ചൈനയുടെ സ്വാധീനത്തിന് തടയിടാൻ ഓക്കസ് പ്രതിരോധ മുന്നണി; ഓസ്‌ട്രേലിയയ്ക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം നിർമ്മിക്കാൻ സഹായിക്കും

വാഷിംഗ്ടൺ: ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ തടയാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും. ഓക്കസ് എന്നാണ് ഈ പ്രതിരോധ മുന്നണിയ്ക്ക് നൽകിയിരിക്കുന്ന പേര്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൻ എന്നിവർ ചേർന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സഖ്യത്തിന് രൂപം നൽകിയത്. ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ മുന്നണിയുടെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം പണിയാൻ സഹായിക്കാനാണ് യുഎസും ബ്രിട്ടനും തീരുമാനിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി പണിയുന്നതാണ് ഓക്കസ് പദ്ധതിയിലെ ആദ്യഘട്ട പ്രവർത്തനം. അഡലെയ്ഡിലായിരിക്കും അന്തർവാഹിനിയുടെ നിർമ്മാണം. ഇതു യാഥാർഥ്യമാകുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുള്ള ഏഴാമത്തെ രാജ്യം എന്ന നേട്ടം ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാകും. അതേസമയം ഇതിനർഥം ഓസ്‌ട്രേലിയ ആണവായുധങ്ങളുടെ പിന്നാലെ പോകുമെന്നല്ലെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസൺ അറിയിച്ചു.

ഇക്കാര്യത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉറ്റ സഖ്യകക്ഷിയായ ഫ്രാൻസിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫ്രാൻസിന്റെ കീഴിലുള്ള നേവൽ ഗ്രൂപ് എന്ന നാവികായുധ കമ്പനിയുമായി 90 ബില്യൺ കരാറിൽ ആണവ അന്തർവാഹിനികൾക്ക് ഓസ്‌ട്രേലിയ ഓർഡർ നൽകിയിരുന്നതാണ്. ഇപ്പോൾ യുഎസും ബ്രിട്ടനും കൂടി വന്നതോടെ ഈ കരാർ ഫ്രാൻസിനു നഷ്ടമായി.

ആണവ അന്തർവാഹിനികളെ മുന്നോട്ടു നയിക്കുന്ന ന്യൂക്ലിയർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ യുഎസ് ഇതുവരെ ബ്രിട്ടനല്ലാതെ മറ്റൊരു രാജ്യത്തിനും നൽകിയിട്ടില്ല. എന്നാൽ ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയും ഇതിൽ പങ്കാളിയാകും. നിലവിൽ കോളിൻ ക്ലാസ് എന്നറിയപ്പെടുന്ന അന്തർവാഹിനികളാണ് ഓസ്‌ട്രേലിയൻ നേവിക്കുള്ളത്. ഡീസൽ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരുപാടുകാലം കടലിൽ കിടക്കാൻ കഴിയില്ല. എന്നാൽ ആണവ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വരുന്നതോടെ ഇക്കാര്യത്തിൽ മാറ്റമാകുകയും 5 മാസത്തോളം പസഫിക് മേഖലയിൽ കിടക്കാനും വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനും ഓസ്‌ട്രേലിയൻ നേവിക്ക് അവസരമൊരുങ്ങുകയും ചെയ്യും.