ദീപാവലി അവധി ദിനം : ബില്‍ അവതരിപ്പിച്ച് യുഎസ്‌

us

ദീപാവലി ആഘോഷത്തെ ഒരു അന്താരാഷ്ട്ര ഉത്സവ അവധി ദിനമായി പ്രഖ്യാപിക്കാന്‍ ബില്‍ അവതരിപ്പിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് വക്താവ് കരോലിന്‍ ബി. മെലോണി. ന്യൂയോര്‍ക്കില്‍ നിന്നുള്ള വനിതാ ഡെമോക്രാറ്റ് കോണ്‍ഗ്രസ് പ്രതിനിധി, കോണ്‍ഗ്രസ് വക്താവ് രാജാ കൃഷ്ണമൂര്‍ത്തി, ഗ്രിഗറി മീക്ക്‌സ് എന്നിവരുമായി ചേര്‍ന്നാണ് ദീപാവലി അവധി ദിന നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ലോകം മുഴുവനുമുള്ള ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകളറിയിച്ചു. ദീപാവലി എന്നത് ഇരുട്ടിനെതിരെ പ്രകാശവും, തിന്മക്കെതിരെ നന്മയും, അജ്ഞതക്കെതിരെ അറിവും നേടിയ വിജയത്തെ സൂചിപ്പിക്കുന്നതാണെന്ന് മെലോണി പറഞ്ഞു.

അമേരിക്കയില്‍ താമസിക്കുന്ന മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി ഈ പ്രഖ്യാപനത്തെ കാണാമെന്ന് രാജാ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ അമേരിക്കക്ക് നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള ഒരു പ്രത്യുപകാരമായി ഇതിനെ കാണാമെന്ന് മീക്ക്‌സ് പറഞ്ഞു.

ഈ നിയമത്തെ അഭിമാനത്തോടെ കാണുന്നുവെന്നും, ബില്‍ അവതരിപ്പിക്കുന്നതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഖന്ന അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഒരുപോലെ ഈ നിയമം ബാധകമാകുമെന്നും, വിവേചനം ഉണ്ടാവില്ലെന്നും ഉമാ സെന്‍ ഗുപ്ത വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിയമ വിദഗ്ദരോടൊപ്പം നിയമ യുദ്ധം നടത്തി ദീപാവലി ആഘോഷത്തിന്റെ സ്മരണക്കായുള്ള ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വേണ്ടി മെലോണി പ്രയത്‌നിച്ചിരുന്നു.