International (Page 200)

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികൾ.

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രണ്ടു ഘട്ടമായി രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 0091-11-49016783, 0091-11-49016784, 0091-11-49016785 എന്നീ നമ്പറുകളിലും 0091-8010611290 എന്ന വാട്‌സ്ആപ്പ് നമ്പറിലുമാണ് വിവരങ്ങൾ നൽകേണ്ടത്. SituationRoom@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ അറിയിക്കാം.

അഫ്ഗാൻ സ്വദേശികൾക്ക് ഇ-എമർജൻസി വിസ സൗകര്യവും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഇ-വിസ പോർട്ടലിനായി https://indianvisaonline.gov.in/evisa/Registration എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

കറാച്ചി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ. അഞ്ചുവർഷമായി തടവിൽ കഴിയുകയായിരുന്ന മുല്ല മുഹമ്മദിനെയാണ് പാകിസ്താൻ ജയിലിൽ നിന്നും മോചിപ്പിച്ചത്. നടപടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. താലിബാനെ എല്ലാ തരത്തിലും സഹായിക്കുന്ന പാകിസ്ഥാൻ താലിബാൻ നൽകുന്ന പിന്തുണ പ്രകടിപ്പിക്കാനാണ് മുല്ല മുഹമ്മദിനെ ജയിൽ മോചിതനാക്കിയതെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

താലിബാനുമായി തെറ്റിപ്പിരിഞ്ഞ് പുതിയ തീവ്രവാദി വിഭാഗം രൂപീകരിച്ചതിന് പിന്നാലെയാണ് മുല്ല മുഹമ്മദിനെ പാകിസ്താൻ അറസ്റ്റു ചെയ്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വച്ചായിരുന്നു അറസ്റ്റ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മരണത്തെത്തുടർന്ന് മുല്ല അക്തർ മൻസൂറിനെ നേതാവായി തെരഞ്ഞെടുത്തതോടെയാണ് മുല്ല മുഹമ്മദ് താലിബാനുമായി തെറ്റിപ്പിരിഞ്ഞത്.

മുല്ല ഒമറിന്റെ മരണത്തെ തുടർന്ന് റസൂലും മൻസൂറും താലിബാന്റെ നേതൃത്വത്തെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. മുല്ല അക്തർ മൻസൂറിനെ നേതാവായി അംഗീകരിക്കാൻ മുല്ല മുഹമ്മദ് തയ്യാറായില്ല. തുടർന്ന് ഒരുവിഭാഗം പുതിയ സംഘടന രൂപീകരിച്ച് മുല്ല മുഹമ്മദിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ മുല്ല മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.

കാബൂള്‍: അഫ്ഗാനില്‍ താലിബാനെതിരെ ധീര പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെയും താലിബാന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ചെറുക്കാന്‍ ആയുധമേന്തിയ ധീരവനിത എന്നായിരുന്നു ലോകമെമ്പാടും സലീമയെ വാഴ്ത്തുന്നത്.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാന്‍ നേതാക്കള്‍ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബല്‍ഖ് പ്രവശ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് സലീമയും പിടിയിലായിരിക്കുന്നത്. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ.

മറ്റു പല പ്രവിശ്യകളും വലിയ എതിര്‍പ്പ് കൂടാതെ താലിബാനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. അവസാനഘട്ടം വരെ താലിബാനു കീഴടങ്ങാതെനിന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഏകമേഖലയായിരുന്നു ചഹര്‍ കിന്റ്. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് സലീമ.

നേരത്തെ, അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നറിയിച്ച് അവര്‍ രംഗത്തെത്തിയിരുന്നു.

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ ഭീകരരുടെ പിടിയിലായപ്പോള്‍ രാജ്യത്തു നിന്നും കടന്ന അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഗനി അബുദാബിയില്‍ സ്ഥിരതാമസമാക്കിയതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിന്നും ഹെലികോപ്ടര്‍ നിറയെ പണം കുത്തിനിറച്ചാണ് ഗനി രാജ്യം വിട്ടതെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താജിക്കിസ്ഥാനില്‍ പ്രവേശനം നിഷേധിച്ച ഗനി യു എ ഇയിലാണ് അഭയം തേടിയതെന്നും തലസ്ഥാനമായ അബുദാബിയില്‍ സ്ഥിരതാമസം ആരംഭിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും നാലോളം കാറുകളില്‍ പണം കുത്തിനിറച്ചാണ് ഗനി കടന്നതെന്നും. കാറില്‍ നിന്നും പണം ഹെലികോപ്ടറില്‍ നിറച്ചെന്നും, ഹെലികോപ്ടറില്‍ സ്ഥലമില്ലാത്തതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചിട്ടാണ് ഗനി രാജ്യം വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ആശങ്കയിലാകുന്നത് സ്ത്രീകളുടെ ജീവിതമാണ്. സ്വന്തം അവകാശങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച്ചകളും അഫ്ഗാനിൽ നിന്നും പുറത്തു വരുന്നുണ്ട്. തോക്കുധാരികളായ ഭീകരരുടെ മുന്നിൽ ധൈര്യപൂർവ്വം പ്രതിഷേധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

താലിബാൻ ഭരണം പിടിച്ചശേഷം അഫ്ഗാനിസ്ഥാനിൽ നടന്ന ആദ്യത്തെ പൊതു പ്രതിഷേധമാണിത്. ഇറാനിയൻ മാദ്ധ്യമ പ്രവർത്തക മസിഹ് അലിനെജാദയാണ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാബൂളിലെ തെരുവിൽ നാല് അഫ്ഗാൻ സ്ത്രീകളാണ് പ്രതിഷേധം നടത്തുന്നത്. കൈകൊണ്ട് എഴുതിയ പേപ്പർ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ നൽകണമെന്നാണ് യുവതികളുടെ ആവശ്യം.

അതേസമയം ജീവൻ രക്ഷിക്കാനായി നിരവധി സ്ത്രീകളാണ് അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും എന്നാൽ തങ്ങളുടെ മതനിയമങ്ങൾ പാലിക്കണമെന്നുമാണ് താലിബാൻ പറയുന്നത്.

കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാനെ അഭിനന്ദിച്ച് ഇന്ത്യയിലെ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിഗത ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറെയിന്‍ മഹ്ഫൂസ് റഹ്‌മാനി.

താലിബാന്റെ വിജയം ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണെന്നാണ് ഉംറെയിന്‍ മഹ്ഫൂസ് റഹ്‌മാനി ട്വിറ്ററില്‍ പങ്കുവെച്ചു.

‘താലിബാന്‍ അഫ്ഗാനിസ്ഥാനെ കീഴടക്കിയത് വിഭവങ്ങള്‍കൊണ്ടോ തന്ത്രങ്ങള്‍കൊണ്ടോ അല്ല, പകരം അചഞ്ചലമായ വിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും സമ്പത്ത് കൊണ്ടാണ്,’ ഖുറാനില്‍ നിന്നുുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ട് മൗലാന ഉംറെയിന്‍ മഹ്ഫൂസ് റഹ്‌മാനി പറഞ്ഞു.

താബിലാന്റെ അസാധാരണ വിജയത്താല്‍ ലോകമാകെ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും, ഭൗതികതയില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് എങ്ങിനെ ഇത്രവേഗം താലിബാന്‍ അധികാരത്തിലെത്തി എന്നത് മനസ്സിലാവില്ല. അധികാര തീരുമാനങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ് തീരുമാനിക്കപ്പെടുന്നത്, അല്ലാതെ ഭൂമിയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ നിന്നുള്ള ഇസ്ലാമിക സംഘടന പരസ്യമായി താലിബാനെ പിന്തുണച്ചത് ലോകം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.

കാബൂൾ: ‘താലിബാൻ ഭീകരർ വന്ന് കൊല്ലുന്നതും കാത്തിരിക്കുകയാണ് താൻ’. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ മേയറായ സരീഫ ഗഫാരിയുടെ വാക്കുകളാണിത്. ഭയമോ പതർച്ചയോ ഒന്നുമില്ലാതെ ഉറച്ച ആത്മവിശ്വാസത്തോടെയാണ് സരീഫ ഈ വാക്കുകൾ പറയുന്നത്. താൻ മരിക്കാൻ തയ്യാറാണെന്നും ഒരു പ്രതിരോധവുമില്ലാതെ തന്നെ കീഴ്‌പ്പെടുത്താമെന്നും സരീഫ പറയുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഭരണാധികാരി കൂടിയാണ് സരീഫ.

താലിബാൻ സൈന്യം കടന്നുവരുന്നതും കാത്ത് താനും ഭർത്താവും ഇവിടെ കാത്തിരിക്കുകയാണ്. രക്ഷപ്പെട്ടു കൂടേ എന്നു നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ എവിടെ, എങ്ങോട്ടു പോകാനാണ്. തന്റെ വിധി എന്താണെന്ന് തീർച്ചപ്പെടുത്തി തന്നെയാണ് സരീഫ ഇപ്പോഴും അഫ്ഗാനിൽ തുടരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പലായനത്തിനിടെ വീണു മരിച്ചേക്കാം. ഉന്തിലും തള്ളിലും ജീവൻ നഷ്ടമായേക്കാം. വെടിയുണ്ടയ്‌ക്കോ കൂർത്ത കല്ലുകൾക്കോ ഇരയാവാം. സ്വന്തം രാജ്യത്ത് ജീവിച്ചു മരിക്കുന്നതാണ് അതിനേക്കാൾ ഭേദം എന്നാണ് സരീഫയുടെ നയം.

പ്രസിഡന്റ് ഉൾപ്പെടെ അഫ്ഗാന്റെ ഭരണാധികാരികളിൽ മിക്കവരും നയതന്ത്ര ഉദ്യോഗസ്ഥരും ജീവനും കൊണ്ട് രക്ഷപ്പെട്ടുകഴിഞ്ഞു. എന്നാൽ തനിക്കെങ്ങോട്ടും പോകാനില്ലെന്നും സരീഫ കൂട്ടിച്ചേർക്കുന്നു. നേരത്തേ പല തവണ താലിബാൻ സരീഫയ്ക്കു നേരെ വധഭീഷണി മുഴക്കിയിരുന്നു. മൂന്നു തവണ വധശ്രമത്തിൽ നിന്നു കഷ്ടിച്ചാണു സരീഫ രക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം നവംബർ 15 ന് സരീഫയ്ക്ക് താലിബാന്റെ ആക്രമണത്തിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടു. അതിനാൽ തന്നെ തന്റെ വിധി എന്താകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് സരീഫ.

കാബൂൾ: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി താലിബാൻ. ഇസ്ലാം ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് താലിബാന്റെ പ്രതികരണം.

ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

1990 ലെ പ്രത്യയശാസ്ത്രത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ യാതൊരു വ്യത്യാസവുമില്ല. എന്നാൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും.ദേശീയമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് താലിബാൻ മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിക നിയമങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടും. സമൂഹത്തിൽ സ്ത്രീകൾക്ക് നല്ല രീതിയിൽ ഇടപെടാം. ജോലിക്ക് പോകുകയും ചെയ്യാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാൻ വിശദമാക്കി.

വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുത്. സമാധാനവും സ്ഥിരതയാർന്ന ഭരണവുമാണ് താലിബാൻ ആഗ്രഹിക്കുന്നത്. മുൻ സർക്കാറിനൊപ്പം നിന്നവർക്കും താലിബാൻ പൊതുമാപ്പ് നൽകും. അഫ്ഗാന്റെ മണ്ണിൽ മറ്റ് രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ചർച്ചയ്ക്ക് തയ്യാറാകണമെന്നും താലിബാൻ ആവശ്യപ്പെടുന്നു.

ന്യൂയോർക്ക്: താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താനിൽ അഷ്റഫ് ഗനി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണ് ഫേസ്ബുക്കിന്റെ നീക്കം. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ആശയവിനിമയത്തിനായി താലിബാൻ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിൽ താലിബാൻ ആധിപത്യം തിരിച്ചുപിടിക്കുമ്പോൾ അഫ്ഗാൻ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തന്റെ നിലപാടി വ്യക്തമാക്കിയത്.

അഫ്ഗാന്‍ സൈനികര്‍ പോരാടാന്‍ തയ്യാറായില്ലെന്നും, പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുത്. സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കി. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ നിര്‍ദേശം അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി നിരാകരിച്ചുവെന്നും ബൈഡന്‍ വിമര്‍ശിച്ചു.

മാത്രമല്ല, ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത ഏറിയേനെ. അമേരിക്കയുടെ അഫ്ഗാന്‍ നയത്തില്‍ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും, മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് നടുവില്‍ നിന്നു പോരാടാന്‍ സ്വന്തം സേനയോട് ഇനിയും പറയാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.