ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ സ്വാധീനം വർധിപ്പിക്കാൻ താലിബാനെ സഹായിക്കുന്നത് പാകിസ്താനെന്ന് അഫ്ഗാൻ. പാകിസ്താനിൽ നിന്ന് 15,000 ഭീകരർ അഫ്ഗാൻ സൈനികരെ നേരിടുന്നതിനായി രാജ്യത്തേക്ക് കടന്നു. അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് അവർ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
എല്ലാവർഷവും അഫ്ഗാനിസ്താനിൽ താലിബാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, പുതിയ അംഗങ്ങളെ അടുത്തവർഷം കൂട്ടിച്ചേർക്കുന്നതിനു പാകിസ്താൻ വഴിയൊരുക്കുന്നു. ഈ വർഷം 10,000 താലിബാൻ ഭീകരർ പാകിസ്താനിൽ നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ ഭീകരർക്ക് പാകിസ്താനിലെ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുന്നത്. പാകിസ്താൻ അവർക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും പാകിസ്താനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഖൊയ്ദ, ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

