International (Page 171)

വാഷിംഗ്ടൺ: ഭൂമിയിലേക്ക് ഉൽക്ക പതിക്കാതിരിക്കാൻ വേണ്ടി പുതിയ പരീക്ഷണവുമായി നാസ. ഇതിനായി നാസയുടെ ഡാർട്ട് ബഹിരാകാശ പേടകമാണ് ശൂന്യാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. നവംബർ 24ന് രാവിലെ 11.50ന് കാലിഫോർണിയയിലെ വാൻഡർബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ഡാർട്ട് പുറപ്പെട്ടതെന്ന് നാസ വ്യക്തമാക്കി. ഭൂമിയിൽ നിന്ന് അധികം അകലെയല്ലാതെ സൂര്യനെ ചുറ്റുന്ന ദിദിമോസ് എന്ന ഛിന്നഗ്രഹമാണ് ഡാർട്ടിന്റെ ലക്ഷ്യം.

2022 സെപ്തംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ ഡാർട്ട് ദിദിമോസിന്റെ അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ദിദിമോസിന്റെ ചന്ദ്രനായ ഡൈമോർഫസിൽ ഡാർട്ട് പതിക്കും. ഭൂമിയിൽ ഇരുന്ന് സംഭവങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് സ്ഫോടനത്തിന്റെ ശക്തിയും ഡൈമോർഫസിന്റെ ഭ്രമണപഥത്തിലുണ്ടായ മാറ്റവും അറിയാൻ കഴിയും.

2022 സെപ്റ്റംബർ 26 നും ഒക്ടോബർ ഒന്നിനും ഇടയിൽ മണിക്കൂറിൽ 25000 കിലോമീറ്റർ വേഗത്തിലായിരിക്കും ഡാർട്ട് ഡൈമോർഫസിൽ ഇടിച്ചിറങ്ങുന്നത്. നിലവിൽ 12 മണിക്കൂർ സമയമെടുത്താണ് ഡൈമോർഫസ് ദിദിമോസിനെ ചുറ്റുന്നത്. സ്ഫോടനത്തോടെ 73 സെക്കൻഡ് വ്യത്യാസമുണ്ടാവുമെന്നും ഭ്രമണപഥത്തിൽ മാറ്റമുണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 32 കോടി യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് ക്യൂബ്സാറ്റ് എന്ന ടെലസ്‌കോപ്പിനെ ഡാർട്ട് സ്വതന്ത്രമാക്കിയിരിക്കും. ഇതിലൂടെയായിരിക്കും ഭൂമിയിൽ ഇരിക്കുന്ന ശാസ്ത്രജ്ഞർ സ്ഫോടനം നിരീക്ഷിക്കുക. ഭൂമിയിൽ നിന്ന് വളരെയധികം അകലെ സ്ഥിതി ചെയ്യുന്ന ഡൈമോർഫസിൽ സ്ഫോടനം നടന്നാൽ അത് ഭൂമിക്ക് ഭീഷണിയായി മാറില്ലെന്നാണ് നാസയുടെ വിലയിരുത്തൽ.

ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് ലാബോറട്ടിയിലെ ഗവേഷകനായ ആൻഡി റെവ്ക്കിനാണ് ഡാർട്ട് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

പാരിസ്: ഫ്രാൻസിനും ഇംഗ്ലണ്ടിനുമിടയിലുളള ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 27 ആയി. ഫ്രാൻസിലെ കലായി തുറമുഖത്തിന് വടക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. 31 പേർ മരിച്ചുവെന്നാണ് നേരത്തെ ഫ്രാൻസ് അറിയിച്ചിരുന്നത്. പിന്നീട് ഇത് 27 എണ്ണമായി തിരുത്തുകയായിരുന്നു. ഇംഗ്ലീഷ് ചാനലിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാർക്കാൻ ശ്രമിച്ചവർക്കാണ് അപകടം ഉണ്ടായത്.

ഫ്രഞ്ച് നാവികസേനയുടെ പട്രോളിംഗ് വിഭാഗമാണ് പ്രദേശത്ത് ഒഴിഞ്ഞ ഡിങ്കി കാണ്ടത്. സമീപത്തായി ചിലർ ബോധരഹിതരായി ഒഴുകി നടക്കുന്നതും ചില മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളുമായി ഫ്രഞ്ച് നാവിക സേന സ്ഥലത്ത് പരിശോധന നടത്തി അവശരായി കണ്ടെത്തിയവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ കളളക്കടത്തുകാർ കാരണമാണ് അഭയാർത്ഥികൾക്ക് ഇത്തരമൊരു ദുരന്തമുണ്ടായതെന്നാണ് ഫ്രഞ്ച് അധികൃതരുടെ ആരോപണം. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ അഭയാർത്ഥികളുടെ പ്രശ്നത്തിലെ കടുത്ത പ്രശ്നങ്ങൾക്കിടയിലാണ് ദുരന്തമുണ്ടായത്.

മരണമടഞ്ഞവരിൽ ഒരാൾ അഫ്ഗാൻ പ്രതിരോധ സേനയിലെ സൈനികനായിരുന്നു. ബ്രിട്ടീഷ് സേനയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുളള ഇയാൾ ബ്രിട്ടണിലേക്ക് കുടിയേറാനുളള ശ്രമം ബ്രിട്ടീഷ് ഭരണകൂടം അനുവദിക്കാതെ വന്നതോടെയാണ് അനധികൃതമായി കുടിയേറാൻ ശ്രമിച്ചതെന്നാണ് വിവരം.

ദുബായ്: കേരളത്തിലെ നിരാലംബരായ വനിതകൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാവൽ എന്ന സിനിമയെന്ന് നടൻ സുരേഷ് ഗോപി. വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ കേരളത്തിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി. കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവർക്ക് പ്രതീക്ഷകൾ നൽകും. കാവൽ ഏപ്രിലിൽ പൂർത്തിയാക്കി സെൻസറിങ്ങും കഴിഞ്ഞ് തീയറ്റർ തുറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. തീയറ്ററിൽ കാണേണ്ട സിനിമയാണിതെന്നും തീയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചിത്രം ആരും കാണില്ലെന്നും നിർമാതാവ് ജോബി ജോർജ് കഴിഞ്ഞ ജൂണിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തീയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്.

അതേസമയം കസബ’ എന്ന ചിത്രത്തിൽ നാം സാധാരണ ജീവിതത്തിൽ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ചുരുളിയിലെ സംഭാഷണങ്ങൾ വിവാദമായതിനെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ വ്യക്തമാക്കി.

തന്റെ രണ്ടാമത്തെ ചിത്രമായ കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും കാവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ 25 വ്യാഴാഴ്ച്ചയാണ് കാവൽ റിലീസ് ചെയ്യുന്നത്.

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ‘എംക്യു 9 ബി പ്രിഡേറ്റര്‍’ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിരീക്ഷണവും ആക്രമണവും ചേര്‍ന്ന് ‘ഹണ്ടര്‍ – കില്ലര്‍’ വിഭാഗത്തിലുള്ള ഡ്രോണ്‍ ആളൊരു കിടിലനാണ്. പാക്, ചൈന ഭീഷണികള്‍ നേരിടുകയാണ് ഇതിലൂടെ ഇന്ത്യയുടെ ലക്ഷ്യം. യുഎസുമായി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ഇടപാടുമാണിത്.

കഴിഞ്ഞ വര്‍ഷമാദ്യം അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡ്രോണ്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും നടത്തിയിരുന്നു. അതിനു പിന്നാലെയുള്ള തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഇടപാട് യാഥാര്‍ഥ്യത്തോടടുക്കുന്നത്. 22,500 കോടി രൂപയ്ക്ക് 30 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. കര, നാവിക, വ്യോമ സേനകള്‍ക്ക് 10 വീതം ഡ്രോണുകള്‍ ലഭ്യമാക്കും. കര, വ്യോമ സേനകള്‍ക്കുള്ള പ്രിഡേറ്റര്‍ ഡ്രോണുകളെ ‘സ്‌കൈ ഗാര്‍ഡിയന്‍’ എന്നാണു വിശേഷിപ്പിക്കുന്നത്.

ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന വേളയില്‍ ഡ്രോണുകളുടെ വരവ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്കു കരുത്തു പകരും. ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനു പുറമെ വേണ്ടിവന്നാല്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും അവയ്ക്കു സാധിക്കും. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിടാനും സാധിക്കും. ശത്രുമേഖലയിലേക്ക് ഇരച്ചുകയറി യുദ്ധവിമാനങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റിസ്‌ക് ഏറെയുണ്ട്. യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഇരയായാല്‍, വിമാന പൈലറ്റുമാര്‍ ശത്രുവിന്റെ പിടിയിലകപ്പെടാനോ വീരമൃത്യു വരിക്കാനോ ഉള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍, ആളില്ലാ പറക്കു വിമാനങ്ങളായ ഡ്രോണുകള്‍ക്ക് ആ പ്രശ്‌നമില്ല. താഴെയുള്ള കണ്‍ട്രോള്‍ സ്റ്റേഷനില്‍നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. സ്റ്റേഷനില്‍ നിന്ന് ആയിരക്കണക്കിനു കിലോമീറ്റര്‍ അകലേക്കു പറക്കാന്‍ അവയ്ക്കു സാധിക്കും. ശത്രുമേഖലയിലേക്ക് കയറുന്ന ഡ്രോണുകള്‍ അവിടെ നിന്നുള്ള തല്‍സമയ ദൃശ്യങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയ്ക്കും.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രിഡേറ്ററുകളുടെ സ്ഥാനം. ദീര്‍ഘ ദൂരം ഉയര്‍ന്നു പറക്കാന്‍ സാധിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യൂറന്‍സ് (ഹെയ്ല്‍) വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ഇതുപയോഗിച്ചിട്ടുണ്ട്. ശത്രുസേനയുടെ സായുധ ടാങ്കുകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ലേസര്‍ നിയന്ത്രിത മിസൈല്‍ ആണ് ഹെല്‍ഫയര്‍. നിലവില്‍ കരസേനയുടെ പക്കലുള്ള അപ്പാച്ചി ആക്രമണ ഹെലിക്കോപ്റ്ററുകള്‍ ഹെല്‍ഫയര്‍ മിസൈലുകള്‍ ഘടിപ്പിച്ചവയാണ്. പരമാവധി 40,000 അടി ഉയരത്തില്‍ 40 മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന ഡ്രോണുകള്‍ക്ക് ശത്രു മേഖലകള്‍ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങള്‍ നടത്താനാവും. യുദ്ധക്കപ്പലുകളെയും തകര്‍ക്കാനാവും. നിരീക്ഷണത്തിനായി അത്യാധുനിക ഇന്‍ഫ്രാറെഡ് സെന്‍സറുകളുണ്ട്. താഴെയുള്ള ‘ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലിരുന്ന് ഉപഗ്രഹ സിഗ്‌നലുകള്‍ വഴിയാണു ഡ്രോണുകളെ നിയന്ത്രിക്കുന്നത്.

കാബൂൾ: അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. അഫ്ഗാനിസ്താനിൽ സ്ത്രീകൾ ടി വി സീരിയലുകളിൽ അഭിനയിക്കുന്നത് താലിബാൻ വിലക്കേർപ്പെടുത്തി. താലിബാൻ ഭരണകൂടം പുതുതായി പുറത്തിറക്കിയ എട്ടു മാർഗനിർദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളിൽ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന വനിതാ മാദ്ധ്യമപ്രവർത്തകരും സ്ത്രീ അവതാരകരും നിർബന്ധമായും മുഖം മറയ്ക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.

സിനിമകളിലും നാടകങ്ങളിലും ഇനി സ്ത്രീ അഭിനേതാക്കളെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നെഞ്ച് മുതൽ കാൽമുട്ട് വരെ മറയ്ക്കാത്ത പുരുഷന്മാരെ ടിവി ചാനലുകൾ കാണിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപഹാസ്യ പരിപാടികൾ, അല്ലെങ്കിൽ കോമഡി, വിനോദം എന്നിവ കാണിക്കുന്നത് മതത്തെ അപമാനിക്കുന്നതും നിരോധിച്ചു. ‘അധാർമ്മികത’ തടയാനും ശരിഅത്ത് തത്വങ്ങൾക്ക് വിരുദ്ധമായ ദൃശ്യങ്ങൾ തടയാനുമാണ് പുതിയ നിയമങ്ങളെന്നാണ് താലിബാന്റെ വിശദീകരണം.

സ്ത്രീകൾ അഭിനയിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതോടെ ചാനൽ പരിപാടികളെല്ലാം പ്രതിസന്ധിയിലായി. പുതിയ മാർഗനിർദേശങ്ങളിൽ പലതും അവ്യക്തമാണെന്നാണ് ചാനൽ അധികാരികൾ പറയുന്നത്.

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പലായ ‘യാര ബിര്‍ക്ക്ലാന്‍ഡ്’ നോര്‍വേയില്‍ നിന്ന് യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം വേണ്ടി വരുന്ന 40,000 ഡീസല്‍ ട്രക്കുകളുടെ യാത്രക്ക് പകരമാവും ഈ കപ്പല്‍ യാത്ര. ഫോസില്‍ ഇന്ധനം ആവശ്യമില്ലാത്തതും കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ കടല്‍മാര്‍ഗ സഞ്ചാരത്തിലെ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

കപ്പലുകളിലെ മെഷീന്‍ റൂമിനു പകരം ഇതില്‍ ബാറ്ററി കംപാര്‍ട്‌മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്. നൂറ് ടെസ്ലകള്‍ക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 80 മീറ്റര്‍ ഉയരവും 3200 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. വീല്‍ഹൗസിനുള്ളില്‍ നിന്നുമാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്.

തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം 40,000 ഡീസല്‍ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റില്‍ നിന്ന് യാത്രതിരിക്കുന്നത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

വാഷിംഗ്ടണ്‍: അമേരിക്കയിലം വിസ്‌കോന്‍സിയില്‍ ക്രിസ്മസ് പരേഡിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി കുട്ടികളടക്കം ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രാദേശിക സമയം വൈകുന്നേരം 4.30നായിരുന്നു സംഭവം.

വൗകഷെ നഗരത്തിലെ ക്രിസ്മസ് പരേഡിനിടയിലേക്കാണ് കറുത്ത എസ്.യു.വി പാഞ്ഞുകയറിയത്. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച് കാര്‍ മുന്നോട്ടു നീങ്ങുന്നത് പറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. എന്നാല്‍, എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് എന്ന സ്ഥിരീകരണം വന്നിട്ടില്ല. ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു വിവരങ്ങള്‍ നല്‍കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

വാഷിംഗ്ടൺ: സമുദ്രത്തെ ശ്വാസം മുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കലവറ. സമുദ്രത്തിൽ അടിയുന്ന പ്ലാസ്റ്റികിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് സമുദ്ര സംരക്ഷണ സംഘടനയായ ഓഷ്യാന പുറത്തുവിട്ടിരിക്കുന്നത്. ഓഷ്യാനയുടെ കണക്കനുസരിച്ച് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 2,100 കോടി മുതൽ 3,400 കോടിയോളം വരുന്ന പ്ലാസ്റ്റിക്കുകളാണ് സമുദ്രത്തിൽ വന്നടിയുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും കാരണക്കാരെ കുറിച്ചും പലപ്പോഴും വ്യക്തമാകാറില്ല.

എന്നാൽ ഇപ്പോൾ ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ നേത്യത്വത്തിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ സമുദ്രത്തിലടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാരണക്കാരെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വോളണ്ടിയർമാരുടെ സഹായത്തോടെയാണ് ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മുക്തമായ ലക്ഷ്യമെന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്. സംഘടനയുടെ നാലാമത് വാർഷിക ഓഡിറ്റ് റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ വർഷം മാത്രം 11,000 െവോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏകദേശം 45 രാജ്യങ്ങളിൽ നിന്നുമായി 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംഘടന ശേഖരിച്ചത്. ഇതിൽ 58 ശതമാനവും പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സമുദ്രത്തിൽ നിന്നും ശേഖരിച്ച 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 20,000 എണ്ണവും കൊക്ക കോളയുടേതായിരുന്നു. ലോകമെമ്പാടും അഞ്ഞൂറോളം ഉത്പന്നങ്ങൾ കൊക്ക കോള പുറത്തിറക്കുന്നുണ്ട്. 2018 ൽ അവരുടെ തന്നെ കണക്കുകൾ പ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 11,700 കോടി പ്ലാസ്റ്റിക്ക് കുപ്പികളാണ് കൊക്ക കോള നിർമ്മിച്ചത്. 2018 ൽ കൊക്ക കോള ‘വേൾഡ് വിത്തൗട്ട് വേസ്റ്റ്’ എന്നൊരു കാമ്പയിൻ കൊണ്ടുവരുകയും 2030 വരെ കമ്പനി വിൽക്കുന്ന ഓരോ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്കിൾ ചെയ്തുപയോഗിക്കുമെന്ന് പ്രതിജ്ഞയും ചെയ്തിരുന്നു. എന്നാൽ സമുദ്രത്തിൽ നിന്നും ലഭിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊക്ക കോളുടെ പ്രതിജ്ഞകളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.

പരിസ്ഥിതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്ലാസ്റ്റികുകൾ പല കമ്പനികളിലും നിർമ്മിക്കുന്നുണ്ട്. പെപ്‌സികോ, യൂണിലെവർ, നെസ്ലേ, മോറിസ് ഇന്റർനാഷണൽ, മാർസ്, കോൾഗേറ്റ്-പാൽമൊലീവ് എന്നിവയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള കമ്പനികളാണ്. എല്ലാ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന വിർജിൻ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുമെന്നും 2030 ഓടെ 50 ശതമാനം റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിക്കുമെന്നും പെപ്‌സി അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കുക, കുപ്പികൾ റീഫിൽ ചെയ്യുക എന്നീ മാർഗങ്ങളിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമ്മാണം നിർത്തണമെന്ന ആവശ്യം പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ഉന്നയിച്ചിരുന്നു.

പ്ലാസ്റ്റിക് ഉപയോഗത്തിൽ ഇനിയും ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ അളവ് ഇരട്ടിയാകുമെന്നാണ് ഗ്ലോബർ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാൻ പൊതുജനങ്ങൾക്കും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉത്പന്നങ്ങൾ പൊതിയുമ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം പുനരുപയോഗിക്കാവുന്ന പാക്കിംഗ് രീതി അവലംബിക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു. കുപ്പികളിൽ വെള്ളം കുടിക്കുന്ന പതിവ് മാറ്റി ടാപ്പുകളെ ആശ്രയിക്കണം. ടാപ്പുകളുടെ ശുചിത്വത്തെ പറ്റി ആശങ്കയുണ്ടെങ്കിൽ നോൺ പ്ലാസ്റ്റിക് വാട്ടർ ഫിൽറ്റർ ഉപയോഗിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ അഭ്യർത്ഥിച്ചു.

covid

ലണ്ടൻ: കോവിഡ് വൈറസ് മഹാമാരിയുടെ ഡെൽറ്റാ വകഭേദത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. രോഗബാധിതരുടെ എണ്ണം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. യൂറോപ്പിൽ ഈ നിലയിൽ രോഗം പടരുകയാണെങ്കിൽ മാർച്ച് മാസത്തിനകം അഞ്ച് ലക്ഷം പേർ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്‌ളൂഗ് പറഞ്ഞു. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തിൽ ഉയരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ശൈത്യകാലം, ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം, വാക്സിൻ നൽകുന്നതിലെ അപര്യാപ്തത എന്നിവയാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ കാരണം. വാക്‌സിൻ കുത്തിവെയ്പ്പ് മാത്രമാണ് രോഗ വ്യാപനം കുറയ്ക്കാനുള്ള ഏകവഴി. അതേസമയം രോഗത്തെ നേരിടാൻ നെതർലാന്റ് ഭാഗികമായി ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഇതുവരെ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ തയ്യാറാകാത്തവർക്ക് ജർമ്മനി കൂടുതൽ നിബന്ധന ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജർമ്മനിയിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്താവർക്ക് റെസ്റ്റോറന്റുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. ചെക് റിപബ്ലിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏർപ്പെടുത്തി. പുതിയ നിബന്ധനകൾക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ യൂറോപ്യൻ നഗരങ്ങളായ നെതർലാന്റ്സിലെ റോട്ടർഡാം, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലും ഇറ്റലിയിലും ക്രൊയേഷ്യയിലും ജനങ്ങൾ പ്രതിഷേധിച്ചു.

ബീജിങ്: തായ്‌വാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ചൈന. തായ്‌വാനെതിരെ വ്യോമ, നാവിക ഉപരോധം, സൈബര്‍ ആക്രമണം, മിസൈല്‍ ആക്രമണം എന്നിവ നടത്തുന്നതിന് ആവശ്യമായ കഴിവുകള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇതിനകം നേടിയിട്ടുണ്ടെന്ന് യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎല്‍എയുടെ നിലവിലെ കടലും എയര്‍ലിഫ്റ്റ് ശേഷിയും കുറഞ്ഞത് 25,000 സൈനികരെയെങ്കിലും തായ്വാനില്‍ ലാന്‍ഡിംഗ് സേനയെ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിന് സൈനികമായോ രാഷ്ട്രീയമായോ ഇടപെടാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നെങ്കില്‍ ചൈന തായ്വാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. തായ്വാന്റെ കാര്യത്തില്‍ നിലവില്‍ തുടരുന്ന സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ഇടപെടരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. എന്നാല്‍, തായ്വാനെ വെച്ച് അമേരിക്ക കളിക്കുന്ന കളി തീക്കളിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും ആഞ്ഞടിച്ചു.

ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ സ്വന്തം പ്രവിശ്യായിട്ടാണ് ചൈന കണക്കാക്കുന്നത്. വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് ചൈനയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചൈന നടത്തുന്ന ഇടപെടലുകള്‍ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടിയതായി വൈറ്റ്ഹൗസ് അറിയിച്ചു. അതേസമയം, ചൈനയെ ചെറുക്കാന്‍ തായ്വാന്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ സഹായത്തോടെയാണ് തായ്വാന്‍ പുതിയ യുദ്ധവിമാനങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നത്. ‘മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണമെന്ന് ഷീ ജിന്‍പിംഗ് പറഞ്ഞു. അതേസമയം, സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ മറുപടിയും നല്‍കി.