കറാച്ചി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ. അഞ്ചുവർഷമായി തടവിൽ കഴിയുകയായിരുന്ന മുല്ല മുഹമ്മദിനെയാണ് പാകിസ്താൻ ജയിലിൽ നിന്നും മോചിപ്പിച്ചത്. നടപടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. താലിബാനെ എല്ലാ തരത്തിലും സഹായിക്കുന്ന പാകിസ്ഥാൻ താലിബാൻ നൽകുന്ന പിന്തുണ പ്രകടിപ്പിക്കാനാണ് മുല്ല മുഹമ്മദിനെ ജയിൽ മോചിതനാക്കിയതെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.
താലിബാനുമായി തെറ്റിപ്പിരിഞ്ഞ് പുതിയ തീവ്രവാദി വിഭാഗം രൂപീകരിച്ചതിന് പിന്നാലെയാണ് മുല്ല മുഹമ്മദിനെ പാകിസ്താൻ അറസ്റ്റു ചെയ്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വച്ചായിരുന്നു അറസ്റ്റ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മരണത്തെത്തുടർന്ന് മുല്ല അക്തർ മൻസൂറിനെ നേതാവായി തെരഞ്ഞെടുത്തതോടെയാണ് മുല്ല മുഹമ്മദ് താലിബാനുമായി തെറ്റിപ്പിരിഞ്ഞത്.
മുല്ല ഒമറിന്റെ മരണത്തെ തുടർന്ന് റസൂലും മൻസൂറും താലിബാന്റെ നേതൃത്വത്തെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. മുല്ല അക്തർ മൻസൂറിനെ നേതാവായി അംഗീകരിക്കാൻ മുല്ല മുഹമ്മദ് തയ്യാറായില്ല. തുടർന്ന് ഒരുവിഭാഗം പുതിയ സംഘടന രൂപീകരിച്ച് മുല്ല മുഹമ്മദിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ മുല്ല മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.

