International (Page 174)

ലണ്ടന്‍: ഇന്ത്യുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടനും. ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെയാണ് ബ്രിട്ടന്റെ അംഗീകാരം ലഭിക്കുന്നത്. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ മാസം 22 മുതല്‍ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നല്‍കുവെന്നായിരുന്നു ബ്രിട്ടന്റെ മുന്‍ നിലപാട്. എന്നാല്‍, ഇപ്പോള്‍ യാത്രക്ക് മുന്‍പുള്ള കൊവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റൈന്‍ എന്നിവയിലും ഇളവുണ്ടാകും.

ഇന്ത്യക്ക് പുറമെ ലോകാരോഗ്യ സംഘടന അംഗീകരിച്ച യുഎഇ. മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍. കൊവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫോം വാക്‌സിനുകള്‍ക്കും ബ്രിട്ടന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ കുത്തിവെക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.

ബെയ്ജിംഗ്: ബെയ്ജിംഗിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന പ്ലീനം ആരംഭിച്ചു. നൂറു വർഷത്തെ പാർട്ടിയുടെ നേട്ടങ്ങൾ വിവരിക്കുന്ന രേഖ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് പ്ലീനം നടക്കുന്നത്. ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം പ്ലീനത്തിൽ അവതരിപ്പിക്കും.

ഷീ ജിൻപിങാണ് പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമ്മീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത്. രണ്ടു തവണകളായി ഷീ ജിൻപിങാണ് രാജ്യത്തെ പ്രസിഡന്റ് പദത്തിൽ അധികാരത്തിലുള്ളത്. ഷീ ജിൻ പിങിന് ഇനിയും അധികാരത്തിൽ തുടരാനുള്ള അനുമതി പാർട്ടി പ്ലീനം നൽകും. മുൻപ് നടന്ന പാർട്ടി സമ്മേളനത്തിൽ തന്നെ ഇതുസംബന്ധിച്ച ധാരണയായിരുന്നു. അടുത്ത വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലെ 12 അംഗങ്ങൾ വിരമിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയൊരു തലമുറമാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ കര്‍ശന നിലപാടെടുക്കുമെന്ന് ഇന്ത്യ. വിഷയം അന്തര്‍ ദേശീയ വേദികളില്‍ ഉന്നയിക്കുമെന്നും, ഗൗരവമായി എടുക്കുന്നതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്തിലെ ഓഖയില്‍ നിന്നും പുറപ്പെട്ട ‘ജല്‍പാരി’ എന്ന ബോട്ടിന് നേരെയാണ് പാകിസ്ഥാന്‍ നാവികസേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഗുജറാത്ത് പോലീസും അന്വേഷണം നടത്തുന്നുണ്ട്. കരക്ക് എത്തിച്ച മത്സ്യത്തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ആറ് തൊഴിലാളികളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നുമാണ് ഗുജറാത്ത പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇതേ പ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013 ല്‍ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. 558 മത്സ്യത്തൊഴിലാളികള്‍ പാക് ജയിലില്‍ ഉണ്ട്. 74 പാക് മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചതിനാല്‍ ഇന്ത്യന്‍ ജയിലിലുമുണ്ട്.

ന്യൂഡൽഹി: ഫേസ്ബുക്ക് അധികം താമസിയാതെ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ട്. ‘ഗാർഡിയൻ’ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണിൽ ഒരുവിഭാഗം ഉപഭോക്താക്കളിൽ നിന്ന് കമ്പനി വൈകാതെ രണ്ട് ശതമാനം കമ്മീഷൻ വാങ്ങാൻ തീരുമാനിച്ചെന്നാണ് വിവരം. ഇന്ത്യയിൽ ഫീസ് ഈടാക്കുമോയെന്ന വിവരത്തിൽ വ്യക്തതയില്ല.

യുകെയിൽ ഫേസ്ബുക്കിന്റെ എതിരാളികളിൽ പലരും നിലവിൽ ഇത്തരത്തിൽ ഫീസ് ഈടാക്കി സേവനം നൽകുന്നുണ്ട്. അതിനാൽ രണ്ട് ശതമാനം മാത്രം ഫീസ് ഈടാക്കുന്ന തീരുമാനം നിലവിലെ കസ്റ്റമർമാരെ വലുതായി ബാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ഓൺലൈൻ വഴിയുളള വ്യാപാരം വർദ്ധിച്ചതുമാണ് കമ്മീഷൻ ഈടാക്കാൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.

കമ്പനി ഉത്പന്നത്തിന്റെ വിതരണ നിരക്ക് ഉൾപ്പടെ ചേർത്താകും തങ്ങൾ കമ്മിഷൻ തീരുമാനിക്കുകയെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഇബെയ് പോലുളളവ കസ്റ്റമർമാർക്ക് സാധനങ്ങൾ ലിസ്റ്റ് ചെയ്യാനും വിൽക്കാനും ഫീസ് ഈടാക്കുന്നുണ്ട്.

ബാഴ്‌സലോണ ക്ലബ്ബിന്റെ പരിശീലകനായി ഇനി സാവി ഹെര്‍ണാണ്ടസ്. 1998 മുതല്‍ നീണ്ട 17 വര്‍ഷക്കാലം ബാഴ്‌സ ജഴ്‌സിയില്‍ കളിച്ച ഇതിഹാസ താരം സാവി തന്റെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പരിശീലകനായി തികഞ്ഞ പ്രതീക്ഷയോടെ ബാഴ്‌സ സാവിയെ കൊണ്ടുവരുന്നത്.

മെസിയുടെ അഭാവത്തില്‍ മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരു ടീമിനെ വിജയ വഴിയിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് സാവി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഖത്തര്‍ ക്ലബ്ബായ അല്‍സാദില്‍ നിന്നാണ് പഴയ ക്ലബ്ബിലേക്കുള്ള സാവിയുടെ വരവ്. പരിശീലക റോളില്‍ ആരാധകര്‍ക്ക് മുമ്പാകെ സാവിയെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും. ഹോം ഗ്രൗണ്ടായ നൂകാംപിലായിരിക്കും സാവിയുടെ റിലീസ്. നവംബര്‍ 20 ന് എസ്പാന്യോളിനെതിരെയുള്ള സിറ്റി ഡെര്‍ബിയിലായിരിക്കും ബാഴ്‌സ പരിശീലകനായി സാവി അരങ്ങേറ്റം കുറിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന .

ചാമ്പ്യന്‍സ് ലീഗിലും ലാലീഗയിലും സ്പാനിഷ് സൂപ്പര്‍ കോപ്പയിലും അതി നിര്‍ണായക മത്സരങ്ങള്‍ കറ്റാലന്‍ ക്ലബ്ബിനെ കാത്തിരിക്കുന്നുണ്ട്. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ക്ലബ്ബിന്റെ രക്ഷകനാകാന്‍ സാവിയെന്ന പരിശീലകന് സാധിക്കുമെന്ന് തന്നെ ആരാധകരും ഉറച്ച് വിശ്വസിക്കുന്നു.

ഹുസ്റ്റൺ: സംഗീതനിശ കാണുവാൻ എത്തിയ ജനക്കൂട്ടത്തിൽ തിരക്കിൽപ്പെട്ട് എട്ടു പേർ മരിച്ചു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. സംഗീതമേളയായ ആസ്‌ട്രോ വേൾഡിന്റെ തുടക്ക ദിവസത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താൻ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. വലിയ തോതിൽ മേഖലയിൽ തിക്കും തിരക്കും അനുഭവപ്പെടുകയും ഉന്തും തള്ളലും ഉണ്ടാകുകയും ചെയ്തു.

നിരവധി പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും 17 പേരെ ഫയർ വിഭാഗം ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 11 പേർക്ക് ഹൃദായാഘാതം സംഭവിച്ച അവസ്ഥയിലായിരുന്നു. ഏതാണ്ട് അൻപതിനായിരം പേരാണ് പരിപാടി സ്ഥലത്ത് എത്തിയത്. അമേരിക്കൻ റാപ്പർ ട്രെവിസ് സ്‌കോട്ട് ആയിരുന്നു ആസ്‌ട്രോവേൾഡിന്റെ ഉദ്ഘാടന പരിപാടി അവതരിപ്പിച്ചത്. സ്‌കോട്ട് വേദിയിൽ പാടുമ്പോഴാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഹൂസ്റ്റൺ പൊലീസ് വ്യക്തമാക്കി.

വാഷിംഗ്ടൺ: അമേരിക്കയിൽ കുട്ടികളിൽ കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നതിനാണ് ഭാരത് ബയോടെക് അനുമതി തേടിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെനാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് അനുമതി തേടിയിരിക്കുന്നത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.

രണ്ടു മുതൽ പതിനെട്ട് വയസിനിടയിലുള്ള 526 കുട്ടികളിൽ നടത്തിയ പീഡിയാട്രിക് ക്ലിനിക്കൽ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണങ്ങളാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. കൊവാക്സിൻ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് പരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്.

ബെയ്ജിംഗ്: ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തക ജയിലിൽ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഷാങ് സാൻ എന്ന 38 കാരിയാണ് ജയിലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഷാങ് സാൻ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഷാങ് സാനിനെ ഉടൻ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

2020 ഫെബ്രുവരിയിലാണ് ഷാങ് സാൻ വുഹാനിലെത്തുന്നത്. അന്ന് കോവിഡ് വ്യാപകമായി പടർന്നു പിടിച്ച വുഹാനിൽ അധികൃതർക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഷാങ് സാൻ. തന്റെ മൊബൈൽ ഫോണിൽ ഇക്കാര്യം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും ഷാങ് സാൻ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ മെയ് മാസത്തിലാണ് ചൈന ഇവരെ തടങ്കലിലാക്കിയത്. ഡിസംബറിൽ ഇവർക്ക് നാല് വർഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു. പിന്നീട് ജയിലിൽ വച്ച് ഇവർ നിരാഹാര സമരം ആരംഭിച്ചു. ഷാങ് സാനിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് സഹോദരൻ ഷാങ് ജു ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭക്ഷണം ഉപേക്ഷിച്ച ഷാങിന് മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം നൽകുന്നത്. ഷാങിനെ ജയിൽ മോചിതയാക്കാൻ ആനംസ്റ്റി ഇന്റർനാഷണൽ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. വനിതാ ജയിലിലാണ് ഷാങ് നിലവിലുള്ളത്. അവരെ കാണാൻ അനുവദിക്കണമെന്ന് പല തവണ പറഞ്ഞിട്ടും ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

വാഷിങ്ടണ്‍: പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Military and Security Developments Involving the People’s Republic of China 2021- എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുള്ളത്.

പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍. വിവരങ്ങള്‍ തല്‍സമയം അറിയാനും, സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുഭാഗത്തും നിരവധി സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

യഥാര്‍ഥ നിയന്ത്രണ രേഖക്കു സമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമത്തിന്റെ സാന്നിധ്യമുണ്ടെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശ വാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.

എല്ലാവര്‍ക്കും പരിചിതമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇന്ന് ക്ലബ് ഹൗസ്. ഇനി മുതല്‍ 13 പ്രാദേശിക ഭാഷകളിലും ക്ലബ് ഹൗസ് ചുവടുറപ്പിക്കാന്‍ പോവുകയാണ്. സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ് ദേശ്മുഖിനെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഹൗസ് ഒരു പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. തുടക്കം മുതല്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുമുട്ടുന്നതിനും സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനും ആഴത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്നതിനും ആശയങ്ങള്‍ പങ്കിടുന്നതിനും ഹാംഗ്ഔട്ട് ചെയ്യുന്നതിനും ആപ്പില്‍ വിവാഹം കഴിക്കുന്നതിനും ക്ലബ്ഹൗസ്് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ക്ലബ്ഹൗസ് തന്നെ ഒരു ബ്ലോഗ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കന്നഡ, കൊറിയന്‍, മലയാളം, പോര്‍ച്ചുഗീസ് (ബ്രസീലിയന്‍), സ്പാനിഷ്, തമിഴ്, തെലുങ്ക് എന്നിവയുള്‍പ്പെടെ പുതിയ ഭാഷകളോടെയാണ് ആന്‍ഡ്രോയിഡില്‍ ആരംഭിക്കുന്നതെന്ന് ക്ലബ്ഹൗസ് കുറിച്ചു. 96 ശതമാനം ഇന്ത്യക്കാരും ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കളാണ്. ഒരു റീപ്ലേ ഫീച്ചര്‍ ചേര്‍ക്കാനും ക്ലബ്ഹൗസ് പദ്ധതിയിടുന്നു, അത് ഒരു റൂം റെക്കോര്‍ഡുചെയ്യാനും അവരുടെ പ്രൊഫൈലില്‍ സംരക്ഷിക്കാനും ഓഡിയോ ഡൗണ്‍ലോഡ് ചെയ്യാനും അത് ബാഹ്യമായി പങ്കിടാനും അനുവദിക്കുന്നു.

കഴിഞ്ഞ മാസമാണ് ക്ലബ്ബ് ഹൗസ് ബീറ്റ ഉപയോക്താക്കള്‍ക്കായി ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങിയത്. ക്ലബ്ഹൗസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ക്ലിപ്പുകള്‍, യൂണിവേഴ്സല്‍ സെര്‍ച്ച്, സ്പേഷ്യല്‍ ഓഡിയോ, റീപ്ലേ പിന്തുണ എന്നിവ അവതരിപ്പിച്ചു. പൊതു മുറികളുടെ 30 സെക്കന്‍ഡ് ക്ലിപ്പുകള്‍ പങ്കിടാന്‍ ക്ലിപ്പുകള്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചു, അതുവഴി ഇന്റര്‍നെറ്റില്‍ കൂടുതല്‍ ആളുകള്‍ക്ക് ക്ലബ് കണ്ടെത്താനും അതില്‍ ചേരാനും കഴിയും. ആളുകള്‍, ക്ലബ്ബുകള്‍, ലൈവ് റൂമുകള്‍, ഭാവി ഇവന്റുകള്‍ എന്നിവക്കായി കൂടുതല്‍ വേഗത്തില്‍ തിരയാനും അവരുടെ താല്‍പ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകളും ഇവന്റുകളും കണ്ടെത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു യൂണിവേഴ്സല്‍ സെര്‍ച്ച് ഫീച്ചറും ക്ലബ്ബ്ഹൗസിന് ലഭിക്കും.