വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം; അഫ്ഗാനിൽ താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെപ്തംബർ 11 ന്

കാബൂൾ: സെപ്തംബർ 11 ന് അഫ്ഗാനിൽ താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന ദിവസമാണ് താലിബാൻ അഫ്ഗാനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതെന്നാണ് വിവരം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും താലിബാൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപന്നത്. പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണെന്നും താലിബാൻ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അഫ്ഗാനിലെ താലിബാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകര പട്ടികയിലുള്ളവരാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെയാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല താലിബാൻ അഫ്ഗാനിൽ രൂപീകരിച്ചിരിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കിയിരുന്നു.