International (Page 189)

കാബൂൾ: പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ. താലിബാൻ ഭീകരർക്ക് സഹായവും പിന്തുണയും നൽകുന്നതിനാണ് പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ രംഗത്തെത്തിയിരിക്കുന്നത്. പഞ്ച്ശീറിൽ ആക്രമണം നടത്തുന്നതിന് താലിബാന് വേണ്ട സഹായങ്ങൾ പാക് സൈന്യം സഹായം നൽകുന്നുണ്ടെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി ജനങ്ങൾ നിരത്തിലിറങ്ങിയത്.

പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകൾ കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താലിബാൻ വെടിയുതിർത്താണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പാക് ചാരസംഘടനയായ ഐഎസ്ഐ പ്രതിനിധി സംഘം താമസിക്കുന്ന കാബൂൾ സെറിന ഹോട്ടലിലേക്കും അഫ്ഗാൻ ജനത പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

പാകിസ്താൻ താലിബാൻ ഭീകരർക്ക് പരിശീലനം നൽകുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. താലിബാൻ സർക്കാർ രൂപവത്കരണത്തിന് മുന്നോടിയായി പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവി ജനറൽ ഫൈസ് ഹമീദിന്റെ നേതൃത്വത്തിൽ ഒരു സംഘം കാബൂളിൽ എത്തിയിരുന്നു. താലിബാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്നതായി പാക്കിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വയും വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടൺ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പാരിസ്: ഒസാമ ബിൻ ലാദന്റെ പ്രവൃത്തികളിൽ സമൂഹത്തോട് മാപ്പപേക്ഷിച്ച് മകൻ ഒമർ ബിൻ ലാദൻ. തന്റെ പിതാവിനോടും അയാൾ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമർ പറയുന്നത്. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒസാമ ബിൻ ലാദന്റെ ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഒമർ. ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഒമർ പറയുന്നത്. വ്യത്യസ്ത മതങ്ങളിൽ പെട്ടവർ അയൽക്കാരായി സമാധാനത്തിൽ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നാണ് ഒമറിന്റെ നിലപാട്. അൽ-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ തന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. തന്റെ ജീവിതം മുഴുവൻ ഞാൻ പാഴാക്കി കളയുകയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഞാനെന്തൊരു വിഡ്ഢിയാണെന്ന് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചു പോരുമെന്ന് തനിക്ക് അന്നുതന്നെ തോന്നിയിരുന്നുവെന്നും ഒമർ മാദ്ധ്യമത്തോട് പറഞ്ഞു.

2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ആ ദിവസമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചതെന്നും നഷ്ടങ്ങളുടെയും വേദനകളുടെ വർഷങ്ങൾക്കു ശേഷം പിതാവിനെ കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടായത് അപ്പോഴായിരുന്നുവെന്നും ഒമർ വിശദമാക്കി. പിതാവ് യുദ്ധത്തിനിടയിൽ നിരവധി പേരെ കൊന്നിട്ടുണ്ടാകാം. ആളുകളെ കൊല്ലുന്നതിലൂടെ എന്തെങ്കിലും സന്തോഷമോ വേദനയോ അദ്ദേഹം അനുഭവിച്ചിരിക്കാൻ സാധ്യതയില്ല. ബിൻ ലാദൻ എന്ന കുടുംബപ്പേര് തനിക്ക് ഭാരമാണ്. ഉസാമ ബിൻ ലാദൻ സൗദി പൗരനായിരുന്നതിനാൽ അറബ് ലോകത്തുള്ളവർക്ക് തന്നെ ഭയവും വെറുപ്പുമാണെന്നും ഒമർ അഭിപ്രായപ്പെട്ടു.

യൂറോപ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും അത് അത്രവലിയ പ്രശ്‌നമായി അനുഭവപ്പെടാറില്ല. ഉസാമയുടെ മകനായതിനാൽ ഞാനും അദ്ദേഹത്തെ പോലെയാണെന്നാണ് അറബ് രാജ്യങ്ങൾ കരുതുന്നതെന്നും എന്നാൽ താൻ ഒരിക്കലും അദ്ദേഹത്തെ പോലെയല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പിതാവ് നല്ലതോ ചീത്തയോ ആകാം. എന്നാൽ ആ രീതിയിൽ മക്കളെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡല്‍ഹി: താലിബാന്‍ ഭരണം കീഴടക്കിയ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ദൗത്യം പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം. ‘ഓപ്പറേഷന്‍ ദേവി ശക്തി’ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു.

രാജ്യാന്തര വിമാനസര്‍വീസ് തുടങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുളള രക്ഷാദൗത്യം ഇന്ത്യ നിര്‍ത്തിവച്ചത്. അഫ്ഗാനില്‍ നിന്ന് എത്തിക്കുന്നവര്‍ക്കുളള ക്വാറന്റൈന്‍ സൗകര്യമടക്കം ഒരുക്കണമെന്ന് ഐടിബിപിയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇനിയും 300ഓളം പേരെയാണ് ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുളളത്.

കാബൂൾ: അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ താലിബാൻ അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ചത്. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്. സിറാജുദ്ദീൻ ഹഖാനിയെയാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചത്. അമീർ മുതാഖിയെ വിദേശകാര്യ മന്ത്രിയായും ഷേർ അബ്ബാസിനെ വിദേശകാര്യ സഹമന്ത്രിയായും നിയമിച്ചു. അബ്ദുൾ ഹക്കീമിനാണ് നിയമ വകുപ്പിന്റെ ചുമതല. മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു.

അതേസമയം അഫ്ഗാനിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാനിൽ തർക്കവും അഭിപ്രായ ഭിന്നതയും രൂക്ഷമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വത്തിക്കാന്‍ സിറ്റി: താലിബാനെ ഭയന്ന് രാജ്യം വിടുന്ന അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാകണമെന്ന് ലോകത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ. അവര്‍ക്കായി ലോകം പ്രാര്‍ത്ഥിക്കുന്നുവെന്നും, അഫ്ഗാനിലെ യുവതലമുറക്ക് വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നും മാര്‍പാപ്പ പറഞ്ഞു

സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ പ്രാര്‍ഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം അറിയിച്ചത്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയോട് ഒരു രാജ്യവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചു. പാകിസ്താന്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് താലിബാന്‍ സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടങ്ങളിലും ഈ മൂന്ന് രാജ്യങ്ങളും താലിബാന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

അഫ്ഗാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യം വിടാതെ തങ്ങളുടെ എംബസി തുറന്ന് പ്രവര്‍ത്തിപ്പിച്ച രാജ്യങ്ങളാണ് റഷ്യയും ചൈനയും പാകിസ്താനും. ഇവര്‍ക്ക് പുറമെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താലിബാന്‍ അനുകൂല ട്വിറ്റര്‍ പേജിലാണ് ഈ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി പറയുന്നത്.

കാബൂൾ: ഒടുവിൽ പഞ്ച്ശീറും പിടിച്ചെടുത്തായി താലിബാൻ. പ്രവിശ്യ തലസ്ഥാനത്തുള്ള ഗവർണറുടെ വസതിയിൽ താലിബാൻ കൊടി പറക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ഒരു അധിനിവേശ ശക്തിക്കും കീഴടങ്ങാത്ത പഞ്ച്ശീറാണ് താലിബാൻ പിടിച്ചടക്കിയത്. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പഞ്ച്ശീർ പിടിച്ചടക്കിയതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാൻ പക്ഷത്തുള്ളയാൾ പാക് സൈനികനാണെന്നതിന് തെളിവുകൾ പുറത്ത് വന്നിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡാണ് ഇതിന് തെളിവായത്. വ്യോമാക്രമണം നടത്താൻ താലിബാന് പാകിസ്താന്റെ സഹായവും പിന്തുണയും ലഭിച്ചിട്ടുണ്ട്. പഞ്ച്ശീർ പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് സേനയുടെ ഡ്രോണുകൾ താലിബാൻ ഉപയോഗിച്ചതിനും തെളിവുകൾ ഉണ്ടെന്നും മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നു.

അതേസമയം പഞ്ച്ശീർ പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിരോധ സേനയുടെ അവകാശവാദം.

കാബൂൾ: അഫ്ഗാനിസ്താനിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാൻ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. ഘോർ പ്രവിശ്യയിലാണ് സംഭവം. ജയിലിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് താലിബാൻ ഭീകരർ വീട്ടിൽക്കയറി ബന്ധുക്കളുടെ മുന്നിൽ വച്ച് വെടിവെച്ചു കൊന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതോടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാൻ അറിയിച്ചു.

കൊലപാതകത്തിൽ താലിബാന് പങ്കില്ലെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. അന്വേഷണം നടക്കുകയാണ്. മുൻ സർക്കാരിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം മാപ്പു നൽകുകയാണെന്നു താലിബാൻ പ്രഖ്യാപിച്ചതാണ്. നെഗറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.

അതേസമയം അഫ്ഗാനിൽ രണ്ടിടത്തായി സ്‌ഫോടനം നടന്നതായും ഏഴുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ച്ശീർ പ്രവിശ്യയിൽ ഇപ്പോഴും ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നൽകിയെന്നു പ്രതിരോധ സേനയും പറയുന്നുണ്ട്.

ന്യുയോര്‍ക്ക്: അമേരിക്കയില്‍ പിടിമുറുക്കി കോവിഡ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയായും, മരണ നിരക്കില്‍ 80 ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലെ മൊത്തം കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണങ്ങളുടെയും അഞ്ചിലൊന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഫ്‌ളോറിഡയില്‍ നിന്നാണ്. ഇവിടെ പല ആശുപത്രികളും മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ റെഫ്രിജറേറ്റഡ് ട്രക്കുകള്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അതുപോലെ സെമിത്തേരികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങളുമായി കാത്തുനില്‍ക്കുന്ന അവസ്ഥയുമുണ്ട്.

അതേസമയം, രാജ്യത്ത് 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം ഉയരുമ്പോഴും ചികിത്സതേടി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അതേ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. രോഗം ഗുരുതരമാകാതെ നോക്കാന്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്നതിന്റെ തെളിവാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്.

എന്നാല്‍, ലോസ് ഏഞ്ചലസിലും മിയാമിയിലും പുതിയ എം യു വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാക്‌സിനെ അതിജീവിക്കാന്‍ കെല്‍പുള്ള ജനിതകമാറ്റം ഇതിന് സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഒരു കുറിപ്പിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 19 നും ഓഗസ്റ്റ് 21 നും ഇടയില്‍ 167 എം യു കേസുകളാണ് ലോസ് ഏഞ്ചലസില്‍ ഉണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. ലോകത്തെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തേയും സൈന്യത്തേയും പോലും ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താലിബാന്റെ നീക്കങ്ങൾ. 17 ഭീകരരാണ് അഫ്ഗാന്റെ തലപ്പത്തുള്ളത്. ഇവരിൽ പലരും പഠിച്ചതും വളർന്നതുമെല്ലാം പാകിസ്താനിലാണ്. ലോകത്തെ പല രഹസ്യാന്വേഷണ ഏജൻസികളും വേട്ടയാടിയ ഭീകരരാണ് ഇവർ.

മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ, മുല്ല അബ്ദുൽ ഖനി ബറാദർ, സിറാജുദ്ദീൻ ഹഖാനി, മുല്ല മുഹമ്മദ് യാക്കൂബ്, കാരി ദിൻ മുഹമ്മദ് ഹനീഫ്, മൗലവി അബ്ദുൽ സലാം ഹനഫി, മുല്ല അബ്ദുൽ ഹഖീം, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി, കാരി ഫസിഹുദ്ദീൻ, മുഹമ്മദ് ഫസൽ അകുന്ദ്, മാലി ഖാൻ, ഇബ്രാഹിം സാദർ, ശഹാബുദീൻ ദിൽവാർ, അബ്ദുൽ ലത്തീഫ് മൻസൂർ, അബ്ദുൽ കബീർ, കെയ്‌റുള്ള കെയ്‌റാവ, അനസ് ഹഖാനി എന്നിവരാണ് താലിബാന്റെ തലപ്പത്തുള്ള ഭീകരർ.

താലിബാന്റെ പരമോന്നത നേതാവാണ് മൗലവി ഹൈബത്തുല്ല അഖുൻഡ്‌സാദ. താലിബാന്റെ മുൻ നേതാവായ അക്തർ മൻസൂർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇയാൾ താലിബാന്റെ നേതാവായത്. 2016 മേയ് മാസത്തിലാണ് ഇയാൾ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ മുൻഗാമികൾ വഹിച്ചിരുന്ന എമിർ-അൽ-മോമിനീൻ (വിശ്വസ്തനായ കമാൻഡർ) എന്ന സ്ഥാനപ്പേരും താലിബാൻ അഖുൻഡ്‌സാദയ്ക്ക് നൽകിയിട്ടുണ്ട്. #

താലിബാന്റെ സ്ഥാപിത നേതാക്കളിൽ ഒരാളാണ് മുല്ല അബ്ദുൽ ഖനി ബറാദർ. ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യ ഓഫിസിന്റെ ചുമതലക്കാരനാണ് മുല്ല അബ്ദുല് ഖനി ബറാദർ. സോവിയറ്റ് യുദ്ധകാലത്ത് ജലാലുദീൻ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്വർക്കിന്റെ തലവനാണ് മകനായ സിറാജുദ്ദീൻ ഹഖാനി. അമേരിക്ക അഞ്ച് ദശലക്ഷം ഡോളർ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപുള്ളിയായിരുന്നു സിറാജുദ്ദീൻ ഹഖാനി. ഓഗസ്റ്റ് 15ന് കാബൂളിൽ നിയന്ത്രണം സ്ഥാപിച്ച ശേഷം താലിബാന്റെ സൈനിക നയതന്ത്ര തലവനായി സിറാജുദ്ദീൻ ഹഖാനിയെയാണ് നിയമിച്ചത്.

താലിബാൻ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. 2020 മുതൽ താലിബാൻ സൈന്യത്തിന്റെ നിയന്ത്രണം ഇയാളുടെ കീഴിലാണ്. താലിബാൻ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നയാളാണ് കാരി ദിൻ മുഹമ്മദ് ഹനീഫ്. താലിബാൻ ഭരണത്തിൽ ഗവർണറായും വിദ്യാഭ്യാസ സഹമന്ത്രിയുമായും സേവനം അനുഷ്ടിച്ചയാളാണ് മൗലവി അബ്ദുൽ സലാം ഹനഫി. ഏറെ കാലമായി കാലിബാന്റെ നേതൃപദവിയിൽ ഇയാൾ പ്രവർത്തിക്കുന്നുണ്ട്.

താലിബാന്റെ പരമോന്നത ന്യായാധിപ പദവിയിലുള്ള വ്യക്തിയാണ് മുല്ല അബ്ദുൽ ഹഖീം. തീവ്ര പാരമ്പര്യവാദിയായാണ് ഇയാൾ അറിയപ്പെടുന്നത്. താലിബാൻ ഭരണകാലത്ത് അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സഹമന്ത്രിയായിരുന്നു ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി. താലിബാൻ ഭരണത്തിൽ വിദേശകാര്യ സഹമന്ത്രിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി 2015-19 കാലത്ത് താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവി സ്ഥാനവും വഹിച്ചിരുന്നു.

വടക്കൻ ബലൂചിസ്ഥാൻ മേഖലയിൽ നിന്നുള്ള യുവ താലിബാൻ നേതാവാണ് കാരി ഫസിഹുദ്ദീൻ. താലിബാൻ- അൽ ഖായിദ ബന്ധത്തിലെ സുപ്രധാന കണ്ണിയാണ് മുഹമ്മദ് ഫസൽ അകുന്ദ്. താലിബാന്റെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം മാലി ഖാനാണ്. ഹഖാനി നെറ്റ്വർക്കിന്റെ സീനിയർ കമാൻഡറാണ് ഇയാൾ. ഒമറിന്റെ മകന് കൈമാറും മുൻപ് താലിബാൻ മിലിറ്ററി കമാൻഡറായിരുന്നു ഇബ്രാഹിം സാദർ. ഹഖാനി നെറ്റ്വർക്ക് സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി.

കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചതോടെ താലിബാനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. താലിബാൻ നേതാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിലവിൽ ബരാദർ പാകിസ്താനിൽ ചികിത്സയിലാണെന്നാണ് വിവരം. ഹഖാനി നെറ്റ്വർക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീൽ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.

അധിക്കാരത്തെച്ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. അഫ്ഗാനിൽ പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വർക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും നൽകാൻ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

ഹഖാനി വിഭാഗവുമായി പാകിസ്താൻ വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ തന്നെ സർക്കാരിലെ പ്രധാന സ്ഥാനങ്ങൾ ഹഖാനി വിഭാഗത്തിന് കിട്ടണമെന്നാണ് പാകിസ്താന്റെ ആഗ്രഹം. ഇതിലൂടെ അഫ്ഗാനിൽ തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാമെന്നും ഹഖാനി വിഭാഗത്തെ കാശ്മീർ പ്രശ്‌നത്തിലുൾപ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാമെന്നും പാകിസ്താൻ കണക്കു കൂട്ടുന്നു. കാബൂൾ താലിബാൻ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്വർക്കിലെ മുതിർന്ന നേതാക്കൾ അഫ്ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.