അഫ്ഗാനിൽ സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കി താലിബാൻ; സ്വപ്‌നങ്ങൾ തകർന്നടിഞ്ഞുവെന്ന് എയർഹോസ്റ്റസുകൾ

കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകളുടെ ജീവിതമാണ് ദുരിതത്തിലായിരിക്കുന്നത്. സ്വതന്ത്രമായി ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന താലിബാനിലെ സ്ത്രീകൾക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലി ചെയ്യാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്.

രാജ്യത്ത് ഉണ്ടായിരുന്ന എയർ ഹോസ്റ്റസുമാരുടെയും ഫാഷൻ ഡിസൈനർമാരുടേയും കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. ഒരുപാട് ആഗ്രഹിച്ച് നേടിയ തൊഴിലുകൾ ചെയ്യാൻൃ കഴിയാതെ ഒളിവിൽ കഴിയേണ്ട അവസ്ഥയിലാണ് ഇവർ. അഫ്ഗാൻ എയർലൈൻസായ അരിയാനയിലെ എയർ ഹോസ്റ്റസും അഫ്ഗാനിലെ ഫാഷൻ ഡിസൈനർമാരുമടങ്ങുന്ന 11 പേരാണ് ഇത്തരത്തിൽ ഒളിവിൽ കഴിയുന്നത്.

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയത് ഒരു നടുക്കത്തോടെയാണ് ഈ പെൺകുട്ടികൾ ഓർക്കുന്നത്. അവസാനത്തെ ഫ്‌ളൈറ്റ് താലിബാൻ പിടിച്ചടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ കരയുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പറയുന്നത്. എന്താണ് സംഭവിക്കുക എന്നത് അവ്യക്തമായിരുന്നുവെന്നും ഇനി എവിടേക്ക് പോകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കുന്നു.

താലിബാൻ അധികാരത്തിലെത്തി വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും സ്ഥിതിഗതികളൊക്കെ സാധാരണ രീതിയിലാകുന്നത് വരെ തങ്ങളോട് ജോലിക്ക് വരണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശാരീരീകമായും മാനസികമായും സമാധാനമില്ല. ഇനി അവർ തങ്ങളെ തിരിച്ചെടുത്താൽ തന്നെ തങ്ങളുടെ എയർ ഹോസ്റ്റസ് യൂണിഫോം ധരിക്കാൻ സാധിക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ല. സർക്കാരിന്റെ കാറിൽ ഇരിക്കാൻ തങ്ങൾക്ക് അനുവാദം ഉണ്ടാകില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.

തങ്ങളുടെ സ്വപ്‌നങ്ങളാണ് തകർന്നത്. ഇനി ആ സന്തോഷ ദിനങ്ങൾ മടങ്ങി വരില്ല. ഇനി ഒരിക്കൽ പോലും എയർ ഹോസ്റ്റസായി ചിരിച്ച് നിൽക്കുന്ന ചിത്രം പകർത്താൻ സാധിക്കില്ലെന്നും പെൺകുട്ടികൾ കൂട്ടിച്ചേർത്തു.