ന്യൂഡല്‍ഹി: വന്‍ വിവാദങ്ങള്‍ മറികടന്ന് ഇന്ത്യന്‍ സേനയുടെ കരുത്തു കൂട്ടാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തുന്നു. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ 36 റഫാലുകളും അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത മൂന്ന് മാസങ്ങളിലായി ഓരോ മാസവും മൂന്ന് വീതം റഫാലുകളാവും ഫ്രാന്‍സ് കൈമാറുക.
ഇതില്‍ ആദ്യ ബാച്ച് അടുത്ത മാസം 13ന് ജാംനഗര്‍ ബേസില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാ വിമാനങ്ങളും എത്തിയ ശേഷം ജനുവരിയോടെ വിമാനങ്ങളില്‍ അത്യാധുനിക ആയുധങ്ങളും, ശേഷി വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികമായ മെച്ചപ്പെടുത്തലുകളും നടത്തും. ഇന്ത്യ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടപ്രകാരമാവും ഇത്. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നും ഇന്ത്യ സ്വന്തമാക്കുന്ന ചില സംവിധാനങ്ങള്‍ കൂടി റഫാലില്‍ കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ ടു ഗ്രൗണ്ട്, എസ് സി എല്‍ പി ലാന്‍ഡ് അറ്റാക്ക്, എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവയില്‍ ഏറ്റവും ഉയരത്തിലും കൃത്യതയോടും പ്രയോഗിക്കാവുന്ന ആയുധങ്ങള്‍ റഫാലില്‍ ഘടിപ്പിക്കും. കൂടുതല്‍ ശക്തമായ റേഡിയോ ആള്‍ട്ടിമീറ്റര്‍, റഡാര്‍ മുന്നറിയിപ്പ് റിസീവര്‍, ലോ ബാന്‍ഡ് ജാമര്‍, ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് അപ്പ്, സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗെറ്റ് ഇന്‍ഡിക്കേറ്റര്‍, ട്രാക്കിംഗ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്ക്, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നവയില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ റഫാലിന്റെ മേന്മയും കരുത്തും വര്‍ദ്ധിപ്പിക്കും.
നാവിക സേനയും തങ്ങളുടെ വിമാന വാഹിനി കപ്പലുകളില്‍ റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ റഫാലുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിന് പുറമേ ഇന്ത്യന്‍ വ്യോമ പ്രതിരോധത്തിന് ശക്തമായ കവചമൊരുക്കാന്‍ റഷ്യയില്‍ നിന്നും എസ് 400 വ്യോമ പ്രതിരോധ സംവിധാനം കൂടി എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

