International (Page 203)

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആറാം പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ. നാലുദിവസത്തിനിടെയാണ് താലിബാൻ അഫ്ഗാന്റെ ആറാം പ്രവിശ്യയും പിടിച്ചടക്കുന്നത്. തിങ്കളാഴ്ച സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനം അയ്ബക് പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഗവർണറുടെ ഓഫീസും ഇന്റലിജൻസ് ഡയറക്ടറേറ്റ്, പോലീസ് ആസ്ഥാനം എന്നിവയുൾപ്പെടെ മറ്റ് സർക്കാർ ഓഫീസുകളും താലിബാൻ പിടിച്ചെടുത്തു.

ഇതോടെ ഗവർണർ പ്രദേശത്തു നിന്ന് സൈന്യത്തെ പിൻവലിച്ച് കൊഹെ ബസ്ത് പ്രദേശത്തേക്ക് രക്ഷപ്പെട്ടു. കുണ്ടുസ്, തഖാർ, ജോവ്സ്ജാൻ, നിംറുസ്, സാർ-ഇ-പുൽ പ്രവിശ്യാ തലസ്ഥാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ പിടിച്ചെടുത്തത്, ഹെറാത്, കാണ്ഡഹാർ, ഹെൽമണ്ട് പ്രവിശ്യകളും നിലവിൽ താലിബാന്റെ നിയന്ത്രണത്തിലാണ്.

മസാരി ഷരീഫാണ് താലിബാന്റെ അടുത്ത ലക്ഷ്യം. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് മസാരി ഷെരീഫ്. ബാൽഖ്, ബദാക്ഷൺ, പഞ്ച്ഷിർ തുടങ്ങിയ മേഖലകളിലും താലിബാൻ സ്വാധീനം വർധിപ്പിക്കുകയാണ്. ഉസ്ബക്കിസ്ഥാൻ അതിർത്തിയിലെ പൂൽകുംറിയിലും പോരാട്ടം കനക്കുകയാണ്. കുണ്ടുസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ അഫഗാൻ സൈന്യം. ഇവിടത്തെ വിമാനത്താവളവും ചുരുക്കം കേന്ദ്രങ്ങളും ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ന്യൂയോർക്ക്: ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബർണാഡ് അർണോൾട്ട്. ജെഫ് ബെസോസിനെ പിന്തള്ളിയാണ് 72 കാരനായ ബർണാഡ് അർണോൾട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ ബിസിനസുകാരനാണ് ബർണാഡ്. ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിലാണ് എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്‌സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർണോൾട്ട് ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 198.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജെഫ് ബെസോസാണ്. 194.9 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. ടെസ്ലയുടെ ഇലോൺ മസ്‌കാണ് മൂന്നാം സ്ഥാനത്തുള്ളത്. 185.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നേരത്തെ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് ജെഫ് ബെസോസ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: യുഎന്‍ രക്ഷാ സമിതി അധ്യക്ഷപദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയായിരിക്കും ഇന്ത്യ നിര്‍വ്വഹിക്കുക. ഒരുമാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുക എന്നതാണ് പ്രധാനമായും അധ്യക്ഷന്റെ ചുമതല. ഇന്ന് വൈകുന്നേരം 5.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.

സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്ത്യ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര യാത്രകളും വിവാദങ്ങള്‍ക്ക് വഴിവെക്കാറുള്ള പശ്ചാത്തലത്തിലാണ് യു.എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ, ഒമ്പതു തവണ ഇന്ത്യ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ പദവി അലങ്കരിക്കുന്ന ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രധാനമന്ത്രി എങ്ങനെ പ്രതിനിധീകരിക്കും എന്നതില്‍ ഉറ്റുനോക്കുകയാണ് രാജ്യം.

ദുബായ്: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ വീണ്ടും ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നു കോവിഡ്ഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇനി ദുബായിയിലേക്ക് മടങ്ങാം.

യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഫ്‌ളൈ ദുബായ് വിമാനക്കമ്പനി അധികൃതരാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ഇന്ത്യയില്‍ നിന്നു കോവിഡ്ഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണമെന്നാണ് നിബന്ധന.

എന്നാല്‍, വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നു ദുബായിലേക്ക് മടങ്ങാമെന്നായിരുന്നു വിസ്താര വിമാനക്കമ്പനി പുറത്തുവിട്ട അറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവുകള്‍ ബാധകം. സന്ദര്‍ശക വിസക്കാരുടെ കാര്യത്തില്‍ ഇനിയും തീരുമാനങ്ങളൊന്നും ആയിട്ടില്ല.

കാൻബറ: പൂർണ്ണമായും കോവിഡ് മുക്തമായ രാജ്യം എന്ന ലക്ഷ്യത്തിലുറച്ച് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി സൈന്യത്തിന്റെ സഹായവും ഓസ്‌ട്രേലിയ തേടുന്നുണ്ട്.

സിഡ്‌നിയിലേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാൻ പട്ടാളത്തെ അയച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഭരണകൂടം. സിഡ്‌നിയിലെ കുടിയേറ്റക്കാർ ഏറെയുള്ള ഭാഗങ്ങളിലും തെക്ക് വടക്കൻ ഭാഗങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് നടപടി. ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുവാനായി 300 സൈനികരേയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ കോവിഡ് വാക്‌സിൻ വിതരണം വളരെ കുറവാണ്. പ്രായപൂർത്തിയായവരിൽ 21 ശതമാനം പേർക്ക് മാത്രമാണ് ഓസ്‌ട്രേലിയയിൽ ഇതുവരെ രണ്ടു ഡോസ് വാക്‌സിനുകൾ ലഭിച്ചിരിക്കുന്നത്.

ദരിദ്ര വിഭാഗങ്ങൾ അധിവസിക്കുന്ന ഭാഗങ്ങളിൽ 13 ശതമാനം പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയിട്ടുള്ളത്. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് 25 ശതമാനം വരെയാണ്. പാവപ്പെട്ടവർ താമസിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനത്തിലേറെ പേരും കുടിയേറ്റക്കാരാണ്. ഇന്റർനെറ്റ് സൗകര്യത്തിന്റെ കുറവ്, കുറഞ്ഞ വരുമാനം, ഭാഷാ പ്രശ്‌നം എന്നിവയാണ് ഇവിടെ വാക്‌സിൻ തോത് കുറയുന്നതിന്റെ കാരണമെന്നാണ് വിദഗ്ദർ പറയുന്നത്. ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ വിന്യസിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നുവരുണ്ട്.

സ്വന്തം നാടുകളിലെ യുദ്ധ ദുരന്തങ്ങൾ ഏറെ അനുഭവിച്ച അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം ജനങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഇല്ലാത്തവർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നത് തടയുവാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് നടപടിയെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നത്.

ബാഴ്‌സലോണ: ബാഴ്‌സലോണ വിടുന്നതായി പറഞ്ഞ് പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മെസി പലതവണ പൊട്ടിക്കരഞ്ഞത്.

കഴിഞ്ഞകൊല്ലം ബാഴ്‌സ വിടണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, അന്നത് നടന്നില്ല, ഇപ്പോള്‍ സത്യം പറയട്ടേ, ഇവിടം വിടാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല, പക്ഷേ തുടരാന്‍ വിധി അനുവദിക്കുന്നില്ല എന്ന് നിറകണ്ണുകളോടെയാണ് മെസ്സി പറഞ്ഞത്.

മാര്‍ച്ചില്‍ പ്രസിഡന്റായി ലാ പോര്‍ട്ടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ചര്‍ച്ചയില്‍ ഇവിടം വിട്ടുപോകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു, എന്റെ കരാറായിരുന്നില്ല പ്രശ്‌നം, പകുതി ശമ്പളം കുറച്ച് ഇവിടെ തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു, പക്ഷേ ലാലിഗ ചട്ടങ്ങള്‍ അതിനും എതിരുനില്‍ക്കുമ്പോള്‍ എന്തുചെയ്യാനാണ്, ഈ കുപ്പായം വീണ്ടുമണിയാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ താരം പൊട്ടിക്കരയുന്ന രംഗമാണ് പിന്നീട് കണ്ടത്. മെസിയുടെ കരച്ചില്‍ സഹതാരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ണീരണിയിച്ചു.

മാത്രമല്ല, എല്ലാവരോടും മനുഷ്യത്വത്തോടും ബഹുമാനത്തോടും പെരുമാറാനാണ് ബാഴ്‌സ എന്നെ പഠിപ്പിച്ചതെന്നും, ഇനി എവിടെപ്പോയാലും ആ ശീലം തുടരുകതന്നെ ചെയ്യുമെന്നും, ആരോഗ്യം അനുവദിക്കുന്ന കാലത്തോളം കളി തുടരണമെന്നുതന്നെയാണ് ആഗ്രഹമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്‌സലോണ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്‌സ വിടുന്നത്, ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു, എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്‌സലോണ കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായാണ് മെസ്സി കളത്തിലിറങ്ങിയത്, 672 ഗോളുകളും ബാഴ്‌സയ്ക്കായി താരം നേടി. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തുകയായിരുന്നു.

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ടോക്കിയോയില്‍ പരിസമാപ്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 23ന് കാണികളില്ലാതെ ആരംഭിച്ച ഒളിംപിക്‌സ് ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ സമാപിച്ചു.

ഒളിംപിക് സ്റ്റേഡിയത്തില്‍ മനോഹരമായ കരിമരുന്ന് ഷോ, സംഗീതകച്ചേരികള്‍, പരേഡുകള്‍ എന്നിവ നടന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അത്‌ലറ്റുകള്‍ പതാകകളുമേന്തി ചടങ്ങുകളിള്‍ പങ്കുകൊണ്ടു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024 ല്‍ ഇനി പാരിസില്‍ അടുത്ത ഒളിംപിക്സ് പോരാട്ടത്തിനായി താരങ്ങള്‍ അണിനിരക്കും.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒളിംപിക് പതാക ഫ്രാന്‍സിന് കൈമാറി. ടോക്കിയോ ഗവര്‍ണര്‍ യൂറികോ കൊയ്‌കെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ചിന് പതാക കൈമാറി, തുടര്‍ന്ന് അദ്ദേഹം 2024 ഗെയിംസിനായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയ്ക്ക് പതാക കൈമാറി.

കൈമാറല്‍ ചടങ്ങിന് ശേഷം ഫ്രാന്‍സിന്റെ ദേശീയ ഗാനം ആലപിച്ചു, പാരീസ് ഗെയിംസിന്റെ ആമുഖ ചിത്രം സ്റ്റേഡിയത്തിന്റെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള മെഡല്‍ ജേതാക്കള്‍ക്കൊപ്പം ബാച്ച് ഒരു പ്രസംഗം നടത്തി, കായികതാരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ ടീം ടോക്കിയോയില്‍ നിന്നും മടങ്ങിയത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മൊത്തം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് അഭിമാനനേട്ടവുമായി.

ദുബായ്: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തവർക്ക് തൽക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് വിമാന കമ്പനികൾ. യുഎഇയിൽ നിന്ന് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവർക്ക് മാത്രമേ നിലവിൽ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാന കമ്പനികൾ അറിയിച്ചു.

എന്നാൽ ഈ തീരുമാനത്തിൽ ഏതു നിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിനെടുത്ത യുഎഇ താമസ വിസയുള്ളവരുടെ സംശയങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വിമാന കമ്പനികൾ രംഗത്തെത്തിയത്.

ടോക്കിയോ: രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത് ചരിത്ര നിയോഗം. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയ തലയെടുപ്പില്‍ നീരജ് ചോപ്ര നിന്നപ്പോള്‍ വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കുന്ന സ്മരണാഞ്ജലിയായി മാറിയത് ചരിത്ര നിയോഗം തന്നെ. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

ന്യൂയോർക്ക്: താലിബാനു വിദേശ രാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള സഹായമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ.ഐക്യരാഷ്ട്ര സംഘടനയിലെ അഫ്ഗാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം.ഇസാക്‌സായാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദേശ ഭീകരവാദ ശൃംഖലകളിൽനിന്ന് താലിബാന് സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മനഃപൂർവമായ ഈ പ്രാകൃത പ്രവൃത്തിയിൽ താലിബാൻ തനിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനവും സുരക്ഷയും സുസ്ഥിരതയും അവർ ഭീഷണിപ്പെടുത്തുന്നു. ഏപ്രിൽ പകുതി മുതൽ, താലിബാനും അവർക്കൊപ്പമുള്ള വിദേശ ഭീകര ഗ്രൂപ്പുകളും 31 പ്രവിശ്യകളിൽ 5,500ലേറെ ആക്രമണങ്ങൾ നടത്തിയെന്ന് അദ്ദേഹം വിശദമാക്കി.

അൽ ഖായിദ, ലഷ്‌കർ ഇ ത്വയ്ബ, തെഹ്രീകെ താലിബാൻ പാക്കിസ്താൻ, ഐഎസ് ഉൾപ്പെടെ 20 സംഘടനകളിലെ 10,000ലേറെ വിദേശ പോരാളികളുടെ നേരിട്ടുള്ള പിന്തുണയോടെയാണു താലിബാൻ ആക്രമണം നടത്തുന്നത്. പാക്കിസ്താൻ താലിബാന്റെ സുരക്ഷിത താവളമാണ്. യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് പാകിസ്താൻ താലിബാന് പിന്തുണ നൽകുന്നുണ്ട്. താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായെന്നും അതിനാലാണ് അടിയന്തര യോഗം വിളിക്കാൻ നിർബന്ധിതരായതെന്നും യുഎൻ സുരക്ഷാ സമിതിയിൽ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.