International (Page 187)

ന്യൂഡല്‍ഹി: റോക്കറ്റ് ഫോഴ്‌സ് എന്ന പുതിയ സൈനിക സംവിധാനം രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. വിവിധ തരം മിസൈലുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന റോക്കറ്റ് ഫോഴ്സിന്റെ പ്രഖ്യാപനം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് നടത്തിയത്.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീഷണി നേരിടാന്‍ സംയോജിത യുദ്ധ തന്ത്രമാണ് ആവശ്യമെന്ന് വിപിന്‍ റാവത്ത് പറഞ്ഞു. സായുധസേനകളും പോലീസ് സേനയും തമ്മില്‍ കൂടുതല്‍ ഏകോപനം വേണം. ജനങ്ങളും സൈന്യവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവും വേണം. ഏകീകൃത തിയേറ്റര്‍ കമാന്‍ഡുകള്‍, ബഹിരാകാശം, സൈബര്‍ സ്‌പേസ്, പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കഴിവുകള്‍ ശക്തമാക്കുന്നതിലൂടെ സംയോജിത യുദ്ധയന്ത്രം രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. റോക്കറ്റ് ഫോഴ്സ് അടക്കമുള്ളവ ഈ നീക്കത്തിന്റെ ഭാഗമാണ്, ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ചൈനീസ്, ഇസ്ലാമിക നാഗരികതകള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കരുതിയിരിക്കണം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധം ശക്തമാക്കാന്‍ പാകിസ്ഥാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. ജമ്മു-കശ്മീരില്‍ അവര്‍ ആ നീക്കം തുടരുന്നു. പഞ്ചാബില്‍ ഒരിക്കല്‍ക്കൂടി ശ്രമം നടത്തുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും ശ്രമിക്കുന്നു. നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്ത പാകിസ്ഥാനെപ്പോലൊരു എതിരാളി എപ്പോഴും നിഴല്‍ യുദ്ധത്തിനേ ശ്രമിക്കൂ. മറ്റൊരര്‍ഥത്തില്‍ ചൈന ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധത്തിന്റെ ഉപകരണമാണ് പാകിസ്ഥാന്‍ എന്നും പറയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരിട്ടോ അല്ലാതെയോ ഉള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്. റോക്കറ്റ് ഫോഴ്സ് അതിന്റെ ഭാഗമാണ്, ഇന്ത്യയും സാങ്കേതികവിദ്യയെ, യുദ്ധത്തിന്റെ വളരെ പ്രധാനപ്പെട്ട മുഖമായി പരിഗണിക്കണം. ഒരു എതിരാളി നമ്മുടെ തന്ത്രപ്രധാന ശൃംഖലകളെയും ഊര്‍ജം, ബാങ്കിങ്, ഗതാഗതം, ആശയ വിനിമയ ശൃംഖലകളെയും തകര്‍ക്കാന്‍ ശ്രമിക്കും. ഭാവി യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ ആയിരിക്കില്ലെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

കാബൂള്‍: വനിതാ കാര്യ മന്ത്രാലയത്തിലെത്തിയ സ്ത്രീ ജീവനക്കാരെ വിലക്കി താലിബാന്‍. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്നും, ജീവനക്കാരായിരുന്നാല്‍ പോലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും താലിബാന്‍ അറിയിച്ചു. താലിബാന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ വനിതകള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളുടെ ജോലി പ്രസവിക്കല്‍ മാത്രമാണെന്നും, ബന്ധുക്കളായ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങി പോലും നടക്കരുതെന്നും അഫ്ഗാനില്‍ അധികാരം പിടിച്ചപ്പോള്‍ തന്നെ താലിബാന്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ചെയ്തിരുന്ന ജോലികള്‍ അവരുടെ ബന്ധുക്കളായ പുരുഷന്മാര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇസ്ലാമതം സ്ത്രീകള്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നാണ് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കായി താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന്‍ മന്ത്രിസഭയില്‍ ഒരു വനിതാ നേതാവിനെപ്പോലും ഉള്‍പ്പെടുത്തിയതുമില്ല.

അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സ്ത്രീകളെ താലിബാനികള്‍ ക്രൂരമായാണ് വേട്ടയാടിയത്. ഒപ്പം സ്ത്രീകള്‍ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും വിലക്കുകയും ചെയ്തു. ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഇപ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുമുണ്ട്. ഇക്കാരണം പറഞ്ഞ് നിരവധി സ്ത്രീകളെയാണ് അവര്‍ വെടിവച്ചുകൊന്നത്.

കൊളംബോ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ശ്രീലങ്കയും മാലിദ്വീപും. കൂടുതലായും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ശ്രീലങ്കയിലും മാലിദ്വീപിലും സഞ്ചാരികൾ എത്താതായതോടെ വരുമാനത്തിൽ വലിയ രീതിയിൽ ഇടിവുണ്ടായിരിക്കുകയാണ്. മൊത്തം ഉത്പാദനം ഇടിഞ്ഞതിനാൽ സമ്പദ്വ്യവസ്ഥയിൽ വലിയ തകർച്ച ഉണ്ടായി. ഇരുരാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 100 ശതമാനത്തിൽ കൂടുതൽ ആകും ഈ വർഷം കടം എന്നാണ് റിപ്പോർട്ടുകൾ.

വെറും അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള മാലിദ്വീപിനെ കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റ് വളരെ രൂക്ഷമായാണ് ബാധിച്ചത്. മെയ് മാസം വൈറസ് ഒരു ദിവസം കൊണ്ട് ആയിരത്തിൽ മൂന്ന് പേരിലേക്ക് വീതമാണ് എത്തിയത് . പിന്നീട് രോഗ വ്യാപനം വർധിച്ചു. പിന്നീട് രോഗവ്യാപനത്തിൽ കുറവ് വന്നതോടെ ടൂറിസം മേഖലയിൽ മാലിദ്വീപ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണം ഉയരാൻ തുടങ്ങി. 2019 ആഗസ്റ്റിലെ സന്ദർശകരുടെ എണ്ണത്തിനൊപ്പം തന്നെ സന്ദർശകർ എത്തുന്നത് രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

എന്നാൽ ശ്രീലങ്കയുടെ സ്ഥിതി വളരെ മോശമാണ്. കോവിഡ് വ്യാപനത്തിന് അയവ് വന്നതോടെ ശ്രീലങ്കയിൽ ഇപ്പോൾ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യോൽപ്പന്നങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ശ്രീലങ്കക്ക് ഇറക്കുമതിക്കുള്ള വിദേശ നാണ്യ ശേഖരം പോലും ഇല്ലെന്നാണ് വിവരം. മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ 107.9 ശതമാനമാണ് രാജ്യത്തിന്റെ പൊതുകടം. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ ഒൻപത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിലെ ഇടിവ്. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ ടൂറിസം ഇളവുകൾ പ്രയോജനപ്പെടുത്തി ടൂറിസ്റ്റുകൾ എത്തിയാലും കാര്യമായ നേട്ടമില്ല. ഇറക്കുമതി ചെയ്ത അരി, പഞ്ചസാര, പാൽ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ശ്രീലങ്ക. ആഗസ്റ്റ് 31 മുതലാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വാഷിംഗ്ടൺ: പാകിസ്താനുമായുളള തങ്ങളുടെ ബന്ധത്തെ വരുന്ന ആഴ്ചകളിൽ വിശദമായി വിശകലനം ചെയ്യുമെന്ന് വ്യക്തമാക്കി അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ജനപ്രതിനിധി സഭയിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.

പാകിസ്താൻ താലിബാൻ അംഗങ്ങൾക്ക് സുരക്ഷിതമായ ഒളിത്താവളം നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം താമസിയാതെ അമേരിക്കൻ ഭരണകൂടം വിശകലനത്തിന് വിധേയമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ 20 വർഷങ്ങളായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലും വരും ആഴ്ചകളിൽ അവർ നടത്താൻ പോകുന്ന ഇടപെടലുകളും നിരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താന് അഫ്ഗാനിസസ്താനിൽ അമേരിയ്ക്കയ്ക്കുളളതിൽ നിന്നും വ്യത്യസ്തമായി ചില താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ പ്രതിരോധത്തിനെതിരെ താലിബാന് പരോക്ഷമായി ശക്തമായ പിന്തുണ നൽകുന്നവരാണ് പാകിസ്താൻ. എന്നാൽ ഇത് അംഗീകരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല.

കാബൂള്‍: എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാതെ രൂപീകരിച്ച താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സ്. അതുകൊണ്ട് തന്നെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ വ്യക്തമാക്കി.

ഒരിക്കലും ഈ താലിബാന്‍ സര്‍ക്കാരുമായി ഫ്രാന്‍സിന് ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരുമായി ഒരു ഇടപാടുകള്‍ക്ക് ഫ്രാന്‍സ് ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ പറഞ്ഞു.

താലിബാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു പിടി വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് 5 ബ്രോഡ്കാസ്റ്റില്‍ വന്ന അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

വിദേശപൗരന്മാരെയും അഫ്ഗാന്‍ പൗരന്‍മാരെയും പോകാന്‍ അനുവദിക്കാമെന്ന് താലിബാന്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ താലിബാന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. താലിബാന്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്തിട്ടുള്ള, എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. എന്തായാലും ഇപ്പോള്‍ ഫ്രാന്‍സ് ഒരു പിടി വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ മാത്രമേ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയൂ. ജപ്പാന്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കേണ്ട എന്ന നിലപാടിലാണെന്നറിയുന്നു.

മുല്ല മുഹമ്മദ് ഹസൻ അഖുന്‍ദ് പ്രധാനമന്ത്രിയായുള്ള 33-അംഗ താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികാരമേറ്റത്. ഇതില്‍ പാകിസ്ഥാന് അധികാരമുള്ള ഹഖാനി ശൃംഖലയും പഷ്തൂണ്‍ വംശജര്‍ക്കുമാണ് പുതിയ താലിബാന്‍ സര്‍ക്കാരില്‍ അധികാരമുള്ളത്.

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം. നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപെന്‍കോ എന്നിവര്‍ അടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിനാകും നിലയത്തിലേക്ക് യാത്ര തിരിക്കുക. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് ആര്‍തെമിയേവും കൂടെയുണ്ടാവും.

ആദ്യമായി ബഹിരാകാശനിലയത്തില്‍ ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു.

ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങള്‍ക്കുശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. 2017-ല്‍ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷന്‍ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്ലിം ഷിപെന്‍കോ.

വാഷിംഗ്ടൺ: മരിച്ചെന്ന് കരുതിയ അൽ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ വീഡിയോ സന്ദേശം പുറത്ത്. അയ്മാൻ അൽ സവാഹിരിയുടെ എന്ന ഭീകര നേതാവിന്റെ വീഡിയോ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. സെപ്തംബർ 11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തിലാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

ഒസാമ ബിൻ ലാദന്റെ മരണത്തെ തുടർന്നാണ് സവാഹിരി അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് ഒളിവിൽ പോയ ഇയാൾ മരണപ്പെട്ടതായുള്ള വാർത്തകൽ പുറത്തു വന്നിരുന്നു. 2020 നവംബറിൽ രോഗബാധയെതുടർന്ന് സവാഹിരി മരണപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ പൂർണ്ണ ആരോഗ്യവാനായ സവാഹിരിയെയാണ് കാണാൻ കഴിയുന്നത്.

2020 ൽ കൊല്ലപ്പെട്ട നിരവധി തീവ്രവാദികൾക്ക് വീഡിയോയിൽ സവാഹിരി വീര പരിവേശം നൽകുന്നുണ്ട്. 20 വർഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്ഗാനിൽ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബർ പതിനൊന്നിന് അൽ ഖ്വയ്ദ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയിൽ പറയുന്നു. അതേസമയം അഫ്ഗാനിസ്താനിൽ പുതുതായി അധികാരമേറ്റെടുത്ത താലിബാൻ നേതൃത്വത്തെ കുറിച്ച് യാതൊരു പരാമർശവും വീഡിയോയിൽ ഇല്ല.

ന്യൂഡല്‍ഹി: ഓസ്ട്രേലിയയുമായി പ്രതിരോധ വിദേശകാര്യ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ. മന്ത്രിതല ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാറീസ് പെയ്ന്‍, പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ എന്നിവരാണ് ചര്‍ച്ച നടത്തുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയുമായി ഇന്ത്യ ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്നത്.

മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ ഇന്ന് നേരില്‍കണ്ട് ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക സുരക്ഷ, സൈബര്‍ സുരക്ഷ, കാലാവസ്ഥ, സാങ്കേതികവിദ്യ, വിതരണ ശൃംഖല പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ചര്‍ച്ച ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിനാണ് ഇരു രാജ്യങ്ങളുടെയും ചര്‍ച്ച.

ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം15. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ബ്രിട്ടനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടത് 31 തവണയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ഇതില്‍, ആറ് പദ്ധതികളും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത് കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു.

എന്നാല്‍, ഭീകരരുടെ എല്ലാ പദ്ധതികളും തകര്‍ത്തു കളഞ്ഞെന്നും എം15 വക്താക്കള്‍ പറഞ്ഞു. ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വീണ്ടും ഒത്തുചേരാന്‍ ഇടയുണ്ടെന്നും എം 15 മേധാവി കെന്‍ മെക്കലം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമായ ആക്രമണം പ്രതീക്ഷിക്കാമെന്നും, കൂടുതല്‍ ആധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനിയുള്ള അവരുടെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല, അഫ്ഗാനില്‍ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികള്‍ക്ക് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും, പൊലീസ് തകര്‍ത്ത ഭീകരാക്രമണ പദ്ധതികളില്‍ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും മെക്കലം ചൂണ്ടിക്കാട്ടി.

മോസ്‌കോ: അഫ്ഗാനിലെ പുതിയ താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യ പങ്കെടുക്കില്ല. റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനമായ ക്രെംലിനാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ അംബാസഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്ന് റഷ്യയുടെ പാർലമെന്റിന്റെ ഉപരിസഭയുടെ സ്പീക്കർ പറഞ്ഞിരുന്നതായാണ് ആർ.ഐ.എ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നത്.

പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളെ പുതിയ സർക്കാർ രൂപീകരണ ചടങ്ങിൽ പങ്കെടുക്കാൻ താലിബാൻ ക്ഷണിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത വന്നിരുന്നു. അഫ്ഗാനിൽ ഇപ്പോഴും തങ്ങളുടെ എംബസികൾ പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് ഈ മൂന്ന് രാജ്യങ്ങളും. അഫ്ഗാൻ വിഷയത്തിലെ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളെ ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ് തങ്ങളുടെ ഇടക്കാല സർക്കാരിന്റെ നേതാവായി താലിബാൻ തെരഞ്ഞെടുത്തത്. താലിബാൻ സഹസ്ഥാപകൻ അബ്ദുൾ ഗനി ബരാദറാണ് ഉപനേതാവ്. ആഭ്യന്തരത്തിന്റെ ചുമതല നൽകയിരിക്കുന്ന ഹഖാനി ഗ്രൂപ്പിനാണ്. സിറാജുദ്ദീൻ ഹഖാനിയ്ക്കാണ് ആഭ്യന്തര മന്ത്രി സ്ഥാനം.