അഫ്ഗാന്‍ സൈനികര്‍ പോരാടാന്‍ തയ്യാറായില്ല, മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് നടുവില്‍ ഇനി സേനയെ തള്ളിവിടില്ലെന്ന് ബൈഡന്‍ !

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തന്റെ നിലപാടി വ്യക്തമാക്കിയത്.

അഫ്ഗാന്‍ സൈനികര്‍ പോരാടാന്‍ തയ്യാറായില്ലെന്നും, പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുത്. സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കി. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ നിര്‍ദേശം അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി നിരാകരിച്ചുവെന്നും ബൈഡന്‍ വിമര്‍ശിച്ചു.

മാത്രമല്ല, ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത ഏറിയേനെ. അമേരിക്കയുടെ അഫ്ഗാന്‍ നയത്തില്‍ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും, മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് നടുവില്‍ നിന്നു പോരാടാന്‍ സ്വന്തം സേനയോട് ഇനിയും പറയാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.