ന്യൂഡൽഹി: സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പടെയുളള 11 സംസ്ഥാനങ്ങൾക്കാണ് അത്യന്തം മാരകമായ ഈ വൈറസിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകി കേന്ദ്രം രംഗത്തെത്തിയത്.
വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഗുരുതരമായ ഈ പ്രശ്‌നം വളരെ എളുപ്പത്തിൽ മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പനി സംബന്ധിച്ച ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്നും അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

