പാക്കിസ്ഥാനിലേക്കില്ലെന്ന് ഇംഗ്ലണ്ടും; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു

ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിന് പിന്നാലെ പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പുരുഷ-വനിതാ ടീമുകളുടെ പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അറിയിച്ചു.

ഒക്ടോബറില്‍ പാകിസ്ഥാനില്‍ രണ്ട് അധിക ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു, പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം ഹ്രസ്വ വനിതാ ടൂര്‍ പര്യടനവും ഉള്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിലെ ഈ അധിക ഇംഗ്ലണ്ട് വനിതാ -പുരുഷ മത്സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വാരാന്ത്യത്തില്‍ ഇസിബി ബോര്‍ഡ് യോഗം വിളിച്ചിരുന്നു, അതില്‍ ഒക്ടോബര്‍ പര്യടനത്തില്‍ നിന്നും ഇരു ടീമുകളെയും പിന്‍വലിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചെന്ന് ഇസിബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അവസരമുണ്ടാക്കാന്‍ പ്രയത്‌നിച്ച പിസിബിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നിരാശയുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ട് വേനല്‍ക്കാലത്തും അവര്‍ ഇംഗ്ലീഷ് വെല്‍ഷ് ക്രിക്കറ്റിനെ പിന്തുണച്ചത് വലിയ സൗഹൃദ പ്രകടനമാണ്. ഇത് കാരണം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലാന്‍ഡ് പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.