കാബൂൾ: അഫ്ഗാനിസ്താനിൽ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. ശനിയാഴ്ച ആരംഭിച്ച സെക്കൻഡറി ക്ലാസുകളിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമെയുള്ളൂവെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് പഠനത്തിന് സ്വാതന്ത്ര്യം നൽകുമെന്നതടക്കമുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് താലിബാൻ തങ്ങളുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നത്.
തങ്ങൾ മാറിയെന്ന് വെളിപ്പെടുത്തിയാണ് അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയത്. എന്നാൽ കാടത്ത ഭരണമാണ് അഫ്ഗാനിൽ താലിബാൻ കാഴ്ച്ചവെയ്ക്കുന്നതെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ക്ലാസുകളിൽ ആൺകുട്ടികളും ആൺ അദ്ധ്യാപകരും മാത്രം മതിയെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെയാണ് പെൺകുട്ടികളില്ലാതെ ക്ലാസുകൾ ആരംഭിച്ചത്. പെൺകുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും സ്വപ്‌നങ്ങളുമാണ് താലിബാൻ ഭീകരർ ചവിട്ടി മെതിച്ചത്. ജീവിതത്തിലെ സ്വപ്‌നങ്ങളെല്ലാം തകർന്നുവെന്നാണ് താലിബാനിലെ പെൺകുട്ടികൾ പറയുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.
സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമപ്രകാരം നിലനിർത്തുമെന്നും സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള വേർതിരിവ് അവസാനിപ്പിക്കുമെന്നും സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ലെന്നും വ്യക്തമാക്കി ഏതാനും ദിവസങ്ങൾക്ക് മുൻപ് താലിബാൻ നൽകിയ വാഗ്ദാനങ്ങളാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും എല്ലാത്തിൽനിന്നും പുറത്തുനിർത്തുന്ന പഴയ ഭീകര ഭരണത്തിലേക്കാണ് താലിബാന്റെ പോക്ക്.

