International (Page 185)

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്റെ തീവ്രവാദ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വ്യാഴാഴ്ച നടന്ന കമല-മോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യവും ചര്‍ച്ചയില്‍ വന്നത്.

പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, യു.എസിനും ഇന്ത്യക്കും സുരക്ഷാഭീഷണി സൃഷ്ടിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്താനോട് കമല ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോട് കമല യോജിക്കുകയും ചെയ്തു.

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ വന്നപ്പോള്‍, അതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് കമല സ്വമേധയാ പരാമര്‍ശിക്കുകയായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷൃങ്‌ല അറിയിച്ചു. ഇന്ത്യയുടെയും യു.എസിന്റെയും സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കമല പാകിസ്താനോടു ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വാഡ് രാഷ്ട്രനേതാക്കളായ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായും മോദി ചര്‍ച്ചനടത്തി. ഇന്ത്യയിലെ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അഞ്ച് വന്‍കിട കമ്പനികളുടെ സി. ഇ.ഒ.മാരുമായും സംവാദം നടന്നു.

കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരത്തിലേറിയതിന് പിന്നാലെ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. അഫ്ഗാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ അറിയിച്ചു. കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകളാണ് അഫ്ഗാനിൽ നടപ്പിലാക്കുന്നത്. താലിബാന്റെ മുതിർന്ന നേതാവായ മുല്ല നൂറുദ്ദീൻ തുറാബിയാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു മുല്ല നൂറുദ്ദീൻ തുറാബിയുടെ പ്രതികരണം. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ നടപ്പിലാക്കിയതിനെതിരെ ലോകവ്യാപകമായി വിമർശനം ഉയർന്നിരുന്നു.

സ്റ്റേഡിയത്തിൽ വച്ച് ശിക്ഷാരീതികൾ നടപ്പിലാക്കുന്നതിനെ എല്ലാവരും വിമർശിച്ചുവെന്ന് തുറാബി പറഞ്ഞു. പക്ഷേ, അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങൾ എന്താവുമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ലെന്നും തങ്ങൾ ഇസ്ലാം പിന്തുടർന്ന് ഖുറാനിലെ നിയമങ്ങൾ ഉണ്ടാക്കുമെന്നും തുറാബി വ്യക്തമാക്കി.

ആദ്യ തവണ അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയപ്പോൾ നന്മ പ്രചരിപ്പിക്കൽ, തിന്മ തടയൽ മന്ത്രി ആയിരുന്നു തുറാബി. കാബൂളിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് അക്കാലത്ത് ശിക്ഷകൾ നടപ്പാക്കിയിരുന്നത്. ഇത് കാണാൻ നിരവധി ആളുകളും എത്തുമായിരുന്നു. ഇതിനെതിരെ ലോക രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയത്. കൊലപാതകം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയായിരുന്നു താലിബാന്റെ രീതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്, കൊലയാളിയിൽ നിന്ന് പണം വാങ്ങി ശിക്ഷ ഒഴിവാക്കി നൽകാൻ അനുവാദമുണ്ട്. കള്ളന്മാരുടെ കൈകൾ വെട്ടുകയും ഹൈവേ കൊള്ളക്കാരുടെ ഒരു കാലും കയ്യും ഛേദിക്കുകയും ചെയ്യും.

വാഷിംഗ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ സമ്മാനം കമല ഹാരിസിന് സമ്മാനിച്ചു. കൈകൊണ്ട് നിര്‍മ്മിച്ച ചെസ് സെറ്റാണ് പ്രധാനമന്ത്രി കമല ഹാരിസിനായി സമ്മാനിച്ചത്. ഇതിലെ ഓരോ കരുക്കളും പ്രത്യേക രീതിയില്‍ കൈകളാല്‍ നിര്‍മ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ കാശിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറങ്ങളാണ് ഇവയ്ക്ക്. നീലയും പച്ചയും നിറമുള്ള വര്‍ണ്ണങ്ങളാണ് നിര്‍മ്മിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ സമ്മാനത്തിന് പുറമേ കമലയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റൊരു സമ്മാനവും മോദി നല്‍കി. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലനുമായി ബന്ധപ്പെട്ടതായിരുന്നു അത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കുറിച്ച് സര്‍ക്കാര്‍ രേഖകളിലുള്ള അറിയിപ്പ് മരം കൊണ്ടുണ്ടാക്കിയ ഫ്രയിമില്‍ ഉള്ളടക്കം ചെയ്താണ് സമ്മാനിച്ചത്.

ഇന്ത്യയുടെ പുണ്യ നഗരമായ കാശിയില്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളാണ് മോദി ഇക്കുറി വിദേശത്ത് പോയപ്പോള്‍ കൂടിക്കാഴ്ച നടത്തുന്ന വിവിധ രാജ്യതലവന്‍മാര്‍ക്കായി കരുതിയിരിക്കുന്നത്. കമല ഹാരിസിന് പുറമേ മറ്റ് രണ്ട് വിശിഷ്ട വ്യക്തികള്‍ക്കായി മോദി കരുതിയ സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നുകഴിഞ്ഞു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് കാശിയില്‍ നിന്നും നിര്‍മ്മിച്ച കപ്പലിന്റെ ചെറുമാതൃകയാണ് സമ്മാനമായി നല്‍കിയത്. കാശിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ഈ സമ്മാനം. അതേസമയം ജപ്പാന്‍ പ്രധാനമന്ത്രി യൊസൈഡ് സുഗയ്ക്ക് ചന്ദന ബുദ്ധ പ്രതിമയാണ് സമ്മാനിച്ചത്. ഇന്ത്യയെയും ജപ്പാനെയും ബന്ധിപ്പിക്കുന്ന ബുദ്ധമതത്തെയാണ് ഇതിലൂടെ മോദി ഓര്‍മ്മിപ്പിക്കുന്നത്. ഇതും കാശിയില്‍ നിര്‍മ്മിച്ചതാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്‍ ഉള്‍പ്പെട്ട സ്ഥലം കൂടിയാണ് കാശി.

വാഷിംഗ്ടൺ: ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അദ്ദേഹം ക്രിസ്റ്റിയാനോ അമോനുമായി കൂടിക്കാഴ്ച്ച നടത്തിയത്. 5ജി, പ്രധാനമന്ത്രിയുടെ വൈ-ഫൈ ആക്‌സസ് നെറ്റ് വർക്ക് ഇന്റർഫേസ് (PM-WANI), അടുത്തിടെ നടപ്പാക്കിയ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിനുള്ള പിഎൽഐ പദ്ധതി (Production Linked Incentive Scheme) എന്നിവയിലെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമോൻ വ്യക്തമാക്കി. പല കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. 5 ജി അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും അർദ്ധചാലകങ്ങളെക്കുറിച്ചും ഒരു മൊബൈൽ ഫോൺ അധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വളരെ ഫലപ്രദമായ കൂടിക്കാഴ്ച്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിക്കുവേണ്ടി ഉത്പാദിപ്പിക്കാൻ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് ഇത് അനുകൂല സമയമായതിനാൽ ഇന്ത്യയെ ഒരു വലിയ കയറ്റുമതി വിപണിയായി താൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയുമായി പങ്കാളിത്തം വഹിക്കാൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചുവെന്നും അമോൻ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങളോട് ഇന്ത്യ അനുകൂലമായി പ്രവർത്തിക്കുമെന്ന് ക്വാൽകോമിന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഉന്നതവൃത്തങ്ങൾ അറിയിച്ചു.

വാഷിംഗ്ടൺ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിൽ. ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചർച്ച, കോവിഡ് ഉച്ചകോടി, യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ച എന്നിങ്ങനെ നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക-ആഗോള വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെ കുറിച്ചും ചർച്ച നടത്തും.

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. പ്രമുഖ അമേരിക്കൻ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി നേരിൽ കണ്ട് സംസാരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ) യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരുടെ നേരിട്ടുള്ള നേരിട്ടുള്ള ആദ്യയോഗമാണ് നടതക്കുന്നത്. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അവസാനിക്കുക. കോവിഡ് മഹാമാരി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരിക്കും അദ്ദേഹം സംസാരിക്കുക.

covid

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍. വിവേചനത്തിനെതിരെ ഇന്ത്യ അതേ നാണയത്തില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ അയഞ്ഞതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ തുടരേണ്ടി വരും. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.

യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

നേരത്തെ, അസ്ട്ര സെനക വാക്സിന്‍ അംഗീകരിക്കുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡ് അംഗീകരിക്കാതിരിക്കുകയും ചെയ്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. കൊവിഷീല്‍ഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയും നിര്‍ബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്നലെ ബ്രിട്ടനെ അറിയിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ വ്യക്തമാക്കിയത്. ക്വാറന്റൈന് പുറമേ പി.സി.ആര്‍ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് ബ്രിട്ടന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന ആസ്ട്രാസെനക എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അതേ വാക്സിന്‍ വിലക്കുന്നത് വിവേചനമാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെക്കുറിച്ചാണ് നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണു തമ്മിൽ ഫോണിൽ സംസാരിച്ചത്. ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.

നമസ്തേ പ്രിയ കൂട്ടാളി, നമസ്തേ പ്രിയ മിത്രമേ’ എന്ന് ഹിന്ദിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നരേന്ദ്ര മോദിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇന്ത്യയുമായി ഈ ബന്ധം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫ്രഞ്ച് പ്രസിഡന്റു് ഇമ്മാനുവൽ മാക്രോണുമായി ഫോണിലൂടെ സംസാരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാൻ വിഷയത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയെന്ന് നരേന്ദ്ര മോദി അറിയിച്ചു.

ജനീവ: ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. മനുഷ്യാവകാശം ഭീഷണിയുടെ വക്കിലാണെന്നും ശാസ്ത്രം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 76-ാമത് ജനറൽ അസംബ്ലിയിലെ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, അഫ്ഗാനിസ്താനിലെ കലാപം, സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തടസ്സപെടുത്തുന്ന രാജ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോകം ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യവശ്യമായിരിക്കുന്നു. നമ്മളെല്ലാവരും ഒരു വലിയ ഗർത്തത്തിന്റെ വക്കിലാണ്, നമ്മൾ തെറ്റായ ദിശയിൽ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും ഭീഷണി നേരിട്ടിട്ടില്ല, അല്ലെങ്കിൽ ഇത്രയും വിഭജനം നേരിട്ടിട്ടില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഐപിഎല്‍ സംപ്രേക്ഷണം അഫഗാനിസ്ഥാനില്‍ നിരോധിച്ചതായി മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ എം. ഇബ്രാഹിം മൊമാണ്ട് ട്വീറ്റ് ചെയ്തു. ഇസ്ലാം വിരുദ്ധ ഉള്ളടക്കം, പെണ്‍കുട്ടികളുടെ നൃത്തം, സ്റ്റേഡിയത്തിലെ തലമറക്കാത്ത സ്ത്രീകളുടെ സാന്നിധ്യം, എന്നിവ കാരണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഇബ്രാഹിം ട്വീറ്റ് ചെയ്തത്. താലിബാന്‍ സര്‍ക്കാര്‍ ഐപിഎല്‍ പ്രക്ഷേപണം നിരോധിച്ചതായി രാജ്യത്തെ മറ്റ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ മുന്‍നിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് എന്നാണ് സൂചന.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യു.എന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാല്‍ ലോകരാജ്യങ്ങള്‍ പലതും ഇതേ സമീപനമാണ് പിന്‍തുടരുന്നത്. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകരാജ്യങ്ങള്‍ ഗൗരവതരമായ ആലോചന നടത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നകാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സാര്‍ക്ക് സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ തള്ളിയത്.

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നവയാണ് സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്താന്‍ ഇതിനോട് യോജിച്ചില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക്ക് സെക്രട്ടറിയേറ്റ് പ്രതികരിച്ചു.