International (Page 206)

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തു. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണകുടത്തിനെതിരെ പോരാട്ടം ശക്തമാക്കിയത്. കാണ്ഡഹാറില്‍ നിന്നാണ് 22,000 ത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തത്. കാണ്ഡഹാര്‍ നഗരത്തില്‍ താലിബാന്‍ അതിശക്തമായ അക്രമണം ആണ് നടത്തുന്നതെന്നാണ് വിവരം. വീട് ഉപേക്ഷിച്ച് പോകുന്നവരുടെ വീടുകള്‍ താലിബാന്‍ ഏറ്റെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അബുദാബി: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അബുദാബിയിലെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റോയിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായും അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരിയെ വൈസ് ചെയര്‍മാനായും മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചിട്ടുണ്ട്.

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് ഏറെ പ്രാധാന്യമുള്ള സ്ഥാപനമാണ് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി.

ഷിക്കാഗോ: അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി മലയാളി. കോട്ടയം സ്വദേശിയായ മൈക്കല്‍ കുരുവിളയാണ് ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായത്. കഴിഞ്ഞ 15 വര്‍ഷമായി മൈക്കല്‍ കുരുവിള അമേരിക്കന്‍ പോലീസിലെ അംഗമാണ്.

സോഷ്യല്‍വര്‍ക്കിലെ പഠനവും പ്രവര്‍ത്തന പരിചയവും ആണ് ഇദ്ദേഹത്തിന് പുതിയ ചുമതലക്ക് കയറാന്‍ തുണയാക്കിയത്. 38കാരനായ മൈക്കല്‍ കുരുവിള കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെപ്യൂട്ടി പൊലീസ് ചീഫായി ജോലി ചെയ്യുകയാണ്.കോട്ടയം സ്വദേശികളാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഷിക്കാഗോയിലാണ് മൈക്കല്‍ കുരുവിള ജനിച്ചത്. ഭാര്യയും മലയാളിയാണ്.

നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്കുള്ള പൊലീസ് അണ്ടര്‍ 40 അവര്‍ഡ് ജേതാക്കളിലൊരാളായി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് ചീഫ്‌സ് ആണ് തെരെഞ്ഞെടുത്തത്. അമേരിക്കയിലെ ഒരു നഗരത്തിന്റെ പൊലീസ് മേധാവിയായി ഒരു മലയാളി എത്തുന്നത് ഇതാദ്യമായാണ്.

കാബൂള്‍: അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ് പ്രവിശ്യകളില്‍ സൈന്യം ആക്രമണം നടത്തിയത്. മുര്‍ഗാബിലും ഹസ്സാന്‍ തബ്ബിനിലുമുള്ള ഭീകരരുടെ ഒളിത്താവളത്തിനു നേര്‍ക്കാണ് വ്യോമാക്രമണമുണ്ടായത്.

ജൗസ്ജാനില്‍ 19 ഭീകരര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ ആക്രമണം സതേണ്‍ ഹെല്‍മന്ദിലെ ലക്ഷര്‍ ഘട്ടിലായിരുന്നു. ഭീകരരുടെ മൂന്ന് വാഹനങ്ങള്‍, ആറ് ബൈക്കുകള്‍, രണ്ട് ബങ്കറുകള്‍, വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും നശിപ്പിച്ചു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് പുതുമുഖങ്ങളുമായി നേട്ടം പ്രതീക്ഷിച്ച് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ഇന്നലെ ഏകദിന അരങ്ങേറ്റം കുറിച്ചത്.


മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് എല്ലാവരും പുറത്തായി.

227 റണ്‍സിന്റെ പുതുക്കിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 48 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയാണ് അവരുടെ ടോപ് സ്‌കോറര്‍.ഇന്ത്യയ്ക്കായി അരങ്ങറ്റ മത്സരം കളിച്ച രാഹുല്‍ ചാഹര്‍ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ,

43.1 ഓവറിലാണ് 225 റണ്‍സിന് എല്ലാവരും പുറത്തായത്.ഒരു അര്‍ധ സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 49 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

കാബൂൾ: താലിബാൻ ഭീകരർക്കെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്താന് കരുത്ത് പകർന്ന് അമേരിക്കൻ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400 നു മേലെ പ്രവിശ്യകളിൽ താലിബാൻ ഭീകരർക്ക് മേൽക്കൈയുണ്ടെന്നും അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ താലിബാനിൽ ആക്രമണം നടത്തിയെന്ന വിവരം പെന്റഗൺ സ്ഥിരീകരിച്ചത്.

എന്നാൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഫ്ഗാൻ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമേരിക്കയുടെ വ്യോമസേന താലിബാൻ മേഖലകളിൽ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.

ഒരു ഉന്നത സൈനികോദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അമേരിക്ക ഏഴോളം ആക്രമണങ്ങളാണ് താലിബാൻ മേഖലയിൽ നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ഇതിൽ അധികവും. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

ടോക്യോ: ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 8:30-നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍ അറിയിച്ചു.11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അത്‌ലറ്റുകളോട് സമ്മതപത്രം നല്‍കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 28 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയതെന്ന് ഐ.ഒ.സി അറിയിച്ചു.

കോവിഡ് ഭീഷണി കണക്കിലെടുത്ത് ഒരു രാജ്യത്ത് നിന്ന് 50 പേരെ മാത്രമേ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ഐ.ഒ.സി ഉദ്ദേശിച്ചിരുന്നുള്ളൂ.ഒമ്പതു മലയാളികളുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.വെല്ലുവിളികള്‍ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിയുന്നത്. 2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ്, കോവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. 125 വര്‍ഷംനീണ്ട ആധുനിക ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ വിശ്വസ്തരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണുകകളാണ് ചോർത്തിയതെന്നാണ് റിപ്പോർട്ട്. പ്രമുഖ മാദ്ധ്യമമായ ‘ദി വയർ’ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ദലൈലാമയുടെ മുതിർന്ന ഉപദേശകനായ ടെംപ സെറിംഗ്, സഹായികളും വിശ്വസ്തരുമായ ടെൻസിംഗ് ടക്ല്ഹ, ചിമി റിഗ് സൺ എന്നിവർ ഉൾപ്പെടെയുളളവരുടെ ഫോൺ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 2017 മുതൽ 2019 വരെ ഫോണുകൾ ചോർത്തിയതെന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. ഇക്കാലയളവിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക്ലാം സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നതും ഇക്കാലയളവിലാണ്.

നിരവധി ടിബറ്റൻ ഓഫീസർമാരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്ന സമിതിയുടെ തലവനായ സാംദോങ് റിംപോച്ചെയുടെ പേരും 2018 മധ്യത്തോടെ നിരീക്ഷണ ലിസ്റ്റിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: ടിബറ്റിൽ നിന്നുള്ള യുവാക്കളെ പീപ്പിൾ ലിബറേഷൻ ആർമിയിലേക്ക് (പി.എൽ.എ) റിക്രൂട്ട് ചെയ്യാനൊരുങ്ങി ചൈന. ഇതിനായുള്ള ശ്രമങ്ങൾ ചൈന ഊർജിതമാക്കിയിരിക്കുകയാണ്. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിർബന്ധമായും പീപ്പിൾ ലിബറേഷൻ ആർമിയിൽ ചേർക്കണമെന്ന് ചൈന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശമെന്നാണ് വിലയിരുത്തൽ. ലഡാക് മുതൽ അരുണാചൽപ്രദേശ് വരെയുളള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചൈന സൈനിക ശക്തി വർദ്ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

വിവിധ സർവകലാശാലകളിൽ നിന്നും 17 നും 20 നും ഇടയിൽ പ്രായമുളള എഴുപതോളം ടിബറ്റൻ വിദ്യാർത്ഥികളെ സൈനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാൻ പീപ്പിൾ ലിബറേഷൻ ആർമി ആരംഭിച്ചിരുന്നു. സിക്കിമിന് എതിർവശത്തുളള ചുംബി താഴ്‌വരയിൽ ഇത്തരത്തിൽ പരിശീലിപ്പിച്ച ടിബറ്റൻ യുവാക്കളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ടിബറ്റൻ നിവാസികളുടെ നിയന്ത്രണ രേഖയെക്കുറിച്ചുളള അറിവ് പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലുള്ള മറ്റൊരു ലക്ഷ്യം.

ലഡാക്കിലെ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പി.എൽ.എയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിംഗ് നടത്തുന്നുണ്ടെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

covid

ബെയ്ജിംഗ്: കോവിഡ് വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകത്തിന്റെ സംശയങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ കഴിയാതെ പരുങ്ങലിലായി ചൈനീസ് ശാസ്ത്രജ്ഞർ. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്നും മനുഷ്യ നിർമ്മിതമാണെന്നുമാണ് പൊതുവെ ഉയരുന്ന ആരോപണം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്ന ചൈനയുടെ മനോഭാവമാണ് ഈ ആരോപണത്തിൽ ഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് ലോകരാജ്യങ്ങളെ എത്തിക്കുന്നത്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന വൈറസാണ് കോവിഡിന് കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കോവിഡ് വൈറസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ലെന്നാണ് വീണ്ടും വീണ്ടും ചൈന ആവർത്തിക്കുന്നത്. ചെനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ബെയ്ജിംഗിൽ വെച്ചും ഇക്കാര്യം ആവർത്തിച്ചിരുന്നു. മനുഷ്യ നിർമ്മിതമെന്ന വാദം നിലനിൽക്കില്ല. വുഹാൻ ലബോറട്ടറിയിൽ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ലെന്നും ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോടുള്ള മറുപടിയായി ചൈന പറയുന്നത്. കോവിഡ് കണ്ടെത്തിയെന്ന് കരുതുന്ന പ്രാഥമിക ഉറവിട വസ്തുക്കളിലേക്ക് വിദേശ അന്വേഷക സംഘങ്ങളെ പ്രവേശിപ്പിക്കുവാൻ ചൈന തയ്യാറല്ല.