International (Page 188)

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ തീരാനഷ്ടത്തിന് 20 വയസ്. ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിനം ഒരിക്കല്‍ കൂടി കടന്നു പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നഷ്ടപ്പെട്ടത് മൂവായിരത്തോളം വരുന്ന സാധാരണക്കാരുടെ ജീവിതങ്ങളാണ്.

പ്രപഞ്ചത്തിലെ ഓരോ ചലനവും അറിയുന്നുവെന്ന് അഭിമാനിച്ചിരുന്ന അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്.

2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46നായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് വിമാനം ഇടിച്ചുകയറ്റിയത്. മിനിറ്റുകള്‍ക്കകം 110 നിലകളാണ് നിലംപൊത്തിയത്. 17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം വാഷിങ്ടന്‍ ഡിസിയിലെ വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തില്‍ ഇടിച്ചുകയറ്റിയപ്പോള്‍, നാലാമതൊരു വിമാനം 10.03ന് പെന്‍സില്‍വാനിയ സംസ്ഥാനത്തെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്സ്വില്ലെ എന്ന സ്ഥലത്തെ പാടത്ത് തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡി.സിയെ ലക്ഷ്യമിട്ട് പറന്ന വിമാനത്തിന് ലക്ഷ്യം കൈവരിക്കാനായില്ല.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 175-ാം നമ്പര്‍ വിമാനം, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 77-ാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 93-ാം നമ്പര്‍ വിമാനം എന്നിങ്ങനെ റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളാണ് ആക്രമണങ്ങള്‍ക്കായി ഭീകരര്‍ ഉപയോഗിച്ചത്.

പിന്നീട്, ആക്രമണങ്ങളുടെ സൂത്രധാനരായ അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ യു.എസ് സൈന്യം അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തി. അല്‍ ഖ്വയ്ദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ച് അമേരിക്ക ജനാധിപത്യ ഭരണം സ്ഥാപിച്ചു.

ഇതിനിടെ പാക്കിസ്ഥാനിലേക്ക് കടന്ന അല്‍ ഖ്വയ്ദ നേതാക്കളെ അമേരിക്ക രക്ഷപ്പെടാന്‍ വിട്ടില്ല. 2011 മെയ് രണ്ടിന് പിന്തുടര്‍ന്ന് ചെന്ന് ലാദനെ പാകിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തില്‍ വെച്ച് യു.എസ് കമാന്‍ഡോകള്‍ വധിച്ചു.

മാത്രമല്ല, ജനാധിപത്യം നിലനിര്‍ത്താന്‍ യു.എസ്, നാറ്റോ സേനകള്‍ അഫ്ഗാനു സംരക്ഷണമൊരുക്കി അവിടെ തുടര്‍ന്നു. എന്നാല്‍ യുദ്ധങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും അവസാനമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അഫ്ഗാന്‍ പൂര്‍ണമായും താലിബാന്‍ ഭീകരര്‍ക്ക് വിട്ടുകൊടുത്ത് അമേരിക്ക പിന്മാറിയിരിക്കുന്നു.

ന്യൂഡല്‍ഹി: വന്‍ വിവാദങ്ങള്‍ മറികടന്ന് ഇന്ത്യന്‍ സേനയുടെ കരുത്തു കൂട്ടാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തുന്നു. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ 36 റഫാലുകളും അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത മൂന്ന് മാസങ്ങളിലായി ഓരോ മാസവും മൂന്ന് വീതം റഫാലുകളാവും ഫ്രാന്‍സ് കൈമാറുക.

ഇതില്‍ ആദ്യ ബാച്ച് അടുത്ത മാസം 13ന് ജാംനഗര്‍ ബേസില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ വിമാനങ്ങളും എത്തിയ ശേഷം ജനുവരിയോടെ വിമാനങ്ങളില്‍ അത്യാധുനിക ആയുധങ്ങളും, ശേഷി വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികമായ മെച്ചപ്പെടുത്തലുകളും നടത്തും. ഇന്ത്യ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടപ്രകാരമാവും ഇത്. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നും ഇന്ത്യ സ്വന്തമാക്കുന്ന ചില സംവിധാനങ്ങള്‍ കൂടി റഫാലില്‍ കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ ടു ഗ്രൗണ്ട്, എസ് സി എല്‍ പി ലാന്‍ഡ് അറ്റാക്ക്, എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവയില്‍ ഏറ്റവും ഉയരത്തിലും കൃത്യതയോടും പ്രയോഗിക്കാവുന്ന ആയുധങ്ങള്‍ റഫാലില്‍ ഘടിപ്പിക്കും. കൂടുതല്‍ ശക്തമായ റേഡിയോ ആള്‍ട്ടിമീറ്റര്‍, റഡാര്‍ മുന്നറിയിപ്പ് റിസീവര്‍, ലോ ബാന്‍ഡ് ജാമര്‍, ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് അപ്പ്, സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗെറ്റ് ഇന്‍ഡിക്കേറ്റര്‍, ട്രാക്കിംഗ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക്, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നവയില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ റഫാലിന്റെ മേന്മയും കരുത്തും വര്‍ദ്ധിപ്പിക്കും.

നാവിക സേനയും തങ്ങളുടെ വിമാന വാഹിനി കപ്പലുകളില്‍ റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ റഫാലുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിന് പുറമേ ഇന്ത്യന്‍ വ്യോമ പ്രതിരോധത്തിന് ശക്തമായ കവചമൊരുക്കാന്‍ റഷ്യയില്‍ നിന്നും എസ് 400 വ്യോമ പ്രതിരോധ സംവിധാനം കൂടി എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

കാബൂൾ: സെപ്തംബർ 11 ന് അഫ്ഗാനിൽ താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന ദിവസമാണ് താലിബാൻ അഫ്ഗാനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതെന്നാണ് വിവരം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും താലിബാൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപന്നത്. പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണെന്നും താലിബാൻ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അഫ്ഗാനിലെ താലിബാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകര പട്ടികയിലുള്ളവരാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെയാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല താലിബാൻ അഫ്ഗാനിൽ രൂപീകരിച്ചിരിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കിയിരുന്നു.

ബെയ്ജിംഗ്: അഫ്ഗാനിസ്താനിൽ രൂപീകരിച്ച താലിബാൻ സർക്കാരിന് പിന്തുണയുമായി ചൈന. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിന് ശേഷം ആദ്യമായാണ് ചൈന താലിബാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഫ്ഗാനിൽ ക്രമസമാധാനം പുനസ്ഥാപിക്കാനും അരാജകത്വം അവസാനിപ്പിക്കാനും സർക്കാർ രൂപീകരണം അത്യാവശ്യമാണെന്നാണ് ചൈന പറയുന്നത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു ചൈനയുടെ പ്രതികരണം.

താലിബാൻ സർക്കാരിന് 3.1 കോടി ഡോളർ വിലവരുന്ന ധാന്യങ്ങളും വാക്സിനുകളും മരുന്നുകളും നൽകുമെന്നും ചൈന യോഗത്തിൽ ഉറപ്പു നൽകി. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയാണ് ഇതുസംബന്ധിച്ച വാഗ്ദാനം നൽകിയത്. ചൈന കൂടുതൽ അടിയന്തര സാധന സാമഗ്രികൾ അഫ്ഗാനിസ്താന് നൽകുമെന്നും ചൈനയുടെ വിദേശകാര്യമന്ത്രി ഉറപ്പ് നൽകി. അതേസമയം ചൈന അനധികൃത മയക്കമരുന്ന് വ്യാപാരത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും എതിർക്കുമെന്നും വാങ് യി പ്രതികരിച്ചു.

പാകിസ്താനാണ് യോഗം വിളിച്ചു ചേർത്തത്. ഇറാൻ, താജിക്കിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. അതേസമയം ഇന്ത്യയ്ക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല. റഷ്യയും യോഗത്തിൽ നിന്നും വിട്ടു നിന്നു.

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ. അഫ്ഗാനിൽ സംഗീതോപകരണങ്ങൾ ഉൾപ്പെടെ താലിബാൻ തകർക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെയും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

താലിബാൻ ഭീകരർ സംഗീതോപകരണങ്ങൾ തകർത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതേസമയം കാബൂളിലെ നോർവീജിയൻ എംബസിയും താലിബാൻ പിടിച്ചടക്കി. താലിബാൻ ഭീകരർ എംബസി പിടിച്ചെടുത്തതിന് പിന്നാലെ മദ്യക്കുപ്പികൾ തകർത്തെറിഞ്ഞുവെന്നും എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാൻ ഭീകരവാദികൾ നശിപ്പിച്ചുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ അക്രമം അവസാനിപ്പിക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടി. അഫ്ഗാനിസ്താനിൽ ചർച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ബ്രിക്‌സ് ഉച്ചകോടി നടന്നത്.

ന്യൂഡൽഹി പ്രഖ്യാപനത്തിന് ഉച്ചകോടി പിന്തുണ അറിയിച്ചു. അഫ്ഗാനിസ്താൻ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിക്കുകയും ചെയ്തു.

അഫ്ഗാൻ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരേ ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണിൽ തീവ്രവാദം ശക്തിപ്പെടുന്നത് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വ്യക്തമാക്കി. ഭീകരർക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാൻ അഫ്ഗാൻ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താനിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിൻവാങ്ങിയതാണെന്നും പുടിൻ പറഞ്ഞു. ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. അഫ്ഗാനിൽ സമാധാനം നിലനിർത്താൻ രാജ്യത്തിനുള്ളിൽ തന്നെ ചർച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്സ് ഉച്ചകോടിയിൽ ആവശ്യം ഉയർന്നു. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

കാബൂള്‍: അമേരിക്കയുമായി സഹകരിച്ച മുന്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് താലിബാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് താലിബാന്റെ ഉത്തരവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന്, അമേരിക്കയുമായി ബന്ധപ്പെട്ട് മുമ്പ് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകളുടെ പട്ടിക സ്വകാര്യബാങ്കുകള്‍ക്ക് താലിബാന്‍ നല്‍കി. മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ അഫ്ഗാനിലെ മുന്‍ മന്ത്രിമാര്‍, ഡെപ്യൂട്ടികള്‍, എംപിമാര്‍, മേയര്‍മാര്‍ എന്നിവരുടെയും ഉള്‍പ്പെടും.

താലിബാന്‍ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകള്‍ ഉടന്‍ തുറക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, അമേരിക്കയുമായി ബന്ധപ്പെട്ട് കിടക്കുന്ന അഫ്ഗാന്‍ ഫണ്ടുകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. ഇതോടെ കോടിക്കണക്കിന് പണമാണ് താലിബാന് നഷ്ടപ്പെട്ടത്. അഫ്ഗാന് വേണ്ടി നീക്കി വച്ചിരുന്ന 440 മില്യണ്‍ ഡോളര്‍ ഫണ്ട് ഐഎംഎഫും തടഞ്ഞിരുന്നു.

കാബൂള്‍: താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ വനിതാ സ്പോര്‍ട്സിന് വിലക്ക്. വനിതകളെ ക്രിക്കറ്റ് ഉള്‍പ്പടെ ഒരു കായിക വിനോദത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചു. താലിബാന്‍ വക്താവും സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതു വ്യക്തമാക്കിയത്.

കായിക വിനോദങ്ങള്‍ പങ്കെടുക്കുമ്പോള്‍ വനിതകള്‍ക്ക് പലപ്പോഴും മുഖവും ശരീരവും മറയ്ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

കൂടാതെ, ഇതു മാധ്യമങ്ങള്‍ കണ്ണുതുറന്നിരിക്കുന്ന കാലമാണെന്നും, ഇത്തരത്തില്‍ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിക്കാനും അതു ആളുകള്‍ കാണാനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഇത്തരത്തില്‍ തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നും വാസിക് വ്യക്തമാക്കി.

ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിക്കും തിരിച്ചടിയായിരിക്കുകയാണ്. ഐ.സി.സി. അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ.സി.സി. അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നാല്‍ അത് പുരുഷ ടീമിനെയും ബാധിക്കും.

ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത്. രണ്ട് വയസു മുതലുള്ള കുട്ടികൾക്കാണ് ക്യൂബയിൽ വാക്‌സിൻ നൽകി തുടങ്ങിയത്. എത്രയും വേഗം വാക്‌സിനേഷൻ നടപടികൾ പൂർത്തികരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളിലെ വാക്‌സിനേ്ഷൻ പൂർത്തീകരിക്കമമെന്നാണ് ക്യൂബ പദ്ധതിയിടുന്നത്. ഒക്ടോബർ അവസാനത്തോടെ തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനാണ് ക്യൂബയിൽ കുട്ടികൾക്ക് നൽകുന്നതെന്നാണ് വിവരം. അതേസമയം കുട്ടികൾക്ക് നൽകിത്തുടങ്ങിയ വാക്‌സിനുകൾ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയതാണെന്നും മികച്ച രോഗ പ്രതിരോധശേഷി നൽകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചൈന, യുഎഇ, വെനസ്വേല തുടങ്ങിയവ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചെറിയ കുട്ടികൾക്കുള്ള കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളും കുട്ടികൾക്കുളള വാക്‌സിനേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അക്രമ സംസ്‌കാരത്തെ പിന്തുണയ്ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്ത്യ പറഞ്ഞു.

ജമ്മു കാശ്മീര്‍ പ്രശ്‌നവും വിമത നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരണവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചാവിഷയമാക്കിയതിനെ തുടര്‍ന്നുള്ള മറുപടി പ്രസംഗത്തിലാണ് ഇന്ത്യ അയല്‍രാജ്യത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സമാധാന സംസ്‌കാരം എന്നത് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരു തത്വം മാത്രമല്ലെന്നും, അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി കെട്ടിപ്പടുക്കേണ്ട ഒന്നാണെന്നും ഇന്ത്യയുടെ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു. ‘സമാധാനത്തിന്റെ സംസ്‌കാരം’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ ശക്തമായ വാദമുഖങ്ങള്‍ മുന്നോട്ടു വച്ചത്.

ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ മറ്റൊരു വേദി കൂടി മുതലെടുക്കാനുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ ഒരു ശ്രമത്തിന് കൂടി തങ്ങളിന്ന് സാക്ഷ്യം വഹിച്ചെന്ന് വിദിഷ മൈത്ര പറഞ്ഞു.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രകടനമായ ഭീകരത എല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും എതിരാണെന്നതില്‍ സംശയമില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അതിന് അവരെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലോകം ആശങ്കപ്പെടണമെന്ന് വിദിഷ മൈത്ര ചൂണ്ടിക്കാട്ടി.