ലണ്ടൻ: കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൽനുപിറാവിറിന് അംഗീകാരം നൽകി ബ്രിട്ടൺ. മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകുന്നത് ബ്രിട്ടനാണ്. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് മോൽനുപിറാവിർ ഗുളികയ്ക്ക് അംഗീകാരം നൽകിയത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവർക്കും മരണസാദ്ധ്യതയുള്ളവർക്കും ഗുളിക ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിലെ കണ്ടെത്തൽ. മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സാണ് ഗുളിക വികസിപ്പിച്ചത്.
രോഗം ബാധിച്ച ഉടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കോവിഡ് ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമായാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശിച്ചിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആശുപത്രിവാസം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഗുളിക ഉപയോഗിക്കുന്നതിന് യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും തേടിയിട്ടുണ്ട്.
കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിക്കപ്പെട്ടിട്ടുണ്ട്.

