ദുബായ്: ആറാഴ്ച്ചകൾക്കുള്ളിൽ ദുബായ് എക്സ്പോ 2020 വേദിയിൽ സന്ദർശനം നടത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴ്ച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ 3,578,653 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായാണ് എക്സ്പോ അധികൃതർ അറിയിക്കുന്നത്.
കൊറിയൻ പോപ് ഗായകരുടെയും ലെബനീസ് സൂപ്പർ താരങ്ങളായ നാൻസി അജ്റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിൽ എക്സ്പോയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ചത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നവംബറിലെ ഓഫർ നിരവധി പേർ പ്രയോജനപ്പെടുത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഓഫർ ലഭ്യമാകുന്ന ഈ ടിക്കറ്റിന്റെ വില 45 ദിർഹമാണ്. ശനി, ഞായർ ദിവസങ്ങളിൽ 95 ദിർഹമാണ് എക്സ്പോയിലെ ടിക്കറ്റ് നിരക്ക്.
അതേസമയം ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 15.7 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

