കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്ക്ക് വെല്ലുവിളി; കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രി വിശദമാക്കി. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉച്ചകോയിൽ മുന്നോട്ട് വെച്ചു. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് സമ്മേളനത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. റോമിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്ലാസ്‌ഗോയിൽ എത്തിയത്.