International (Page 172)

iffi

52-ാം രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് ഗോവയില്‍ തിരശ്ശീല ഉയരും. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലൂടെ വീടുകളിലിരുന്ന് സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സിനിമാ ആസ്വാദനത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിച്ച മാറ്റമാണ് പുതിയ പരീക്ഷണത്തിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

96 രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സോറയുടെ ‘കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്’ ആണ് ഉദ്ഘാടന ചിത്രം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത് 15 ചിത്രങ്ങളാണ്. മറാഠി ചിത്രങ്ങളായ ഗോദാവരി, മി ബസന്ത് റാവു, അസമിലെ ഗോത്രഭാഷയായ ദിമാസ ഭാഷയിലുള്ള സെംഖോര്‍ എന്നിവയാണ് അന്തര്‍ ദേശീയ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യം. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടം പിടിച്ചത്. ജയരാജിന്റെ ‘നിറയെ തത്തകളുള്ള മര’വും രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം ‘സണ്ണി’യും. മലയാളിയായ യദു വിജയകൃഷ്ണകുമാര്‍ ഒരുക്കിയ സംസ്‌കൃതചിത്രം ഭഗവദജ്ജുകവും ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ കൂഴാങ്കലും ഈ വിഭാഗത്തിലുണ്ട്. ജെയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ഷോണ്‍ കോണറിയുടെയും രജനീകാന്തിന്റെയും റെട്രോസ്‌പെക്റ്റീവുകളും മേളയുടെ ആകര്‍ഷണങ്ങളാണ്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററുകള്‍ തുറന്ന സിനിമാ വ്യവസായത്തിനും ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്മുഖ്, ജെനിലിയ ഡിസൂസ, മനോജ് ബാജ്‌പേയി, സാമന്ത റൂത്ത് പ്രഭു എന്നീ താരങ്ങളുടെ സാന്നിധ്യമുണ്ടാവും. രാജ്യ വ്യാപകമായി നടത്തിയ മത്സരത്തിലൂടെ കണ്ടെത്തിയ 75 യുവപ്രതിഭകള്‍ക്ക് സിനിമാ മേഖലയിലെ പ്രമുഖരുമായി ആശയ സംവാദത്തിനും പരിശീലന സെഷനുകളില്‍ പങ്കെടുക്കാനുമുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

dog

ലണ്ടൻ: ഉടമസ്ഥരിൽ നിന്നും വേർപ്പെട്ട് തെരുവിൽ അലഞ്ഞു നടക്കുന്ന വളർത്തുനായ്ക്കളെ പലപ്പോഴും നമ്മൾ കാണാറുണ്ട്. സാധാരണ തെരവുകളില്ലെല്ലാം അലഞ്ഞു നടക്കുന്ന നായ്ക്കളെ പോലെ പുറംലോകത്തെ തിരക്കും വാഹനങ്ങളും ഒന്നും അതിജീവിക്കാൻ ഇത്തരം വളർത്തു നായ്ക്കൾക്ക് കഴിയാറില്ല. ഉടമസ്ഥന്റെ അടുത്തേക്കോ വീട്ടിലേക്കോ മടങ്ങാൻ കഴിയാതെ തെരുവിൽ തന്നെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ട അവസ്ഥയാണ് ഇത്തരം നായകൾക്കുണ്ടാകുന്നത്. ഇവയുടെ ഉടമസ്ഥരാകട്ടെ ഇവ എവിടെ പോയെന്ന് അറിയാതെ അന്വേഷിച്ച് മടുത്ത അവസ്ഥയിലായിരിക്കും.

തിരികെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ എന്നാൽ ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കൾക്ക് ഈ വിവരം ഉടമയെ ധരിപ്പിക്കാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകും. അതിന് സഹായകമായ ഒരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗവേഷകർ. ബ്രിട്ടനിൽ നിന്നും ഫിൻലൻഡിൽ നിന്നുമുള്ള ഒരു സംഘം ഗവേഷകരാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.

വളർത്തുനായയ്ക്ക് താൻ എവിടെയാണെന്ന് ഉടമയ്ക്ക് വിവരം നൽകാൻ സാധിക്കുന്നൊരു ഫോൺ ആണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘ഡോഗ്ഫോൺ’എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. നായയുടെ ദേഹത്ത് തന്നെ ഘടിപ്പിക്കാവുന്നൊരു സംവിധാനമാണിത്. ആവശ്യമായ സന്ദർഭങ്ങളിൽ അതിന് ഈ ഉപകരണത്തിന്റെ സഹായത്തോടെ ഉടമയെ വീഡിയോ കോൾ ചെയ്യാൻ കഴിയും. തങ്ങളുടെ പരീക്ഷണത്തിൽ ഈ ഉപകരണം ഫലപ്രദമായി പ്രവർത്തിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇനി ഇതിന്റെ ഗുണങ്ങൾ ആളുകളെ മനസിലാക്കിച്ച്, ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.

പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ ന്യൂസ് ഷോക്കേസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലും സംഭവിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ അല്‍ഗോരിതം വഴി വായനക്കാരിലേക്ക് എത്തും.

പ്രാദേശിക വാര്‍ത്തകള്‍ തിരയാനും അന്വേഷിക്കുമ്പോള്‍ മറുപടിയായി കാണിക്കുന്ന ഒരു കറൗസലാണ് ഹെഡ്ലൈന്‍ ഫീച്ചര്‍. ഈ ഫീച്ചര്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കാന്‍ സാധിക്കും.

കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിയായിരുന്നു ഈ ഫീച്ചര്‍ ആദ്യം ഇറക്കിയത്. എന്നാല്‍, ഇപ്പോള്‍ സ്പോര്‍ട്സ്, പ്രാദേശിക ഭരണകൂടം തുടങ്ങി മറ്റു വിഷയങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന വാര്‍ത്തകളും /പൊതു വാര്‍ത്തകളും ആധികാരികമായി നല്‍കുന്ന തരത്തില്‍ തങ്ങളുടെ സംവിധാനങ്ങള്‍ മാറ്റുകയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

വാഷിംഗ്ടൺ: ലോകത്ത് പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു. സാങ്കൽപ്പിക കഥകളിൽ നിറഞ്ഞു നിന്നിരുന്ന പറക്കും കാറുകൾ പുറത്തിറക്കുമെന്ന് ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുഫ്റ്റ്കാർ കമ്പനിയാണ് അറിയിച്ചിരിക്കുന്നത്. 2023 ഓടെ തങ്ങൾ പറക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പല കമ്പനികളും പറക്കുന്ന വാഹനങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയിലാണ് ഇത്തരമൊരു വാർത്തയുമായി ലുഫ്റ്റ്കാർ രംഗത്തെത്തിയിരിക്കുന്നത്.

ലുഫ്റ്റ്കാർ കമ്പനി പുറത്തിറക്കുന്ന വാഹനം ഒരു ഫ്‌ളയിംഗ് മൊഡ്യൂളിൽ ഘടിപ്പിക്കാൻ സാധിക്കും. ആറ് പ്രൊപ്പല്ലറുകൾ ഇതിനുണ്ടായിരിക്കും. മണിക്കൂറിൽ 220 മൈൽ (350 കിലോമീറ്റർ) വേഗത കൈവരിക്കാൻ ഈ കാറുകൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏകദേശം 4,000 അടി ഉയരത്തിൽ എത്താനും കാറുകൾക്ക് കഴിവുണ്ട്. ഒറ്റയടിക്ക് 150 മൈൽ (240കിലോമീറ്റർ) ചുറ്റി സഞ്ചരിക്കാനുള്ള കഴിവും കാറുകൾക്കുണ്ടെന്നും കമ്പനി അവകാശവാദമുന്നയിക്കുന്നുണ്ട്.

അഞ്ച് സീറ്റുകളായിരിക്കും പറക്കും കാറുകൾക്ക് ഉണ്ടാകുക. ഹൈഡ്രജൻ ഉപയോഗിച്ചാകും കാറിന്റെ പ്രവർത്തനം. 3.5 ലക്ഷം ഡോളറായിരിക്കും കാറിന്റെ വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാഥമികമായി വൻകിട കോർപ്പറേഷനുകൾക്കും, അത്യാവശ്യ യാത്രകൾ ചെയ്യേണ്ടി വരുന്ന സമ്പന്നർക്കും വേണ്ടിയായിരിക്കും കാർ പുറത്തിറക്കുന്നത്. ഭാവിയിൽ നഗരങ്ങളിൽ പറക്കും കാറുകൾ സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുഫ്റ്റ്കാറിന്റെ സ്ഥാപകനും സിഇഒയുമായ ശാന്ത് സത്യ പറഞ്ഞു. അതിനാൽ ജനങ്ങൾക്ക് തിരക്കേറിയ നഗരത്തിൽ താമസിക്കേണ്ടതില്ലെന്നും, ദൂരസ്ഥലങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ ശാന്ത് സത്യയാണ് ലുഫ്റ്റ് കാറിന്റെ സ്ഥാപകൻ. അണ്ണാ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സത്യ. സീമെൻസ്, ജോൺസൺ കൺട്രോൾസ്, ബോയിംഗ് തുടങ്ങിയ വിവിധ കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബെയ്ജിംഗ്: അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന. കഴിഞ്ഞ വർഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2000 ൽ ചൈനയുടെ സമ്പത്ത് വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു നിലവിൽ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന് സൂറിച്ച് ആസ്ഥാനമായ ആഗോള റിസർച്ച് സ്ഥാപനം മക്കിൻസി ആൻഡ് കമ്പനിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നു. ലോക വരുമാനത്തിൽ 60 ശതമാനം പങ്കിടുന്ന ചൈന, യുഎസ്എ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, സ്വീഡൻ, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ എന്നീ 10 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആഗോള ആസ്തിയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആഗോള ആസ്തി 156 ലക്ഷം കോടിയിൽ നിന്ന് 514 ലക്ഷം കോടിയായി ഉയർന്നുവെന്നും പഠനത്തിൽ വിശദമാക്കുന്നു. 1999 ൽ ലോകാരോഗ്യ സംഘടനയിൽ അംഗമായതോടെയാണ് ചൈനയുടെ സാമ്പത്തിക സ്ഥിതി വർധിക്കാൻ ആരംഭിച്ചത്.

അതേസമയം അമേരിക്കയുടെ സമ്പത്ത് 90 ലക്ഷം കോടി ഡോളറാണ്. 20 വർഷത്തിനിടെ അമേരിക്കയ്ക്കും വളർച്ചയുണ്ടായി. ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപമാണ്. അടിസ്ഥാന സൗകര്യവികസനമാണ് രണ്ടാമത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റവും പലിശ നിരക്കിലെ കുറവുമാണ് ആസ്തി വർധിക്കാനുള്ള പ്രധാന കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം സെമി ഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചു വിക്കറ്റിനായിരുന്നു തമിഴ്‌നാടിന്റെ ജയം. അങ്ങനെ, തമിഴ്‌നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലിലേക്ക് കടന്നു.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ തമിഴ്‌നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ നിരക്ക് കുറവായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദിന്റേയും, രോഹന്റേയും കരുത്തില്‍ 181/4 എന്ന മികച്ച സ്‌കോര്‍ നേടിയപ്പോള്‍, തമിഴ്‌നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്നാമനായിറങ്ങിയ സച്ചിന്‍ ബേബിക്കും ടി20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല. ഇതിനിടെ 43 പന്തില്‍ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ പുറത്തായി. പിന്നാലെയെത്തിയ നായകന്‍ സഞ്ജു രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു.

എന്നാല്‍ അഞ്ചാമനായി അവസാന ഓവറുകളില്‍ കത്തിക്കയറിയ വിഷ്ണു തമിഴ്‌നാട് ബോളര്‍മാരെ അടിച്ചു പറത്തി. മത്സരത്തില്‍ 26 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്‌സറുകളുടേയും സഹായത്തോടെ 65 റണ്‍സെടുത്തും, അഖില്‍ 4 പന്തില്‍ 9 റണ്‍സെടുത്തും പുറത്താകാതെ നിന്നു. അതേസമയം, 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്‌നാടിന് വേണ്ടി ഓപ്പണറായ ഹരി നിശാന്ത് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. സഹ ഓപ്പണറായ എന്‍ ജഗദീശന്‍ 7 റണ്‍സില്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ഹരി നിശാന്ത് തമിഴ്‌നാടിന് മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 58 ലെത്തിയപ്പോള്‍ 22 പന്തില്‍ 2 വീതം ബൗണ്ടറികളും, സിക്‌സറുകളുമടക്കം 32 റണ്‍സ് നേടിയ ഹരി നിശാന്ത് പുറത്തായി. അദ്ദേഹം പുറത്തായതിന് ശേഷം സായ് സുദര്‍ശന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. മറുവശത്ത് നായകന്‍ വിജയ് ശങ്കര്‍ ഉറച്ച പിന്തുണയും നല്‍കി.

31 പന്തില്‍ 7 ബൗണ്ടറികളുടെ സഹായത്തോടെ 46 റണ്‍സടിച്ച സുദര്‍ശന്‍ പതിമൂന്നാം ഓവറില്‍ പുറത്താകുമ്പോള്‍ തമിഴ്‌നാട് 115/3. ടീം സ്‌കോര്‍ 145 ലെത്തിയപ്പോള്‍ 33 റണ്‍സെടുത്ത വിജയ് ശങ്കറും പുറത്തായെങ്കിലും ഷാരൂഖ് ഖാനും, സഞ്ജയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ തമിഴ്‌നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. സഞ്ജയ് 22 പന്തില്‍ 32 റണ്‍സ് നേടി പുറത്തായപ്പോള്‍, ഷാരൂഖ് ഖാന്‍ 9 പന്തില്‍ 19 റണ്‍സുമായും, മുഹമ്മദ് ഒരു പന്തില്‍ 6 റണ്‍സുമായും മത്സരത്തില്‍ പുറത്താകാതെ നിന്നു. ശനിയാഴ്ച നടക്കുന്ന സെമിയില്‍ തമിഴ്‌നാട് ഹൈദരാബാദിനേയും വിദര്‍ഭ കര്‍ണാടകയെയും നേരിടും.

പാകിസ്ഥാനെതിരെ യുഎന്‍ വേദിയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍വാങ്ങണമെന്നും, അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയുടെ നടപടികള്‍ തുടരുമെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് അറിയിച്ചു. രാജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ലൊരുബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നതു വരെ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികള്‍ ഇന്ത്യ തുടര്‍ന്നുകൊണ്ടേയിരിക്കുണ്ടെന്നും അവര്‍ പറഞ്ഞു.

പരസ്യമായി ഭീകരരെപിന്തുണക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്കുള്ള ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യമായി പാക്കിസ്ഥാനെ ആഗോള തലത്തില്‍തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ്: ആറാഴ്ച്ചകൾക്കുള്ളിൽ ദുബായ് എക്സ്പോ 2020 വേദിയിൽ സന്ദർശനം നടത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴ്ച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ 3,578,653 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായാണ് എക്സ്പോ അധികൃതർ അറിയിക്കുന്നത്.

കൊറിയൻ പോപ് ഗായകരുടെയും ലെബനീസ് സൂപ്പർ താരങ്ങളായ നാൻസി അജ്റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിൽ എക്സ്പോയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ചത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നവംബറിലെ ഓഫർ നിരവധി പേർ പ്രയോജനപ്പെടുത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഓഫർ ലഭ്യമാകുന്ന ഈ ടിക്കറ്റിന്റെ വില 45 ദിർഹമാണ്. ശനി, ഞായർ ദിവസങ്ങളിൽ 95 ദിർഹമാണ് എക്‌സ്‌പോയിലെ ടിക്കറ്റ് നിരക്ക്.

അതേസമയം ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 15.7 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം 15 കോടിക്ക് ലേലത്തിന് വെച്ച് യുകെ. ടിപ്പുവിന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വര്‍ണ കടുവാ തലകളിലൊന്നാണ് ലേലം ചെയ്യുന്നത്.

14,98,64,994 രൂപയാണ് ഇതിന്റെ മൂല്യം. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാന്‍ താല്‍ക്കാലിക കയറ്റുമതി നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിപ്പു സുല്‍ത്താന്റെ സ്വര്‍ണ കടുവാ തലക്ക് യുകെയില്‍ നിന്ന് തന്നെ പുതിയ ഉടമയെ തേടുകയാണ് അധികൃതര്‍. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങള്‍ക്കോ സ്വര്‍ണ കടുവയെ സ്വന്തമാക്കാനുള്ള സമയം അനുവദിക്കുന്നതിനാണ് താല്‍ക്കാലിക നിരോധനം. യുകെ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്‌സ്, വകുപ്പാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

പാരീസ്: യൂറോപ്പ്, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ ആശങ്ക വിതച്ച് പക്ഷിപ്പനി പടരുന്നു. ചൈനയില്‍ 21 പേരിലാണ് എച്ച് 5 എന് 6 പനി സ്ഥിരീകരിച്ചത്. രാജ്യത്തെ ഒരു ഫാമില്‍ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കി. ഈ മുന്ന് രാജ്യങ്ങളിലും സമീപ നാളുകളിലായി പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് പറഞ്ഞു.

യൂറോപ്പില്‍ നോര്വേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന് 1 പനി റോഗല്ലാന്‍ഡ് മേഖലയിലെ 7,000 പക്ഷികളില് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ ബെല്‍ജിയം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കി. ജപ്പാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലും രോഗം കണ്ടെത്തിയതായി ജപ്പാന്‍ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

പക്ഷിപ്പനിയെത്തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തില്‍ പൗള്‍ട്രി മേഖലയിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.