International (Page 201)

ടൊറന്റൊ: താലിബാൻ നിയന്ത്രണത്തിലാക്കിയതോടെ അഫ്ഗാനിസ്ഥാനിൽ പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദു, സിഖ് വംശജർക്ക് അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ. 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ ഓഗസ്റ്റ് 16 ന് ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു പ്രവർത്തന നിരതരാണെന്ന് കാനഡ ഇമിഗ്രേഷൻ മിനിസ്റ്റർമാർക്കൊ മെൻഡിസി അറിയിച്ചു. ആൽബർട്ടായിലുള്ള മാൻമീറ്റ് സിംഗ് ബുള്ളർ ഫൗണ്ടേഷനുമായി അഭയാർഥികളെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ കാനഡയിൽ എത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണം നൽകുമെന്ന് കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹർജിത് സാജനും അറിയിച്ചു.

1990 ൽ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തപ്പോൾ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങൾക്കാണ് കാനഡ അഭയം നൽകിയത്.

കാബൂൾ: താലിബാനെ അനുകൂലിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ തീരുമാനം. അഫ്ഗാനിസ്താനിൽ താലിബാൻ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.

അതേസമയം രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ ആവശ്യമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും വ്യക്തമാക്കി.വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ താലിബാന്റെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീർ കാബുലോവ് അറിയിച്ചു.

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ യുഎൻ രക്ഷാസമിതിയുടെ യോഗം ചേർന്നിരുന്നു. മനുഷ്യാവകാശ ലംഘനം അനുവദിക്കില്ലെന്ന് യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിച്ചു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. വ്യോമസേനയുടെ സി 130 ജെ വിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുള്ളത്. തുടർന്ന് നടപടികൾക്കായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് വ്യോമസേനാ വിമാനങ്ങൾ.

നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത് ഇന്ത്യൻ എംബസി മാത്രമാണ്. ഇരുനൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഇവരിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതെന്നാണ് സൂചന.

രണ്ട് വിമാനങ്ങളിലുമായി 240-ഓളം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നിലവിൽ യാത്രാ വിമാനങ്ങൾക്ക് കാബൂളിലേക്ക് പ്രവേശനാനുമതിയില്ല. സൈനിക വിമാനങ്ങൾക്ക് മാത്രമാണ് കാബൂളിലേക്ക് പ്രവേശിക്കാൻ അനുമതി ഉള്ളത്.

ന്യൂഡല്‍ഹി: അഫ്ഗാന്‍ കീഴടക്കിയ താലിബാന്റെ അടുത്ത ഉന്നം ഇന്ത്യയാണെന്ന മുന്നറിയിപ്പുമായി ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഒരു വര്‍ഷത്തിനുള്ളില്‍ ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇന്ത്യയെ ആക്രമിക്കുമെന്നാണ് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെ സുരക്ഷിത താവളമാക്കി ഒരു വര്‍ഷത്തിനുള്ളില്‍ താലിബാനും പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ വിശദീകരിക്കുന്നത്.

നേരത്തെ, അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനുള്ള സൈനിക നീക്കം നടത്തുന്നതിന് താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കായി ഇന്ത്യ വാതില്‍ തുറന്നിടണമെന്ന് സ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ മുന്നറിപ്പ്.

ബെയ്ജിങ്: അഫ്ഗാന്‍ ഭരണത്തെ തച്ചുടച്ച് അധികാരം കയ്യാളിയ തീവ്രവാദ സംഘടന താലിബാനുമായുള്ള സഹകരണം പരസ്യമായി പ്രഖ്യാപിച്ച് ചൈന. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചു.

അഫ്ഗാനിസ്ഥാനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നുണ്ടെന്നും, അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് പറഞ്ഞു.

അതിനാല്‍ തന്നെ, അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും, അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് അറിയിച്ചു

മാത്രമല്ല, ചൈനയുമായി സൗഹൃദം പുലര്‍ത്തുന്നതിനുള്ള താല്‍പര്യം താലിബാന്‍ നേരത്തെ പ്രകടമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് വക്താവ് ഇതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

കാബൂൾ: കാബൂളിൽ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് യുഎസ് സൈന്യം. നൂറുകണക്കിന് അഫ്ഗാൻ പൗരൻമാരാണ് എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തു കടക്കണമെന്ന ലക്ഷ്യത്തോടെ വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ കയറാനായി അഫ്ഗാൻ പൗരന്മാർ തിക്കും തിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് കാബൂളിലെ വിമാനത്താവളത്തിൽ നിന്നും പുറത്തു വരുന്നത്.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്നും നിരവധി പേരാണ് പലായനം ചെയ്യുന്നത്. കാബൂൾ എയർപോർട്ടിൽ എത്തിയ വിമാനത്തിലേക്ക് ആളുകളാണ് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതോടെ യുഎസ് സൈന്യം ആകാശത്തേക്ക് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.

അതേസമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും താലിബാൻ പിടിച്ചെടുത്തു. ഇതോടെയാണ് എങ്ങനെയും രാജ്യത്ത് നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന് ജനങ്ങൾ തീരുമാനിച്ചത്.

കാബൂള്‍: അഫ്ഗാന്‍ ഭരണം തീവ്രവാദ സംഘടനയായ താലിബാന് മുന്നില്‍ അടിയറവ് വയ്ക്കുമ്പോള്‍ ലോകത്തിനാകെ ഭീതിജനമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാബൂളിലെ പ്രാന്ത പ്രദേശത്തുള്ള ജയിലുകളില്‍ നിന്നും 5000 തടവകാരെയാണ് താലിബാന്‍ തുറന്നുവിട്ടിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ ഭീകരര്‍ അടങ്ങുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലില്‍ നിന്നും ആയിരക്കണക്കിന് പേര്‍ പുറത്തുവരുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ജയില്‍ പിടിച്ചെടുത്താണ് താലിബാന്‍ തടവുകാരെ മോചിപ്പിച്ചത്. യുഎസ് സൈന്യത്തിനായിരുന്നു ജയിലിന്റെ ചുമതല. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതോടെ ജയിലിന്റെ നിയന്ത്രണം ജൂലൈ ഒന്നിന് അഫ്ഗാന്‍ ഗവണ്‍മെന്റിന്കൈമാറിയിരുന്നു.

അതേസമയം, കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തി. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനവും നടത്തി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

കാബൂൾ: അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി പ്രഖ്യാപിക്കുമെന്നു താലിബാൻ. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം താലിബാൻ ഇതിനോടകം പിടിച്ചടക്കിയിട്ടുണ്ട്.

കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. അഷ്റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന. അഫ്ഗാനിൽ ഭരണനിയന്ത്രണത്തിനു മൂന്നംഗ താൽക്കാലിക സമിതിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ട്. താലിബാൻ പ്രതിനിധിയും സമിതിയിലുണ്ടെന്നാണു സൂചന. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലാണു സമിതി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസും നിർത്തി.

കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.

കാബൂൾ: കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. അഷ്‌റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.

കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.

താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് റിപ്പോർട്ട്. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കൾ അറിയിച്ചിരുന്നു. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാബൂളിൽ നിന്നും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തെ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.

വാഷിംഗ്ടൺ: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കോവിഡിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് യുഎസ് റെഗുലേറ്റർമാർ അറിയിച്ചു.

ഫൈസർ-ബയോഎൻടെക്, മോഡേണ വാക്‌സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്. കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് പറയുന്നത്.

രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കാൻ പാടുള്ളൂവെന്നാണ് എഫ്ഡിഎ നിർദ്ദേശം നൽകിയിരിക്കുന്നത്.