ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡാനിഷ് സിദ്ധിഖിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 12 വെടിയുണ്ടകളാണ് സിദ്ധീഖിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിലെയും എക്‌സ്‌റേയിലെയും വിവരങ്ങൾ പുറത്തുവിട്ടത്. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ 16 ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്. സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു. പരിക്കേറ്റ ഡാനിഷ് സിദ്ധിഖിയെ തൊട്ടടുത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ സിദ്ധിഖി പള്ളിയിൽ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാൻ ഭീകരർ പള്ളിക്ക് നേരെയും അക്രമണം നടത്തി.
കൊലപ്പെടുത്തിയ ശേഷം താലിബാൻ ഭീകരർ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല. താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ മൃതദേഹം വലിച്ചിഴച്ചതിന്റെയും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയതിന്റെയും അടയാളങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. നെഞ്ചിലും മുഖത്തും നിരവധി തവണ വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

