International (Page 205)

ലണ്ടൻ: ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഏഴാമതും അച്ഛനാകാനൊരുങ്ങുന്നു. ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി സിമണ്ട്‌സ് രണ്ടാം വട്ടവും ഗർഭിണിയായി. ആദ്യ ഭാര്യയിൽ ഉൾപ്പെടെ ആറു മക്കളാണ് ബോറിസ് ജോൺസണുള്ളത്. ക്യാരി സിമണ്ട്‌സ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. ഡിസംബറിൽ പുതിയ അതിഥി എത്തുമെന്ന് ക്യാരി സിമണ്ടസ് ട്വിറ്ററിൽ കുറിച്ചു.

വർഷാദ്യം തനിക്ക് അബോഷൻ സംഭവിച്ചതായും അത് ഹൃദയ ഭേദകമായ അനുഭവവമായിരുന്നെന്നും ക്യാരി സിമണ്ട്‌സ് പറഞ്ഞു. എന്നാൽ വീണ്ടും താൻ ഗർഭിണിയായതോടെ ഏറെ സന്തോഷവതിയാണ്. തന്നെ ഗർഭാലസ്യങ്ങൾ അലട്ടുന്നുണ്ടെന്നും ക്യാരി സിമണ്ട്‌സ് വ്യക്തമാക്കി.

ക്യാരി സിമണ്ടിസിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദമ്പതികൾക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ മെയിൽ വെസ്റ്റ് മിനിസ്റ്റർ കത്തിഡ്രലിൽ നടന്ന രഹസ്യ ചടങ്ങിലായിരുന്നു ബോറിസ് ജോൺസണും ക്യാരി സിമണ്ടസും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ കൂടി ഉറപ്പാക്കി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. വനിതകളുടെ 69 കിലോഗ്രാം ബോക്‌സിംഗില്‍ മുന്‍ ലോകചാമ്പ്യനായ ചൈനീസ് തായ്‌പേയ് താരം നിയെന്‍ ചിന്‍ ചെന്നിനെ 4-1ന് കീഴടക്കിയാണ് ലവ്‌ലിന മെഡല്‍ ഉറപ്പാക്കിയത്. നാലാം തീയതി നടക്കുന്ന സെമിയില്‍ മറ്റൊരു മുന്‍ ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ സുമനേലിയെയാണ് ലവ്‌ലിന എതിരിടേണ്ടത്.

രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പിലും രണ്ടു തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേടിയിട്ടുള്ള താരമാണ് അസമിന്റെ 23 വയസ്സുകാരി ലവ്ലിന.

വിജന്ദേര്‍ സിംഗിനും എം.സി. മേരികോമിനും ശേഷം ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാകും ഇനി ലവ്ലിന. ബോക്‌സിംഗ് സെമിയില്‍ കടന്നാല്‍ വെങ്കല മെഡല്‍ ഉറപ്പാണ്.

ടോക്കിയോയില്‍ ഇന്ത്യ നേടിയ മെഡലുകള്‍ രണ്ടും വനിതകളുടെ സംഭാവനയാണ്. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനുവും വെള്ളി മെഡല്‍ നേടിയിരുന്നു.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങളില്‍ മുത്തമിടാന്‍ ഒരുങ്ങി പി.വി സിന്ധു. ജപ്പാനെ കീഴടക്കി വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി സിന്ധു സെമി ഫൈനലിലെത്തി.

റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോര്‍ 21-13, 22-20.

ആദ്യ സെറ്റില്‍ല്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയത് യമാഗുച്ചിയാണ്. എന്നാല്‍ പിന്നീട് സിന്ധു കളം നിറഞ്ഞ് ആടുകയായിരുന്നു. തുടര്‍ന്ന് 21-13ന് സിന്ധു ഗെയിം സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി കൂടുതല്‍ അപകടകാരിയായി. തുടക്കത്തില്‍ സിന്ധു തന്നെയായിരുന്നു മുന്നിലെങ്കിലും ഇടയ്ക്ക് യമാഗുച്ചി 15-15ന് ഒപ്പമെത്തി. പിന്നീട്, കളിയില്‍ അങ്ങോട്ട് ലീഡ് നേടി യമാഗുച്ചിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ വാശിയോടെ കളത്തില്‍ പോരടിച്ചു നിന്ന സിന്ധു 22-20ന് മാച്ച് പോയിന്റും ഗെയിം പോയിന്റും സ്വന്തമാക്കുകയായിരുന്നു.

സെമി ജയിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായുള്ള മത്സരം കളിക്കണം.

ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയുടെ തായ് സൂ യിംഗാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തായ് സൂ യിംഗിനോട് സിന്ധു തോറ്റിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയയിലെ നാഷണൽ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള പുരാതന വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരിച്ച് നൽകാൻ തീരുമാനം. അനധികൃതമായി കടത്തപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 14 ഓളം വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് തിരിച്ച് നൽകാനൊരുങ്ങുന്നത്. ഇന്നത്തെ വിപണിമൂല്യം അനുസരിച്ച് 2.2 മില്ല്യൺ അമേരിക്കൻ ഡോളർ എങ്കിലും വില വരുന്ന വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് കൈമാറാൻ ഒരുങ്ങുന്നത്. ഇവയുടെ ഇന്ത്യൻ വിപണി മൂല്യം 16.3 കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിഗ്രഹങ്ങളിൽ ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായാണ് ആർട്ട് ഗാലറി അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാൽ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും കവർച്ച ചെയ്യപ്പെട്ടതാകാം ഇവയെന്നും ആർട്ട് ഗാലറി അധികൃതർ വിശദമാക്കി. തിരിച്ചു നൽകുന്ന 14 പുരാവസ്തുക്കളിൽ 13 എണ്ണവും സുഭാഷ് കപൂർ എന്ന വ്യക്തി വഴി ഓസ്‌ട്രേലിയയിൽ എത്തിയതാണ്. പുരാവസ്തുക്കൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാൻഹട്ടനിൽ വിചാരണ കാത്ത് തടവിൽ കഴിയുകയാണ് നിലവിൽ സുഭാഷ് കപൂർ. നാഷണൽ ആർട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആർട്ട് ഗാലറി ഡയറക്ടർ നിക്ക് മിറ്റ്‌സെവിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

നേരത്തെയും രാജ്യത്ത് നിന്നും കടത്തിക്കൊണ്ട് പോയ വിഗ്രഹങ്ങൾ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് തിരികെ നൽകിയിരുന്നു. തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ വെങ്കലം ഉപയോഗിച്ച് നിർമ്മിച്ച ശിവലിംഗമാണ് ഓസ്ട്രേലിയ മുൻപ് ഇന്ത്യയ്ക്ക് മടക്കി നൽകിയത്.

ബീജിംഗ്: കോവിഡിനെതിരായി ചൈന കണ്ടുപിടിച്ച സിനോവാകിന് അവരുടെ ഉത്പന്നങ്ങള്‍ പോലെതന്നെ ഗ്യാരണ്ടിയില്ലെന്ന് പഠന റിപ്പോര്‍ട്ട്. ചൈനീസ് വാക്‌സിന് കോവിഡിനെതിരായി ആറുമാസത്തെ സംരക്ഷണം പോലും നല്‍കാനാവില്ലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പൂര്‍ണ ആരോഗ്യവാന്മാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നുമെടുത്ത രക്തസാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ചൈനീസ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്. രണ്ടാമത്തെ ഡോസ് എടുത്തവരുടെ ശരീരത്തില്‍ ഇനി ബൂസ്റ്റര്‍ ഡോസ് കൊണ്ടു മാത്രമേ ഫലം ഉണ്ടാവുകയുള്ളു എന്നും പഠന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫൈസര്‍ അടക്കമുള്ള വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് എടുത്ത് ഒരു നിശ്ചിത കാലത്തിന് ശേഷവും അണുബാധയുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാവുമെന്ന ഉറപ്പ് നല്‍കുമ്പോഴാണ് ചൈനീസ് വാക്‌സിന്റെ പോരായ്മ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം, സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് എടുത്തവരില്‍ ഏകദേശം 28 ദിവസത്തിനുശേഷം ആന്റിബോഡി അളവില്‍ 35 മടങ്ങ് വര്‍ദ്ധനവ് കണ്ടെത്തിയിട്ടുമുണ്ട്. മാത്രമല്ല, കൊവിഡിനെ തടയുന്നതിനായി ഒരാളുടെ ശരീരത്തില്‍ എത്രത്തോളം ആന്റിബോഡി വേണം എന്നതിനെ കുറിച്ച് കൃത്യമായി ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

ജൂണ്‍ അവസാനത്തോടെ ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളില്‍ സിനോവാക് ഒരു ബില്യണ്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്.

റിയാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ വിലക്കാന്‍ സൗദി അറേബ്യ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് നീക്കമെന്ന് സൗദിയിലെ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാത്രമല്ല, ഇതിന് വിപരീതമായി യാത്ര ചെയ്താല്‍ സൗദിയില്‍ തിരിച്ചെത്തുമ്പോള്‍ നിയമപരമായ നടപടികളെ കൂടാതെ കനത്ത പിഴയും, ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും നല്‍കാനാണ് സൗദി സര്‍ക്കാര്‍ ആലോചിക്കുന്നത്.

കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദിയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് മെയ് മാസത്തില്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ നിരവധി പേര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത് ആശങ്ക ഉയര്‍ത്തിയെന്ന് സൗദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മലപ്പുറം: ലോകപരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിലെ കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വയനാട് എന്ന പേജിലൂടെ തമിഴ് കവി തിരുക്കുറളിന്റെ വരികള്‍ക്കൊപ്പമാണ് അദ്ദേഹം വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും ചേര്‍ത്തിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ തന്നെയാണ് കരുവാരകുണ്ട് കേരളാം കുണ്ട് വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നത്.

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ സ്വാധീനം വർധിപ്പിക്കാൻ താലിബാനെ സഹായിക്കുന്നത് പാകിസ്താനെന്ന് അഫ്ഗാൻ. പാകിസ്താനിൽ നിന്ന് 15,000 ഭീകരർ അഫ്ഗാൻ സൈനികരെ നേരിടുന്നതിനായി രാജ്യത്തേക്ക് കടന്നു. അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാകിസ്താൻ വഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാകിസ്താനിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ ഭീകരർക്ക് പാകിസ്താനിലെ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുന്നത്. പാകിസ്താൻ അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും പാകിസ്താനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജിദ്ദ: ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാനുള്ള അനുമതി നല്‍കും. ഹജ്ജ് തീര്‍ത്ഥാടനടത്തിന് മുന്നോടിയായി ജൂലൈ 11നായിരുന്നു ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിയത്. ഹറമിലും മുറ്റങ്ങളിലുമായി അണുനശീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ മുതലാണ് ഉംറ തീര്‍ത്ഥാടകര്‍ ഹറമിലെത്തി തുടങ്ങിയത്. നിലവില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് അനുമതി നല്‍കുന്നത്.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ രണ്ട് ഡോസ് വാക്സിനെടുത്ത് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ ഹറമിലേക്ക് പ്രവേശനം അനുവദിക്കൂ. മദീനയിലെ മസ്ജിദുനബവിയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്.

കൊളംബോ: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഭുവനേശ്വര്‍ കുമാറിന്റേയും ദീപക് ചാഹറിന്റെയും ബോളിങ് മികവില്‍ 38 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

165 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ചഹല്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 126 റണ്ണിന് ഇന്ത്യ ആള്‍ഔട്ട് ആക്കി.

ചാരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. 26 പന്തില്‍ 44 റണ്‍സാണ് അസലങ്കനേടിയത്. ഓപ്പണറായി എത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ (26), ദസുന്‍ ഷനക (16), മിനോദ് ഭാനുക (10) എന്നിവരൊഴികെ ലങ്കന്‍ ടീമില്‍ ആരും രണ്ടക്കം കടന്നില്ല.

അതേസമയം, സൂര്യ കുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 34 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്സും സഹിതം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (46) അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് ബാക്കി നില്‍ക്കെയാണ് പുറത്തായത്. 20 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു ധവാനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് പുറത്തായത്.