കുട്ടികൾ മാസ്‌ക് ധരിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; പഠനഫലം പുറത്തുവിട്ട് ഗവേഷകർ

വാഷിംഗ്ടൺ: കുട്ടികൾ മാസ്‌ക് ധരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയെന്ന് ഗവേഷകർ. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ധരിക്കുന്നതിന് നിർബന്ധിതരായ കുട്ടികൾ പരിധിയിൽ കവിഞ്ഞ ആറിരട്ടി വിഷലിപ്തമായ കാർബൺ ഡയോക്സയ്ഡ് ശ്വസിക്കുന്നതായാണ് പഠനത്തിൽ പറയുന്നത്. ഡോ.ഹരാൾഡ് വൽച്ചിയുടെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാരാണ് പഠനം നടത്തിയിരിക്കുന്നത്.

ശ്വസിക്കുന്ന കാർബൺ ഡയോക്സയ്ഡിന്റെ പരിധി 0.2 ശതമാനമാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ കഴിയുന്ന കുട്ടികൾ മാസ്‌ക് ധരിക്കുമ്പോൾ അവർ ശ്വസിക്കുന്ന കാർബൺ ഡയോക്സയ്ഡിന്റെ അളവ് 13 ശതമാനമാണെന്ന് പഠനത്തിൽ പറയുന്നു. മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതൽ കാർബൺ ഡയോക്സയ്ഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതെന്നും പഠനം വിശദമാക്കുന്നു. ശുദ്ധവായുവായ ഓക്‌സിജനാണ് നാം ശ്വസിക്കുന്നത്. അശുദ്ധവായുവായ കാർബൺ ഡയോക്‌സൈഡിനെ നാം പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ മാസ്‌ക് ധരിക്കുന്നതോടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും അശുദ്ധവായു പുറത്തേക്ക് വിടുന്നത് മാസ്‌ക് തടയുകയും ചെയ്യുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് വഴിവെയ്ക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

പന്ത്രണ്ട് മണിക്കൂറോളം മാസ്‌ക് ധരിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിന് പോലും ഭീഷണി നേരിടുമെന്നും കോവിഡിൽ നിന്നും മോചിതരായാൽ പോലും അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കുക എന്നതു വലിയൊരു ഭീഷണിയായി നിലനിൽക്കുമെന്നും ഗവേഷകർ പറയുന്നു.