ദില്ലി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തിങ്കളാഴ്ച മുതല്‍ അമേരിക്കയുടെ യാത്രാനുമതി. രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി. ഭാരത് ബയോടെക് ആണ് കൊവാക്‌സിന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ അനുകൂലമായ തീരുമാനം.
കൊവാക്‌സിന് പല രാജ്യങ്ങളും അംഗീകാരം നല്‍കാതിരുന്നത് പലരുടെയും വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ജൂലൈയിലാണ് ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്. എന്നാല്‍, ഗര്‍ഭിണികളില്‍ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിന്‍. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും അംഗീകാരത്തില്‍ നിര്‍ണ്ണായകമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

