ലണ്ടൻ: ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഏഴാമതും അച്ഛനാകാനൊരുങ്ങുന്നു. ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി സിമണ്ട്സ് രണ്ടാം വട്ടവും ഗർഭിണിയായി. ആദ്യ ഭാര്യയിൽ ഉൾപ്പെടെ ആറു മക്കളാണ് ബോറിസ് ജോൺസണുള്ളത്. ക്യാരി സിമണ്ട്സ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. ഡിസംബറിൽ പുതിയ അതിഥി എത്തുമെന്ന് ക്യാരി സിമണ്ടസ് ട്വിറ്ററിൽ കുറിച്ചു.
വർഷാദ്യം തനിക്ക് അബോഷൻ സംഭവിച്ചതായും അത് ഹൃദയ ഭേദകമായ അനുഭവവമായിരുന്നെന്നും ക്യാരി സിമണ്ട്സ് പറഞ്ഞു. എന്നാൽ വീണ്ടും താൻ ഗർഭിണിയായതോടെ ഏറെ സന്തോഷവതിയാണ്. തന്നെ ഗർഭാലസ്യങ്ങൾ അലട്ടുന്നുണ്ടെന്നും ക്യാരി സിമണ്ട്സ് വ്യക്തമാക്കി.
ക്യാരി സിമണ്ടിസിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദമ്പതികൾക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ മെയിൽ വെസ്റ്റ് മിനിസ്റ്റർ കത്തിഡ്രലിൽ നടന്ന രഹസ്യ ചടങ്ങിലായിരുന്നു ബോറിസ് ജോൺസണും ക്യാരി സിമണ്ടസും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

