ഷാർജ: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശയിൽ പ്രതികരണവുമായി മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് ശുപാർശ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തിന് സാധുതയില്ലെന്നും സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ അറിയിച്ചു.
ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്നാണ് ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയത്. അതേസമയം കമ്മീഷന്റെ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടിലാണ് യാക്കോബായ സഭ.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയിരുന്നു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നതെന്നും നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നും ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കിയിരുന്നു.
തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

