റിയാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ വിലക്കാന്‍ സൗദി അറേബ്യ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് നീക്കമെന്ന് സൗദിയിലെ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാത്രമല്ല, ഇതിന് വിപരീതമായി യാത്ര ചെയ്താല്‍ സൗദിയില്‍ തിരിച്ചെത്തുമ്പോള്‍ നിയമപരമായ നടപടികളെ കൂടാതെ കനത്ത പിഴയും, ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും നല്‍കാനാണ് സൗദി സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദിയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് മെയ് മാസത്തില്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ നിരവധി പേര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത് ആശങ്ക ഉയര്‍ത്തിയെന്ന് സൗദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

