പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് സ്ത്രീകൾക്ക് ഇണങ്ങിയ ജോലി; താലിബാന്റെ നിലപാട് വ്യക്തമാക്കി കാബൂൾ ആക്ടിംഗ് മേയർ

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തനിസ്വരൂപം കാട്ടി താലിബാൻ. അഫ്ഗാന്റെ ഭരണം പിടിച്ചപ്പോൾ സ്ത്രീകൾക്ക് വിദ്യാഭാസത്തിനും ജോലിയ്ക്കുമുള്ള അവസരങ്ങൾ നൽകുമെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ യഥാർത്ഥ നയം വ്യക്തമാക്കുകയാണ് താലിബാൻ. ഇതിന്റെ ഭാഗമായി ആൺകുട്ടികൾക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളോട് തൊഴിലിന് വരേണ്ട എന്ന് അറിയിപ്പ് നൽകുകയും ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം.

സ്ത്രീകൾക്ക് ചെയ്യാൻ ഒരു ജോലി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാബൂളിന്റെ ആക്ടിംഗ് മേയർ ഹംദുള്ള നൊഹ്മാനി. പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് അവർക്ക് ഇണങ്ങുന്ന ഏക ജോലിയെന്ന് ഹംദുള്ള നൊഹ്മാനി പറയുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം അവർ വൃത്തിയാക്കിയാൽ മതിയെന്നും മേയർ വിശദീകരിക്കുന്നു. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത ജോലികളിൽ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് നേരത്തെ തന്നെ മേയർ അറിയിച്ചിരുന്നതാണ്. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

മതനിയമങ്ങൾക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് മുൻപ് താലിബാൻ പറഞ്ഞിരുന്നത്. സ്ത്രീകൾക്ക് യൂണിവേഴ്‌സിറ്റിയിൽ ചേരാമെന്നും താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ സാഹചര്യം സുരക്ഷിതമല്ലെന്നും സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നുമാണ് ഇപ്പോൾ താലിബാൻ പറയുന്നത്.