International (Page 199)

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്നു പ്രതിനിധികളെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാൻ വ്യക്തമാക്കിയതായി റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലഷ്‌കർ, ജെയ്ഷ എന്നീ സംഘടനകളിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് താലിബാൻ ഉറപ്പു നൽകിയതായാണ് വിവരം. എംബംസിയിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫിസിൽ നിന്നാണ് കേന്ദ്ര സർക്കാരിന് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

രണ്ടു ഇന്ത്യൻ വ്യോമസേന വിമാനങ്ങളിലായി എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാൽ കാബൂളിലും മറ്റ് അഫ്ഗാൻ നഗരങ്ങളിലുമായി ഇന്ത്യൻ പൗരന്മാർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാണ്ഡഹാർ, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലാണ് താലിബാൻ ഭീകരർ പരിശോധന നടത്തിയത്. അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ സംഘം രണ്ടുകോൺസുലേറ്റിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയ എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. നാല് ഇന്ത്യൻ കോൺസുലേറ്റുകളാണ് അഫ്ഗാനിസ്താനിൽ പ്രവർത്തിച്ചിരുന്നത്. താലിബാൻ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ കോൺസലേറ്റുകൾ അടച്ചുപൂട്ടിയിരുന്നു. എന്നാൽ കാബൂളിലെ എംബസി ഇതുവരെ ഔദ്യോഗികമായി അടച്ചിട്ടില്ല.

ടോക്കിയോ: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് ജപ്പാന്‍. അമേരിക്കയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്താകും അഫ്ഗാന്‍ വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി കാട്സുനോബു കാട്ടോ അറിയിച്ചു.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാന്‍ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ഭരണത്തിലെ താല്പ്പര്യക്കുറവ് ഔദ്യോഗികമായി ജപ്പാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അഫ്ഗാനില്‍ നിന്നെത്തുന്നവര്‍ക്കായി തങ്ങളുടെ രാജ്യാതിര്‍ത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെര്‍മനി, കാനഡ, ജപ്പാന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കാബൂള്‍: അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശമാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാമെന്നും സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും ശരീയത്ത് നിയമം മാത്രമായിരിക്കും നടപ്പാക്കുകയെന്നുമാണ് താലിബാന്‍ നേതാക്കള്‍ അറിയിക്കുന്നത്.

സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് താലിബാന്‍ നടത്തുന്ന അക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ വ്യാപകമായി പുറത്തുവരുന്നുണ്ട്. ഇരുപത് വര്‍ഷം പിന്നോട്ടടിക്കുന്ന അവസ്ഥയാണ് അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ഖ ധരിക്കാതെ നിരത്തിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ച് കൊന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കില്ലെന്നാണ് താലിബാന്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ തവണ അധികാരത്തിലെത്തിയപ്പോള്‍ സ്ത്രീകള്‍ പുരുഷനായ ബന്ധുവിനോട് ഒപ്പമല്ലാതെ പുറത്തിറങ്ങുന്നതും ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെടുന്നതും താലിബാന്‍ കര്‍ശനമായി വിലക്കിയിരുന്നു. കൂടാതെ ഹുദൂദ് അനുസരിച്ചുള്ള വധശിക്ഷയും കര്‍ശനമായി നടപ്പാക്കിയിരുന്നു.ഇത്തവണ അധികാരം കയ്യാളിയിരിക്കുമ്പോഴും സമാന അവസ്ഥ തന്നെയാണ് രാജ്യം നേരിടുന്നത്.

ഖുറാനിലെയും ഹദീസുകളിലെയും മതനിയമങ്ങള്‍ സംഗ്രഹിച്ചുണ്ടാക്കിയവയാണ് ശരീയത്ത് നിയമങ്ങള്‍. വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത, ലൈംഗികത തുടങ്ങിയവ കടുത്ത പാപമായി കണക്കാക്കുന്ന ശരീയത്ത് നിയമം ഇതിനായി വിധിക്കുന്ന ശിക്ഷകള്‍ പ്രാകൃതമാണ്. കൂടാതെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കും പ്രാകൃതമായ രീതിയിലാകും ശിക്ഷ നടപ്പാക്കുക.

കാബൂൾ: താലിബാനും ചൈനയും തമ്മിലുള്ള ബന്ധം തുറന്നു സമ്മതിച്ച് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ. ഭാവിയിൽ അഫ്ഗാനിസ്താന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന് സുഹൈൽ ഷഹീൻ വ്യക്തമാക്കി. ചൈനയിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുഹൈൽ ഷഹീന്റെ പ്രസ്താവന.

അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതം ചെയ്ത രാജ്യം ചൈനയാണ്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കുക എന്നത് ചൈനയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന പരസ്യമായി വ്യക്തമാക്കിയിരുന്നു. ചെനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും അറിയിച്ചിരുന്നു.

ചൈന താലിബാനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാൻ. അഷ്‌റഫ് ഗനിയുടെ സർക്കാർ അഫ്ഗാനിൽ അധികാരത്തിലിരിക്കുന്ന കാലം വരെ തങ്ങളുടെ താത്പര്യങ്ങൾ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈന മനസിലാക്കിയിരുന്നു. ഇക്കാരണത്താലാണ് ചൈന താലിബാന് പിന്തുണ നൽകുന്നത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ് മറ്റൊരു പദ്ധതി. പാകിസ്താനിൽ നിക്ഷേപങ്ങൾ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ചൈന പദ്ധതിയിടുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് താലിബാന് ചൈന പിന്തുണ നൽകുന്നത്.

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് പിന്നാലെ കാബൂളില്‍ നിന്ന് യുഎസ് സൈനികവിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും. യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ താരം സാകി അന്‍വരിയാണ് മരണപ്പെട്ടതെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിതീകരിച്ചു. 19 വയസുകാരനാണ് സാകി അന്‍വരി.

മരണപ്പെട്ടത് സാകി അന്‍വരിയാണെന്നത് അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തെ സങ്കടത്തിലാഴ്ത്തിയ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.

കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളില്‍ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.

താലിബാന്‍ ഭരണം ഭയന്ന് അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കാബൂൾ: അഫ്ഗാനിസ്താനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തി താലിബാൻ വിരുദ്ധ നിലപാടുകാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. അഫ്ഗാൻ പതാകയും കയ്യിലേന്തിയ ഇവർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ രൂക്ഷമാണെന്നും മരണസംഖ്യ ഇനിയു ഉയർന്നേക്കാമെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യയ്ക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ വിലക്കി. റോഡ് മാർഗ്ഗമുള്ള വ്യാപാരത്തിനും താലിബാൻ വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും താലിബാൻ നിരോധിച്ചു.

അബുദാബി: അഫ്ഗാനില്‍ നിന്നിരുന്നെങ്കില്‍ തൂക്കിലേറപ്പെട്ടേനെയെന്ന്‌ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. അഫ്ഗാന്‍ താലിബാന്‍ പിടിയിലായപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി രാജ്യംവിട്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി അഷ്‌റഫ് ഗനി തന്നെ രംഗത്തുവന്നിരിക്കുന്നത്.

ഇപ്പോള്‍ എമിറേറ്റ്‌സിലാണുള്ളത്, അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്, അഫ്ഗാനിലേക്ക് തിരികെ വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് കടന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, അഫ്ഗാനില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ എന്ന് അഷ്‌റഫ് ഗനി പറഞ്ഞു

നിലവില്‍ സക്കാരുമായി നടത്തിവരുന്ന അനുരഞ്ജന ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോള്‍ അബ്ദുള്ള അബ്ദുള്ളയും മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും ഗനി അറിയിച്ചു.

കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി രാജ്യത്ത് നിന്നും ജനങ്ങൾ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് പുറത്തു വരുന്നത്. എങ്ങനെയെങ്കിലും രാജ്യത്ത് നിന്നും പുറത്തു കടക്കാനായി വിമാനത്താവങ്ങളിലേക്ക് കൂട്ടമായി എത്തുകയാണ് ജനങ്ങൾ. വിമാനങ്ങളിൽ തിങ്ങികൂടിയാണ് ജനങ്ങൾ രക്ഷപ്പെടുന്നത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് തങ്ങിക്കൂടിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തു വന്നിരുന്നു.

കാബൂളിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കൻ സൈനികരോട് അഭ്യർത്ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളും പുറത്തു വന്നിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് ഇവർ.

രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികർ രാത്രിയിൽ എങ്ങനെ കരയാതിരിക്കുമെന്ന് മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചോദിക്കുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭയാനകമായ കാഴ്ച്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത്. സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുകമ്പിക്ക് മുകളിൽ എറിയുകയായിരുന്നുവെന്നും ചിലർ മുള്ളുകമ്പിയിൽ കുടുങ്ങിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ‘ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു’ എന്ന് സ്ത്രീകൾ നിലവിളിക്കുന്നത് വീഡിയോയിലുണ്ട്. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയിൽ കാത്തുനിൽക്കവേ താലിബാൻ ഭീകരരിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതായി ഓസ്ട്രിയൻ സൈന്യത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കായി ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചു വർഷത്തെ പുനരധിവാസ പദ്ധതി പ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും അവസാനിപ്പിച്ച് താലിബാൻ. ഫെഡററേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാൻ ഇന്ത്യയിൽ നിന്നും കപ്പൽ മാർഗമുള്ള ഇറക്കുമതി അവസാനിപ്പിച്ചുവെന്നും സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

‘അവിടെ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീർഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021-ൽ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയ്ക്ക് അഫ്ഗാനിലുള്ളത്. 400-ഓളം പദ്ധതികളും അഫ്ഗാനിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ താലിബാനെതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജലാലാബാദിലെ പഷ്തുനിസ്ഥാൻ സ്‌ക്വയറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. താലിബാൻ പതാക നീക്കി അഫ്ഗാന്റെ പതാ ഉയർത്താൻ ശ്രമിച്ചവർക്ക് നേരെയാണ് വെടിവെയ്പ്പ് നടന്നത്.

സർക്കാർ ഓഫീസുകളിൽ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരിൽ ചിലർ താലിബാൻ പതാക നീക്കം ചെയ്തുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. തോക്കുമായി ഭീകരർ എത്തിയതോടെ പ്രതിഷേധക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 115 കിലോമീറ്റർ അകലെയാണ് ജലാലാബാദ്. ജലാലാബാദിലെ മറ്റൊരു സ്ഥലത്തും താലിബാൻ പതാക നീക്കാൻ ശ്രമം നടന്നതായാണ് വിവരം. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പലസ്ഥലത്തും സ്ഥാപിച്ചിരുന്ന അഫ്ഗാൻ പതാക നീക്കം ചെയ്യുകയും പകരം താലിബാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.