയിക്കുന്ന സംഭവം പുറത്ത് വന്നത്.

പരസ്യത്തിനോടൊപ്പം സാമ്പിളായി പത്ത് ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ നല്കിയിട്ടുണ്ടെന്നാണ് റീസ്റ്റോര്‍ പ്രൈവസിയുടെ റിപ്പോര്‍ട്ട് പറയുന്നത്. 2020-21 കാലഘട്ടത്തിലെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍, ഫോണ്‍നമ്പറുകള്‍ മേല്‍വിലാസം, ജിയോ ലൊക്കേഷനുകള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ഒന്നുമില്ലെന്നും ഇത് വിവിധ സൈറ്റുകളില്‍ പബ്ലിക്കായി ലഭിക്കുന്ന സ്‌ക്രാപ്പിംഗ് ഡാറ്റ മാത്രമാണെന്നുമാണ് ലിങ്ക്ഡ് ഇന്നില്‍ നിന്നുള്ള പ്രതികരണം.