വിദേശ കറന്‍സി ഉപയോഗിക്കുന്നവരെ തൂക്കിക്കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാന്‍

കാബൂള്‍: ആഭ്യന്തര വ്യാപാരത്തിനായി ഇനി മുതല്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നവരെ തൂക്കിക്കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാന്‍. അഫ്ഗാനില്‍ വിദേശ കറന്‍സികളുടെ ഉപയോഗം നിരോധിച്ചെന്ന വിവരം ചൊവ്വാഴ്ച പത്രക്കുറിപ്പിലൂടെയാണ് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ അറിയിച്ചത്.

എന്നാല്‍, രാജ്യത്തിനുള്ളില്‍ പലയിടങ്ങളിലും അതുപോലെ തെക്കന്‍ അതിര്‍ത്തിയിലുള്ള വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും നിലവില്‍ യു.എസ് ഡോളറാണ് ഉപയോഗിക്കുന്നത്. ഇതിനോടകം തന്നെ തകര്‍ന്നിരിക്കുന്ന അഫ്ഗാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയിലേക്കെത്തിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ അവിടത്തെ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ കരുതല്‍ നിക്ഷേപം വിദേശത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് അഫ്ഗാന്‍ കറന്‍സി തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. വിദേശ കറന്‍സി ഉപയോഗത്തില്‍ നിന്ന് കര്‍ശനമായി വിട്ടു നില്‍ക്കാനാണ് എല്ലാ പൗരന്മാരോടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി പല വിദേശ രാജ്യങ്ങളും ഇന്നും അംഗീകരിച്ചിട്ടില്ല.