International (Page 204)

കറാച്ചി: മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി. വിസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫ് സമർപ്പിച്ച അപേക്ഷ ബ്രിട്ടൺ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

രണ്ട് അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിന് ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ലാഹോർ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. തുടർന്ന് 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നു മുതൽ ലണ്ടനിൽ തന്നെയാണ് കഴിയുന്നത്. വിസാ കാലാവധി നീട്ടിയില്ലെങ്കിൽ ഷെരീഫിന് ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ തുടരാൻ കഴിയില്ല.

അതേസമയം തീരുമാനത്തിനെതിരെ ഇമിഗ്രേഷൻ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നാണ് പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് വിഭാഗം (പിഎംഎൽ-എൻ) വക്താവ് അറിയിച്ചത്.

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ഡെൽറ്റ വൈറസ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ വർധിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു രോഗത്തെ ചെറുക്കാൻ വാക്സിൻ കുത്തിവച്ചോ, അല്ലെങ്കിൽ ആ രോഗം തന്നെ പിടിപെട്ടോ ആകെ ജനസംഖ്യയിൽ ഒരു വിഭാഗം പേർ സജ്ജമാകുന്നതാണ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’.

ഇതുവരെ വന്ന മറ്റ് കോവിഡ് വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ കരുത്തുള്ള വകഭേദമാണ് ഡെൽറ്റ. ഇക്കാരണം കൊണ്ട് തന്നെ ഡെൽറ്റ മൂലം കോവിഡ് പിടിപെടുന്നവരിലൂടെ ‘ഹെർഡ് ഇമ്മ്യൂണിറ്റി’ 80 ശതമാനത്തിലേക്കോ അല്ലെങ്കിൽ 90 ശതമാനത്തിനടുത്തോ എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിലെ ‘ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി’യിൽ നിന്ന് അടക്കമുള്ള വിദഗ്ധരാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ തോത് 60 ശതമാനം- 70 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാൽ ഡെൽറ്റ’യുടെ വരവോടുകൂടി ഇതിൽ കാര്യമായ വർധനവാണ് കാണാനാകുന്നത്. ഡെൽറ്റ വൈറസ് അത്രമാത്രം അപകടകാരിയാണെന്നാണ് ഇക്കാര്യങ്ങൾ നൽകുന്ന സൂചന. ഇതുവരെ വന്നതിൽ വച്ചേറ്റവും ഭീഷണി ഉയർത്തുന്ന കോവിഡ് വകഭേദമാണിതെന്നും രോഗപ്രതിരോധത്തിനായി വലിയ രീതിയിൽ പ്രവർത്തിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നത് വലിയൊരു പരിധി വരെ ഡെൽറ്റയുടെ വ്യാപനം തടയുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

ജനീവ: 2021 സെപ്തംബർ മാസം വരെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നൽകുന്നതിനെതിരെ എതിർപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചത്.

കോവിഡ് മഹാമാരിയുടെ ഡെൽറ്റ വകഭേദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടേയും ഉത്കണ്ഠ മനസ്സിലാക്കുന്നുവെന്നും എന്നാൽ വാക്‌സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. വാക്‌സിൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മൂന്നാം ഡോസ് നൽകുന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി മൂന്നാം ഡോസ് വാക്‌സിൻ നൽകുമെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്‌സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനു ശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനു ശേഷവും ബൂസ്റ്റർ വാക്‌സിൻ നൽകുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

കോവിഡ് ലോക്ക്ഡൗണില്‍ വീടുകള്‍ക്കുള്ളിലായിപ്പോയ ലോകത്തെ ഒത്തു ചേര്‍ക്കാന്‍ ഏറ്റവും ഉപകരിച്ച ആപ്പായിരുന്നു ഗൂഗിള്‍ മീറ്റ്. ഇപ്പോഴിതാ ഗൂഗിള്‍ മീറ്റ് വെബ് ആപ്പും അവതരിപ്പിച്ചിരിക്കുകയാണ്.

ലാപ്ടോപ്പിലോ, കമ്പ്യൂട്ടറിലോ, മാക്ബുക്കിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും സാധിക്കും. വിന്‍ഡോസ്, മാക് ഒഎസ്, ക്രോം ഒഎസ്, ലിനക്സ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിപ്പിക്കാനാകും.

ഗൂഗിള്‍ വര്‍ക്ക് സ്പൈസ് ഉപഭോക്താക്കള്‍ക്കും ജി സ്യൂട്ട് ബേസിക്ക്, ബിസിനസ് ഉപഭോക്താക്കള്‍ക്കും മാത്രമല്ല, വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്കും വെബ് ആപ്പ് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേര്‍ഷന്‍ ആയിരുന്നാല്‍ തന്നെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വേര്‍ഷന്‍ 73 ലും അതിനു മുകളിലുള്ളവ പ്രവര്‍ത്തിക്കുന്ന ഏത് സിസ്റ്റത്തിലും ഗൂഗിള്‍ മീറ്റ് വെബ് ആപ്പ് പ്രവര്‍ത്തിക്കും.

ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കിയതായി യുഎഇ അധികൃതര്‍ അറിയിച്ചു.

യുഎഇ അംഗീകൃത വാക്‌സീന്‍ സ്വീകരിച്ച റസിഡന്‍സ് വീസക്കാര്‍ക്ക് ഓഗസ്റ്റ് 5മുതല്‍ മുതല്‍ പ്രവേശനം അനുവദിക്കും. വാക്‌സീന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് യാത്രക്ക് അനുമതി ലഭിക്കുകയുള്ളൂ. കൊവീഷീല്‍ഡ്, ഫൈസര്‍, സിനോഫാം, സ്പുട്‌നിക് എന്നീ വാക്‌സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. കോവാക്‌സീന് യുഎഇ അംഗീകാരം നല്‍കിയിട്ടില്ല.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്‌ലില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. സന്ദര്‍ശകവീസയിലുള്ളവര്‍ വാക്‌സീന്‍ സ്വീകരിച്ചവരാണെങ്കിലും നിലവില്‍ യാത്രാനുമതിയുണ്ടാകില്ല.

അതേസമയം, യുഎഇയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും യാത്രക്ക് അനുമതിലഭിക്കും. ഇവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റ്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടണം.

ഏപ്രില്‍ 25 മുതലായിരുന്നു ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് യുഎഇ ദേശീയ അടിയന്തരദുരന്ത നിവാരണ സമിതി ഭാഗീകമായി വിലക്ക് പിന്‍വലിക്കുന്നത്.

ലണ്ടൻ: ക്രൂഡ് ഓയിൽ നിരക്കിൽ വീണ്ടും ഇടിവ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉൽപ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞത്. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദവും വർധിച്ചു. ഒപെക് ഉൽപാദകരിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിലെ വർദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില കുറയാൻ കാരണമായി.

ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 72.80 ഡോളറിലേക്ക് എത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെന്റ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.05 ഡോളറിലേക്കും താഴ്ന്നു.

ആഗോള തലത്തിൽ കോവിഡ് വാക്‌സിനേഷൻ മെച്ചപ്പെടുന്നത് വരെ ക്രൂഡ് ഓയിൽ ഡിമാൻഡ് മെച്ചപ്പെടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയിലെ ഫാക്ടറി ഉൽപ്പാദനം ജൂലൈയിൽ മന്ദഗതിയിലായി. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

വാഷിംഗ്ടൺ: വീഡിയോ കോൾ ആപ്പ് സൂമിന് തിരിച്ചടി. സൂമിന് 85 ദശലക്ഷം ഡോളർ (ഏകദേശം 632 കോടി) രൂപ സൂം പിഴയിനത്തിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളിൽ ലംഘനം ഉണ്ടായി എന്ന് കാണിച്ച് വീഡിയോ കോൾ ആപ്പായ സൂമിന് എതിരെ നൽകിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡിൻ മുതലായ കമ്പനികൾക്ക് ചോർത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കർമാർക്ക് സൂം മീറ്റിങ്ങുകളിൽ തടസ്സം സൃഷ്ടിക്കാൻ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരെ ഉയർന്നിരിക്കുന്ന പരാതികൾ.

സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിൽ കമ്പനി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയൽ ചെയ്ത പ്രാരംഭ ഒത്തുതീർപ്പ് ഉടമ്പടിയ്ക്ക് കാലിഫോർണിയയിലെ സാൻ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്ട് ജഡ്ജായ ലൂസി കോഹ്‌യുടെ അംഗീകാരം ലഭിക്കണം. നിർദ്ദിഷ്ട ശ്രേണിയിൽപ്പെട്ട സൂം ആപ്പിന്റെ സബ്സ്‌ക്രൈബർമാർക്ക് അവരുടെ പ്രധാന സബ്സ്‌ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കിൽ 25 ഡോളർ, ഏതാണോ ഉയർന്ന തുക എന്നാൽ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവർക്ക് 15 ഡോളർ വരെയുമാണ് റീഫണ്ട് ഇനത്തിൽ ലഭിക്കുന്നത്. സൂം ഉപയോക്താക്കൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങിൽ പങ്കെടുക്കുന്ന മറ്റ് ആരെങ്കിലുമോ പ്രസ്തുത മീറ്റിങ്ങിൽ ഏതെങ്കിലും തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഇത് സംബന്ധിച്ച് സൂം മുന്നറിയിപ്പ് നൽകേണ്ടതാണെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെ മറ്റൊരു നിബന്ധന.

ഉദ്യോഗസ്ഥർക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രത്യേക പരിശീലനവും നൽകുമെന്നും സൂം ഉറപ്പ് നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്പനി ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാനമെന്നും സൂം അറിയിച്ചു. ഉയർന്ന ശ്രേണിയിലുള്ള വരിക്കാരിൽ നിന്നും സബ്സ്‌ക്രിപ്ഷൻ ഇനത്തിൽ സൂം ഏകദേശം 1.3 ലക്ഷം കോടി ഡോളറാണ് ശേഖരിച്ചത്. അതിനാൽ അന്യായക്കാരുടെ അഭിഭാഷകൻ കോടതി വ്യവഹാര ചെലവടക്കമുള്ള ന്യായമായ തുക എന്ന നിലയിലാണ് 85 ദശലക്ഷം ഡോളർ ഒത്തു തീർപ്പായി അവകാശപ്പെട്ടത്. വ്യവഹാര ഫീസ് ഇനത്തിൽ 21.25 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡാനിഷ് സിദ്ധിഖിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 12 വെടിയുണ്ടകളാണ് സിദ്ധീഖിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിലെയും എക്‌സ്‌റേയിലെയും വിവരങ്ങൾ പുറത്തുവിട്ടത്. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജൂലൈ 16 ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്. സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു. പരിക്കേറ്റ ഡാനിഷ് സിദ്ധിഖിയെ തൊട്ടടുത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ സിദ്ധിഖി പള്ളിയിൽ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാൻ ഭീകരർ പള്ളിക്ക് നേരെയും അക്രമണം നടത്തി.

കൊലപ്പെടുത്തിയ ശേഷം താലിബാൻ ഭീകരർ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല. താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ മൃതദേഹം വലിച്ചിഴച്ചതിന്റെയും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയതിന്റെയും അടയാളങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. നെഞ്ചിലും മുഖത്തും നിരവധി തവണ വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

ടോക്കിയോ: ഒളിംപിക്‌സില്‍ കരുത്തരായ ഓസ്‌ട്രേലിയയെ കടത്തിവെട്ടി വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തി. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഓസ്‌ട്രേലിയയെ നാമാവശേഷമാക്കിയാണ് ഇന്ത്യ സെമിഫൈനല്‍ ടിക്കറ്റ് നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കിയുടെ സെമിഫൈനലിലെത്തുന്നത്.

ഗുര്‍ജിത്ത് കൗറിന്റെ ഷോട്ട് ഓസിസ് പ്രതിരോധത്തെ മറിച്ചിട്ട് ഗോളായി മാറിയപ്പോള്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ സമനില പിടിക്കാനായി ഓസ്‌ട്രേലിയ തുടരേ തുടരേ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സവിതയും വന്‍മതില്‍ പോലെ വല കാത്തു.

എന്നാല്‍, കളിയുടെ അവസാന നിമിഷങ്ങളില്‍ നിരവധി പെനാല്‍ട്ടി കോര്‍ണറുകളാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചിരുന്നതെങ്കിലും ഇന്ത്യന്‍പടയെ വീഴ്ത്തി ലക്ഷ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇതിന് മുന്‍പ് രണ്ട് തവണ (1980ലും, 2016ലും) മാത്രമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒളിംപിക്‌സ് യോഗ്യത ലഭിച്ചിട്ടുള്ളത്.

വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. ജൂണിൽ അവസാനിച്ച പാദത്തിൽ ഫേസ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്കിന്റെ ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.

കോവിഡ് വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ജനങ്ങൾ സാമൂഹ്യ മാദ്ധ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന്റെ വരുമാനം വർധിച്ചത്. പരസ്യത്തിലൂടെയാണ് കമ്പനിയ്ക്ക് ഏറ്റവും അധികം വരുമാനം ലഭിച്ചിരിക്കുന്നത്. പരസ്യവരുമാനമായി മാത്രം 2,12,376 കോടി രൂപയാണ് ഫേസ്ബുക്കിന് ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിമാസം 351 കോടി ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.