ഇന്ത്യയിൽ നിന്നും കടത്തിയ 16 കോടിയിലധികം മൂല്യമുള്ള വിഗ്രഹങ്ങൾ തിരികെ നൽകും; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ നാഷണൽ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള പുരാതന വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരിച്ച് നൽകാൻ തീരുമാനം. അനധികൃതമായി കടത്തപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 14 ഓളം വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് തിരിച്ച് നൽകാനൊരുങ്ങുന്നത്. ഇന്നത്തെ വിപണിമൂല്യം അനുസരിച്ച് 2.2 മില്ല്യൺ അമേരിക്കൻ ഡോളർ എങ്കിലും വില വരുന്ന വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് കൈമാറാൻ ഒരുങ്ങുന്നത്. ഇവയുടെ ഇന്ത്യൻ വിപണി മൂല്യം 16.3 കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിഗ്രഹങ്ങളിൽ ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായാണ് ആർട്ട് ഗാലറി അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാൽ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും കവർച്ച ചെയ്യപ്പെട്ടതാകാം ഇവയെന്നും ആർട്ട് ഗാലറി അധികൃതർ വിശദമാക്കി. തിരിച്ചു നൽകുന്ന 14 പുരാവസ്തുക്കളിൽ 13 എണ്ണവും സുഭാഷ് കപൂർ എന്ന വ്യക്തി വഴി ഓസ്‌ട്രേലിയയിൽ എത്തിയതാണ്. പുരാവസ്തുക്കൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാൻഹട്ടനിൽ വിചാരണ കാത്ത് തടവിൽ കഴിയുകയാണ് നിലവിൽ സുഭാഷ് കപൂർ. നാഷണൽ ആർട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആർട്ട് ഗാലറി ഡയറക്ടർ നിക്ക് മിറ്റ്‌സെവിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

നേരത്തെയും രാജ്യത്ത് നിന്നും കടത്തിക്കൊണ്ട് പോയ വിഗ്രഹങ്ങൾ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് തിരികെ നൽകിയിരുന്നു. തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ വെങ്കലം ഉപയോഗിച്ച് നിർമ്മിച്ച ശിവലിംഗമാണ് ഓസ്ട്രേലിയ മുൻപ് ഇന്ത്യയ്ക്ക് മടക്കി നൽകിയത്.