കറാച്ചി: മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി. വിസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫ് സമർപ്പിച്ച അപേക്ഷ ബ്രിട്ടൺ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
രണ്ട് അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിന് ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ലാഹോർ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. തുടർന്ന് 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നു മുതൽ ലണ്ടനിൽ തന്നെയാണ് കഴിയുന്നത്. വിസാ കാലാവധി നീട്ടിയില്ലെങ്കിൽ ഷെരീഫിന് ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ തുടരാൻ കഴിയില്ല.
അതേസമയം തീരുമാനത്തിനെതിരെ ഇമിഗ്രേഷൻ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നാണ് പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് വിഭാഗം (പിഎംഎൽ-എൻ) വക്താവ് അറിയിച്ചത്.

