സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ല; മാർക് സക്കർബർഗിനെതിരെ മുൻ ജീവനക്കാരി

ലിസ്ബൻ: ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. ഫേസ്ബുക്കിന്റെ റീബ്രാൻഡിനെതിരെയും ഫ്രാൻസിസ് ഹോഗൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നാണ് ഹോഗന്റെ അഭിപ്രായം. ഫേസ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രതികരണമാണിത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിലായിരുന്നു ഹോഗന്റെ പരാമർശം.

മാർക്ക് സക്കർബർഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കർബർഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും ഹോഗൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. എന്നാൽ ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുന്നത്.