ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അക്രമ സംസ്‌കാരത്തെ പിന്തുണയ്ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്ത്യ പറഞ്ഞു.
ജമ്മു കാശ്മീര്‍ പ്രശ്‌നവും വിമത നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരണവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചാവിഷയമാക്കിയതിനെ തുടര്‍ന്നുള്ള മറുപടി പ്രസംഗത്തിലാണ് ഇന്ത്യ അയല്‍രാജ്യത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
സമാധാന സംസ്‌കാരം എന്നത് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരു തത്വം മാത്രമല്ലെന്നും, അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി കെട്ടിപ്പടുക്കേണ്ട ഒന്നാണെന്നും ഇന്ത്യയുടെ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു. ‘സമാധാനത്തിന്റെ സംസ്‌കാരം’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ ശക്തമായ വാദമുഖങ്ങള്‍ മുന്നോട്ടു വച്ചത്.
ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ മറ്റൊരു വേദി കൂടി മുതലെടുക്കാനുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ ഒരു ശ്രമത്തിന് കൂടി തങ്ങളിന്ന് സാക്ഷ്യം വഹിച്ചെന്ന് വിദിഷ മൈത്ര പറഞ്ഞു.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രകടനമായ ഭീകരത എല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും എതിരാണെന്നതില്‍ സംശയമില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അതിന് അവരെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലോകം ആശങ്കപ്പെടണമെന്ന് വിദിഷ മൈത്ര ചൂണ്ടിക്കാട്ടി.

