International (Page 175)

covid

ബ്ലൂംബെർഗ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചനകളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും വർധിച്ചു വരുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

78 മില്ല്യൺ കോവിഡ് കേസുകളാണ് യൂറോപ്പ് മേഖലയിലുള്ളത്. തെക്ക് കിഴക്കൻ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറൻ പസഫിക്-ആഫ്രിക്കൻ മേഖലയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയും മധ്യേഷ്യയിൽ നിന്നാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഏതാനും ആഴ്ച്ചകളായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകൾ കൂടിയതും നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇതേ നിലയിലാണ് രോഗ വ്യാപനം തുടരുന്നതെങ്കിൽ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളിൽ അഞ്ച് ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടർ ഹാൻസ് ക്ലൂജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലണ്ടൻ: കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൽനുപിറാവിറിന് അംഗീകാരം നൽകി ബ്രിട്ടൺ. മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകുന്നത് ബ്രിട്ടനാണ്. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് മോൽനുപിറാവിർ ഗുളികയ്ക്ക് അംഗീകാരം നൽകിയത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവർക്കും മരണസാദ്ധ്യതയുള്ളവർക്കും ഗുളിക ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിലെ കണ്ടെത്തൽ. മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സാണ് ഗുളിക വികസിപ്പിച്ചത്.

രോഗം ബാധിച്ച ഉടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കോവിഡ് ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമായാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശിച്ചിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആശുപത്രിവാസം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഗുളിക ഉപയോഗിക്കുന്നതിന് യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും തേടിയിട്ടുണ്ട്.

കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിക്കപ്പെട്ടിട്ടുണ്ട്.

ഷാർജ: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശയിൽ പ്രതികരണവുമായി മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് ശുപാർശ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തിന് സാധുതയില്ലെന്നും സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ അറിയിച്ചു.

ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്നാണ് ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയത്. അതേസമയം കമ്മീഷന്റെ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടിലാണ് യാക്കോബായ സഭ.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയിരുന്നു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നതെന്നും നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നും ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കിയിരുന്നു.

തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

us

ദീപാവലി ആഘോഷത്തെ ഒരു അന്താരാഷ്ട്ര ഉത്സവ അവധി ദിനമായി പ്രഖ്യാപിക്കാന്‍ ബില്‍ അവതരിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് വക്താവ് കരോലിന്‍ ബി. മെലോണി. ന്യൂയോര്‍ക്കില്‍ നിന്നുള്ള വനിതാ ഡെമോക്രാറ്റ് കോണ്‍ഗ്രസ് പ്രതിനിധി, കോണ്‍ഗ്രസ് വക്താവ് രാജാ കൃഷ്ണമൂര്‍ത്തി, ഗ്രിഗറി മീക്ക്‌സ് എന്നിവരുമായി ചേര്‍ന്നാണ് ദീപാവലി അവധി ദിന നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ലോകം മുഴുവനുമുള്ള ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകളറിയിച്ചു. ദീപാവലി എന്നത് ഇരുട്ടിനെതിരെ പ്രകാശവും, തിന്മക്കെതിരെ നന്മയും, അജ്ഞതക്കെതിരെ അറിവും നേടിയ വിജയത്തെ സൂചിപ്പിക്കുന്നതാണെന്ന് മെലോണി പറഞ്ഞു.

അമേരിക്കയില്‍ താമസിക്കുന്ന മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി ഈ പ്രഖ്യാപനത്തെ കാണാമെന്ന് രാജാ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ അമേരിക്കക്ക് നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള ഒരു പ്രത്യുപകാരമായി ഇതിനെ കാണാമെന്ന് മീക്ക്‌സ് പറഞ്ഞു.

ഈ നിയമത്തെ അഭിമാനത്തോടെ കാണുന്നുവെന്നും, ബില്‍ അവതരിപ്പിക്കുന്നതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഖന്ന അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഒരുപോലെ ഈ നിയമം ബാധകമാകുമെന്നും, വിവേചനം ഉണ്ടാവില്ലെന്നും ഉമാ സെന്‍ ഗുപ്ത വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിയമ വിദഗ്ദരോടൊപ്പം നിയമ യുദ്ധം നടത്തി ദീപാവലി ആഘോഷത്തിന്റെ സ്മരണക്കായുള്ള ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വേണ്ടി മെലോണി പ്രയത്‌നിച്ചിരുന്നു.

vaccine

ദില്ലി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തിങ്കളാഴ്ച മുതല്‍ അമേരിക്കയുടെ യാത്രാനുമതി. രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ്‌ അനുമതി. ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ അനുകൂലമായ തീരുമാനം.

കൊവാക്‌സിന് പല രാജ്യങ്ങളും അംഗീകാരം നല്‍കാതിരുന്നത് പലരുടെയും വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ജൂലൈയിലാണ് ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്. എന്നാല്‍, ഗര്‍ഭിണികളില്‍ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിന്‍. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും അംഗീകാരത്തില്‍ നിര്‍ണ്ണായകമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

കാബൂള്‍: ആഭ്യന്തര വ്യാപാരത്തിനായി ഇനി മുതല്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നവരെ തൂക്കിക്കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാന്‍. അഫ്ഗാനില്‍ വിദേശ കറന്‍സികളുടെ ഉപയോഗം നിരോധിച്ചെന്ന വിവരം ചൊവ്വാഴ്ച പത്രക്കുറിപ്പിലൂടെയാണ് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ അറിയിച്ചത്.

എന്നാല്‍, രാജ്യത്തിനുള്ളില്‍ പലയിടങ്ങളിലും അതുപോലെ തെക്കന്‍ അതിര്‍ത്തിയിലുള്ള വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും നിലവില്‍ യു.എസ് ഡോളറാണ് ഉപയോഗിക്കുന്നത്. ഇതിനോടകം തന്നെ തകര്‍ന്നിരിക്കുന്ന അഫ്ഗാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയിലേക്കെത്തിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ അവിടത്തെ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ കരുതല്‍ നിക്ഷേപം വിദേശത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് അഫ്ഗാന്‍ കറന്‍സി തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. വിദേശ കറന്‍സി ഉപയോഗത്തില്‍ നിന്ന് കര്‍ശനമായി വിട്ടു നില്‍ക്കാനാണ് എല്ലാ പൗരന്മാരോടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി പല വിദേശ രാജ്യങ്ങളും ഇന്നും അംഗീകരിച്ചിട്ടില്ല.

കാബൂൾ: കാബൂളിലെ സൈനിക ആശുപത്രിയിൽ സ്‌ഫോടനം. 19 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോംബുമായി എത്തിയ ചാവേർ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ ഒരു സംഘം അക്രമികൾ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറി ആക്രമണവും നടത്തി.

അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ നിരവധി സ്‌ഫോടനങ്ങൾക്കും ആക്രമണങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൈനിക ആശുപത്രിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. അതേസമയം, ആശുപത്രിയെ ലക്ഷ്യമിട്ട് രണ്ട് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ സ്‌ഫോടനം നടന്ന് അര മണിക്കൂറിനു ശേഷം വീണ്ടും സ്ഥോടന ശബ്ദം കേട്ടെന്നാണ് വിവരം.

ആശുപത്രിയിലെ ആദ്യ ചെക്ക് പോയിന്റിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും തുടർന്ന് സുരക്ഷാമുറികളിലേയ്ക്ക് മാറാൻ നിർദേശം ലഭിക്കുകയായിരുന്നുവെന്നും ആക്രമണം നടന്ന സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിയിലെ ഡോക്ടർ വെളിപ്പെടുത്തി. ആശുപത്രിയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും വെടിയൊച്ചകൾ കേൾക്കാമെന്നും അക്രമികൾ ആശുപത്രി വിട്ടു പോയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിസ്ബൻ: ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. ഫേസ്ബുക്കിന്റെ റീബ്രാൻഡിനെതിരെയും ഫ്രാൻസിസ് ഹോഗൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നാണ് ഹോഗന്റെ അഭിപ്രായം. ഫേസ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രതികരണമാണിത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിലായിരുന്നു ഹോഗന്റെ പരാമർശം.

മാർക്ക് സക്കർബർഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കർബർഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും ഹോഗൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. എന്നാൽ ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുന്നത്.

ന്യൂഡൽഹി: ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രി വിശദമാക്കി. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉച്ചകോയിൽ മുന്നോട്ട് വെച്ചു. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് സമ്മേളനത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. റോമിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്ലാസ്‌ഗോയിൽ എത്തിയത്.

ന്യൂഡൽഹി: കോവിഡ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49000 വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണസംഖ്യയും കൂടി. സാമ്പത്തികമായി മുൻനിരയിലുള്ള രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ നമ്മുടെ പക്കലുള്ള എല്ലാ പ്രതിരോധ മാർഗങ്ങളേയും അത് മറികടന്നേക്കാമെന്നും പൊതുജനാരോഗ്യ സുരക്ഷയ്ക്കുള്ള മാർഗങ്ങൾ നടപ്പാലിക്കുന്നതിനെ പോലും അത് വൈകിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതേസമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെ മാത്രരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.