International (Page 186)

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. നവംബര്‍ മുതല്‍ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പുതന്നെ ഹാജരാക്കണെന്ന് ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്‌സീനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തനിസ്വരൂപം കാട്ടി താലിബാൻ. അഫ്ഗാന്റെ ഭരണം പിടിച്ചപ്പോൾ സ്ത്രീകൾക്ക് വിദ്യാഭാസത്തിനും ജോലിയ്ക്കുമുള്ള അവസരങ്ങൾ നൽകുമെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ യഥാർത്ഥ നയം വ്യക്തമാക്കുകയാണ് താലിബാൻ. ഇതിന്റെ ഭാഗമായി ആൺകുട്ടികൾക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളോട് തൊഴിലിന് വരേണ്ട എന്ന് അറിയിപ്പ് നൽകുകയും ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം.

സ്ത്രീകൾക്ക് ചെയ്യാൻ ഒരു ജോലി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാബൂളിന്റെ ആക്ടിംഗ് മേയർ ഹംദുള്ള നൊഹ്മാനി. പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് അവർക്ക് ഇണങ്ങുന്ന ഏക ജോലിയെന്ന് ഹംദുള്ള നൊഹ്മാനി പറയുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം അവർ വൃത്തിയാക്കിയാൽ മതിയെന്നും മേയർ വിശദീകരിക്കുന്നു. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത ജോലികളിൽ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് നേരത്തെ തന്നെ മേയർ അറിയിച്ചിരുന്നതാണ്. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

മതനിയമങ്ങൾക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് മുൻപ് താലിബാൻ പറഞ്ഞിരുന്നത്. സ്ത്രീകൾക്ക് യൂണിവേഴ്‌സിറ്റിയിൽ ചേരാമെന്നും താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ സാഹചര്യം സുരക്ഷിതമല്ലെന്നും സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നുമാണ് ഇപ്പോൾ താലിബാൻ പറയുന്നത്.

കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകളുടെ ജീവിതമാണ് ദുരിതത്തിലായിരിക്കുന്നത്. സ്വതന്ത്രമായി ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന താലിബാനിലെ സ്ത്രീകൾക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലി ചെയ്യാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്.

രാജ്യത്ത് ഉണ്ടായിരുന്ന എയർ ഹോസ്റ്റസുമാരുടെയും ഫാഷൻ ഡിസൈനർമാരുടേയും കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. ഒരുപാട് ആഗ്രഹിച്ച് നേടിയ തൊഴിലുകൾ ചെയ്യാൻൃ കഴിയാതെ ഒളിവിൽ കഴിയേണ്ട അവസ്ഥയിലാണ് ഇവർ. അഫ്ഗാൻ എയർലൈൻസായ അരിയാനയിലെ എയർ ഹോസ്റ്റസും അഫ്ഗാനിലെ ഫാഷൻ ഡിസൈനർമാരുമടങ്ങുന്ന 11 പേരാണ് ഇത്തരത്തിൽ ഒളിവിൽ കഴിയുന്നത്.

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയത് ഒരു നടുക്കത്തോടെയാണ് ഈ പെൺകുട്ടികൾ ഓർക്കുന്നത്. അവസാനത്തെ ഫ്‌ളൈറ്റ് താലിബാൻ പിടിച്ചടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ കരയുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പറയുന്നത്. എന്താണ് സംഭവിക്കുക എന്നത് അവ്യക്തമായിരുന്നുവെന്നും ഇനി എവിടേക്ക് പോകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കുന്നു.

താലിബാൻ അധികാരത്തിലെത്തി വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും സ്ഥിതിഗതികളൊക്കെ സാധാരണ രീതിയിലാകുന്നത് വരെ തങ്ങളോട് ജോലിക്ക് വരണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശാരീരീകമായും മാനസികമായും സമാധാനമില്ല. ഇനി അവർ തങ്ങളെ തിരിച്ചെടുത്താൽ തന്നെ തങ്ങളുടെ എയർ ഹോസ്റ്റസ് യൂണിഫോം ധരിക്കാൻ സാധിക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ല. സർക്കാരിന്റെ കാറിൽ ഇരിക്കാൻ തങ്ങൾക്ക് അനുവാദം ഉണ്ടാകില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.

തങ്ങളുടെ സ്വപ്‌നങ്ങളാണ് തകർന്നത്. ഇനി ആ സന്തോഷ ദിനങ്ങൾ മടങ്ങി വരില്ല. ഇനി ഒരിക്കൽ പോലും എയർ ഹോസ്റ്റസായി ചിരിച്ച് നിൽക്കുന്ന ചിത്രം പകർത്താൻ സാധിക്കില്ലെന്നും പെൺകുട്ടികൾ കൂട്ടിച്ചേർത്തു.

ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിന് പിന്നാലെ പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പുരുഷ-വനിതാ ടീമുകളുടെ പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അറിയിച്ചു.

ഒക്ടോബറില്‍ പാകിസ്ഥാനില്‍ രണ്ട് അധിക ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു, പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം ഹ്രസ്വ വനിതാ ടൂര്‍ പര്യടനവും ഉള്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിലെ ഈ അധിക ഇംഗ്ലണ്ട് വനിതാ -പുരുഷ മത്സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വാരാന്ത്യത്തില്‍ ഇസിബി ബോര്‍ഡ് യോഗം വിളിച്ചിരുന്നു, അതില്‍ ഒക്ടോബര്‍ പര്യടനത്തില്‍ നിന്നും ഇരു ടീമുകളെയും പിന്‍വലിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചെന്ന് ഇസിബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അവസരമുണ്ടാക്കാന്‍ പ്രയത്‌നിച്ച പിസിബിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നിരാശയുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ട് വേനല്‍ക്കാലത്തും അവര്‍ ഇംഗ്ലീഷ് വെല്‍ഷ് ക്രിക്കറ്റിനെ പിന്തുണച്ചത് വലിയ സൗഹൃദ പ്രകടനമാണ്. ഇത് കാരണം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലാന്‍ഡ് പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.

മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പിനിടെ കെട്ടിടത്തിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇങ്ങനെയും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെല്‍മറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും സ്ഥലത്തെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വാഷിംഗ്ടൺ: ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ തടയാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും. ഓക്കസ് എന്നാണ് ഈ പ്രതിരോധ മുന്നണിയ്ക്ക് നൽകിയിരിക്കുന്ന പേര്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൻ എന്നിവർ ചേർന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സഖ്യത്തിന് രൂപം നൽകിയത്. ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ മുന്നണിയുടെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം പണിയാൻ സഹായിക്കാനാണ് യുഎസും ബ്രിട്ടനും തീരുമാനിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി പണിയുന്നതാണ് ഓക്കസ് പദ്ധതിയിലെ ആദ്യഘട്ട പ്രവർത്തനം. അഡലെയ്ഡിലായിരിക്കും അന്തർവാഹിനിയുടെ നിർമ്മാണം. ഇതു യാഥാർഥ്യമാകുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുള്ള ഏഴാമത്തെ രാജ്യം എന്ന നേട്ടം ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാകും. അതേസമയം ഇതിനർഥം ഓസ്‌ട്രേലിയ ആണവായുധങ്ങളുടെ പിന്നാലെ പോകുമെന്നല്ലെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസൺ അറിയിച്ചു.

ഇക്കാര്യത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉറ്റ സഖ്യകക്ഷിയായ ഫ്രാൻസിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫ്രാൻസിന്റെ കീഴിലുള്ള നേവൽ ഗ്രൂപ് എന്ന നാവികായുധ കമ്പനിയുമായി 90 ബില്യൺ കരാറിൽ ആണവ അന്തർവാഹിനികൾക്ക് ഓസ്‌ട്രേലിയ ഓർഡർ നൽകിയിരുന്നതാണ്. ഇപ്പോൾ യുഎസും ബ്രിട്ടനും കൂടി വന്നതോടെ ഈ കരാർ ഫ്രാൻസിനു നഷ്ടമായി.

ആണവ അന്തർവാഹിനികളെ മുന്നോട്ടു നയിക്കുന്ന ന്യൂക്ലിയർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ യുഎസ് ഇതുവരെ ബ്രിട്ടനല്ലാതെ മറ്റൊരു രാജ്യത്തിനും നൽകിയിട്ടില്ല. എന്നാൽ ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയും ഇതിൽ പങ്കാളിയാകും. നിലവിൽ കോളിൻ ക്ലാസ് എന്നറിയപ്പെടുന്ന അന്തർവാഹിനികളാണ് ഓസ്‌ട്രേലിയൻ നേവിക്കുള്ളത്. ഡീസൽ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരുപാടുകാലം കടലിൽ കിടക്കാൻ കഴിയില്ല. എന്നാൽ ആണവ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വരുന്നതോടെ ഇക്കാര്യത്തിൽ മാറ്റമാകുകയും 5 മാസത്തോളം പസഫിക് മേഖലയിൽ കിടക്കാനും വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനും ഓസ്‌ട്രേലിയൻ നേവിക്ക് അവസരമൊരുങ്ങുകയും ചെയ്യും.

ജിദ്ദ: സൗദിയിലെത്തുന്ന സന്ദര്‍ശകരടക്കമുള്ളവര്‍ യാത്രക്ക് മുമ്പ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാനക്കമ്പനികള്‍ ഇക്കാര്യം യാത്രക്ക് മുന്നേ ഉറപ്പു വരുത്തണം.

മൊബൈല്‍ ഫോണിലേക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തിട്ടാല്‍ സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പണ്‍ ചെയ്തു രജിസ്റ്റര്‍ ചെയ്യണം. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ പലരും തവക്കല്‍നാ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈല്‍ ആപ്പാണ് താവക്കല്‍ന. ഈ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് മാത്രമേ സൗദിയില്‍ കടകളില്‍ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തീകരിച്ചവരുടേതാണ് ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയന്‍ സേവനങ്ങളും തവക്കല്‍നയില്‍ ലഭിക്കും.

സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാനും ഗാക്കയുടെ നിര്‍ദേശമുണ്ട്. തവക്കല്‍നാ, ഖുദൂം പ്ലാറ്റ്‌ഫോമുകള്‍ വഴി ആരോഗ്യ സ്ഥിതി പരിശോധിക്കാം. ഇതിന് ശേഷം യാത്രക്കാര്‍ക്ക് ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഫോം നല്‍കണം. ഇത് സൗദിയിലിറങ്ങിയ ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവെക്കും. യാത്രക്ക് മുമ്പ് കാര്യങ്ങള്‍ വിമാനക്കമ്പനി പരിശോധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.

ന്യൂഡൽഹി: സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പടെയുളള 11 സംസ്ഥാനങ്ങൾക്കാണ് അത്യന്തം മാരകമായ ഈ വൈറസിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകി കേന്ദ്രം രംഗത്തെത്തിയത്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഗുരുതരമായ ഈ പ്രശ്‌നം വളരെ എളുപ്പത്തിൽ മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പനി സംബന്ധിച്ച ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്നും അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

കാബൂൾ: അഫ്ഗാനിസ്താനിൽ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. ശനിയാഴ്ച ആരംഭിച്ച സെക്കൻഡറി ക്ലാസുകളിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമെയുള്ളൂവെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് പഠനത്തിന് സ്വാതന്ത്ര്യം നൽകുമെന്നതടക്കമുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് താലിബാൻ തങ്ങളുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങൾ മാറിയെന്ന് വെളിപ്പെടുത്തിയാണ് അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയത്. എന്നാൽ കാടത്ത ഭരണമാണ് അഫ്ഗാനിൽ താലിബാൻ കാഴ്ച്ചവെയ്ക്കുന്നതെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ക്ലാസുകളിൽ ആൺകുട്ടികളും ആൺ അദ്ധ്യാപകരും മാത്രം മതിയെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെയാണ് പെൺകുട്ടികളില്ലാതെ ക്ലാസുകൾ ആരംഭിച്ചത്. പെൺകുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും സ്വപ്‌നങ്ങളുമാണ് താലിബാൻ ഭീകരർ ചവിട്ടി മെതിച്ചത്. ജീവിതത്തിലെ സ്വപ്‌നങ്ങളെല്ലാം തകർന്നുവെന്നാണ് താലിബാനിലെ പെൺകുട്ടികൾ പറയുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.

സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമപ്രകാരം നിലനിർത്തുമെന്നും സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള വേർതിരിവ് അവസാനിപ്പിക്കുമെന്നും സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ലെന്നും വ്യക്തമാക്കി ഏതാനും ദിവസങ്ങൾക്ക് മുൻപ് താലിബാൻ നൽകിയ വാഗ്ദാനങ്ങളാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും എല്ലാത്തിൽനിന്നും പുറത്തുനിർത്തുന്ന പഴയ ഭീകര ഭരണത്തിലേക്കാണ് താലിബാന്റെ പോക്ക്.

റാവല്‍പിണ്ടി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം ഏകദിന മത്സരത്തിന് തൊട്ടു മുന്‍പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. ന്യൂസിലന്‍ഡ് സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഏകദിന പരമ്പരയിലെ ആദ്യമത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മാത്രം മുന്‍പ് ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.

ഗ്രൗണ്ടും പരിസരവും പരിശോധിച്ച ന്യൂസിലന്‍ഡ് സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടീമിനോട് മത്സരത്തിനിറങ്ങേണ്ടതെന്ന് അറിയിച്ചതെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടീമിന് തിരിച്ച് നാട്ടിലേക്ക് പോകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പരമ്പര നീട്ടിവയ്ക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിരുന്നെങ്കിലും, കളിക്കാനില്ലെന്ന് തന്നെയായിരുന്നു ന്യൂസിലാന്‍ഡിന്റെ തീരുമാനം.

സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേമും ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്രവും മികച്ച ഇന്റലിജന്‍സ് സംവിധാനമാണ് പാകിസ്ഥാനിലേതെന്നും അവര്‍ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ ടീമുകള്‍ക്കും നല്‍കുന്ന പോലെ പഴുതടച്ച സുരക്ഷയാണ് കിവീസ് ടീമിന് നല്‍കുന്നതെന്നും ഇമ്രാന്‍ ജസീന്തയോട് അറിയിച്ചു. എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാല്‍ കളിക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് പറഞ്ഞു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും കളിക്കാനായാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയത്.